ഇടുക്കി- കാട്ടാന ശല്യംമൂലം കൃഷി ചെയ്യാന്‍ കഴിയാത്തതിന്റെ രോഷത്തില്‍ സ്വന്തം വാഴത്തോട്ടം വെട്ടി കാട്ടാനക്കും വനം വകുപ്പിനും സമര്‍പ്പിച്ച് കര്‍ഷകന്‍. അടിമാലി കുമ്പളുവേലില്‍ മനോജ് ആണ് കുലച്ചതുള്‍പ്പെടെ 50ലേറെ ഞാലി വാഴകള്‍ അടങ്ങിയ തോട്ടം വേദനയോടെ വെട്ടിമാറ്റിയത്.
പെരുമ്പന്‍കുത്തില്‍ മാസങ്ങളായി തുടരുകയാണ് കാട്ടാന ശല്യം.ഒട്ടേറെ കൃഷി ദേഹണ്ഡങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകള്‍ നശിപ്പിച്ചത്. ആനകളെ തടയാന്‍ മേഖലയില്‍ നിര്‍മിച്ചിട്ടുള്ള ട്രഞ്ച് 100 മീറ്റര്‍ കൂടി നീട്ടിയാല്‍ കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത് ഒരു പരിധിവരെ തടയാനാകും.
എന്നാല്‍ വനം വകുപ്പും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥയാണ് ആന ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് മനോജും മറ്റ് കര്‍ഷകരും ആരോപിക്കുന്നു. കൃഷിയിടത്തില്‍ എത്തുന്ന കാട്ടാനകള്‍ക്ക് ഏറ്റവും പ്രിയം വാഴയാണ്. ഇക്കാരണത്താല്‍ ആണ് കൃഷിയിടത്തിലെ വാഴകള്‍ വെട്ടി ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചതെന്ന് മനോജ് പറഞ്ഞു.






