കണ്ണൂര്‍ - സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റിയ തീരുമാനം മുഖ്യമന്ത്രിയുടേതാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്.
വിജിലന്‍സ് മേധാവി സ്ഥാനത്ത്‌നിന്ന് എം.ആര്‍. അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സ്വപ്ന സുരേഷിന്റെ ആരോപണവും എം.ആര്‍ അജിത് കുമാറിന്റെ സ്ഥാനമാറ്റവും രണ്ടാണ്. അത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മുഖ്യമന്ത്രി ചെയ്യുന്നതാണ്. കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നത് പോലെയല്ല കേരള സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളോടുള്ള നിലപാട്. അതും ഇതും തമ്മില്‍ ഒരു താരതമ്യവുമില്ല. അറസ്റ്റ് ചെയ്യുന്നതിന്റെ ന്യായീകരണം എന്നോട് ചോദിച്ചിട്ട് കാര്യമില്ല .
ഗൂഢാലോചനയെ കോടിയേരി പറഞ്ഞത് പോലെ ജനങ്ങളെ അണിനിരത്തി നേരിടും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് പറഞ്ഞിട്ടും വന്നല്ലോ. സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്നോട് ചോദിച്ചിട്ട് എന്താണ് കാര്യം? ആവശ്യം ഉണ്ടായത് കൊണ്ടാകും കസ്റ്റഡിയിലെടുത്തത്. ഇവരൊക്കെ എത്ര കേസുകളിലാണ് ഉള്ളത്? എന്തെങ്കിലും കാര്യമില്ലാതെ നടപടിയെടുക്കില്ലല്ലോ- ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.