തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരേ എ.എ. റഹീം എം.പി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പൊളിഞ്ഞ് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. എന്നാല്‍ അത് മറവിരോഗമാണെന്നും പണ്ട് തോക്കേന്തിയ കമാന്‍ഡോപടയുമായി നാട് ഭരിച്ച ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സംഭവം ഓര്‍മ്മിപ്പിച്ച് റഹീം പറഞ്ഞു. പഴയ വാര്‍ത്തയുടെ വീഡിയോ സഹിതം പങ്കുവെച്ചാണ് എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഇടതുമുന്നണി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കിയ കാലത്താണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചത്. അന്ന് കേരള പോലീസിലെ പ്രത്യേക പരിശീലനം നേടിയ കമാന്‍ഡോകളാണ് ഉമ്മന്‍ചാണ്ടിക്ക് സുരക്ഷ ഒരുക്കിയത്. തോക്കേന്തിയ 15 കമാന്‍ഡോകളാണ് ഒരേ സമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ അന്ന് രംഗത്ത് ഉണ്ടായിരുന്നത്.