ഇടുക്കി- വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിര്‍മ്മിച്ച എന്‍.സി.സിയുടെ എയര്‍സ്ട്രിപ്പില്‍ നടത്തിയ രണ്ടാം പരീക്ഷണ പറക്കലിലും വിമാനത്തിന് ഇറങ്ങാനായില്ല. മൂടല്‍മഞ്ഞും മണ്‍തിട്ടയുമാണ് എന്‍.സി.സിയുടെ ഏറ്റവും പുതിയ മോഡല്‍ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യു- 80 ന്റെ ലാന്‍ഡിംഗിന് തടസമായത്. എന്‍.സി.സി ഗ്രൂപ്പ് ക്യാപ്ടന്മാരായ ശ്രീനിവാസന്‍, വിനോദ് രാമചന്ദ്രന്‍ എന്നിവര്‍ പറത്തിയ വിമാനം ഇന്നലെ രാവിലെ 9.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 10.30നാണ് സത്രത്തിലെത്തിയത്. എന്നാല്‍ രണ്ട് റൗണ്ട് വട്ടമിട്ട് പറന്നെങ്കിലും മൂടല്‍മഞ്ഞ് കാരണം വിമാനം റണ്‍വേയിലിറക്കാനായില്ല.
ഏപ്രില്‍ എട്ടിന് നടത്തിയ ആദ്യ പരീക്ഷണ പറക്കലില്‍ റണ്‍വേയുടെ നീളക്കുറവും എയര്‍സ്ട്രിപ്പിന്റെ അറ്റത്തെ മണ്‍തിട്ടയും കാരണം വിമാനമിറക്കാനായിരുന്നില്ല. അന്ന് 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് പി.ഡബ്ല്യ.ഡി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും മണ്‍തിട്ട പൂര്‍ണമായും നീക്കിയില്ല. കരാറുകാരനും വകുപ്പും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ അറിയിച്ചു. മണ്‍തിട്ട 90 ശതമാനം നീക്കിയെന്നും എത്രയും വേഗം ബാക്കി പണികള്‍ കൂടി തീര്‍ക്കുമെന്നുമാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ വിശദീകരണം. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് എയര്‍സ്ട്രിപ്പില്‍ ഉടന്‍ തന്നെ വിമാനമിറക്കുമെന്ന് എന്‍.സി.സി അധികൃതരും അറിയിച്ചു. എയര്‍സ്ട്രിപ്പിന്റെ ഇതുവരെയുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്സ് വിഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നത്.






