തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പോലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്‌ക്ക് ധരിച്ച് എത്തിയവരോട് അത് ഊരിമാറ്റാന്‍ കോട്ടയത്തെയും എറണാകുളത്തെയും പരിപാടികളില്‍ നിര്‍ദേശമുണ്ടായിരുന്നു.
ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക്ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത പരന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു. കറുത്ത മാസ്‌ക്കിന് വിലക്ക് ഇല്ലെന്നും പോലീസിനോട് ഇത് പരിശോധിക്കാനോ പിടികൂടാനോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ സംഘാടകര്‍ തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്‌ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്‌ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകക്ക് നല്‍കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്‌ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്‌ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു.