പ്രാദേശിക സമരങ്ങൾ വിജയിച്ചുവോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാണ്. പല സമരങ്ങളും ഒറ്റയടിക്ക് ലക്ഷ്യം നേടണമെന്നില്ല. കേരളത്തിൽ നടന്ന ശക്തമായ സമരങ്ങൾ പലതും, പുന്നപ്ര, വയലാർ, കയ്യൂർ കരിവെള്ളൂർ അടക്കം പരാജയമായിരുന്നു. എങ്കിലും അത് സൃഷ്ടിച്ച സ്വാധീനം വലിയ മാറ്റങ്ങൾക്കു വഴിവെച്ചു. കേരളത്തിൽ നടന്ന നൂറുകണക്കിന് ജനകീയ സമരങ്ങൾ നിർണായക ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഭരണാധികാര പ്രയോഗത്തിൽ പാർട്ടികൾ തമ്മിൽ ഉണ്ടെന്നു പറഞ്ഞിരുന്ന വ്യത്യാസങ്ങളുടെ രേഖ ഇന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന് പറയാം. എല്ലാ സർക്കാരുകളും ഇന്ന് മൂലധന സൗഹൃദമാകാൻ മത്സരിക്കുകയാണ്. വിദേശ കുത്തകകളിൽനിന്നും അത് കൊണ്ടുവരാൻ മുഖ്യമന്ത്രിയടക്കം എല്ലാവരും പാഞ്ഞു നടക്കുകയാണ്. ഇത് പ്രകൃതി നിയമങ്ങൾക്കെതിരാണ് എന്നതുപോലെ അടിസ്ഥാന മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനും എതിരാണ്.
മൂലധനം ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തിൽനിന്നുള്ള മിച്ചമൂല്യമെന്ന സിദ്ധാന്തം വഴിയാണെന്നാണല്ലോ മാർക്സിസ്റ്റുകാർ മനസ്സിലാക്കുന്നത്. ഇന്ന് ധനമൂലധനമിറക്കി വ്യവസായങ്ങളിൽ ലാഭമുണ്ടാക്കുന്നത് തൊഴിലാളിയുടെ അധ്വാനത്തിൽനിന്നു ലഭിക്കുന്ന മിച്ചമൂല്യം വഴിയല്ല. മറിച്ച് വരുംതലമുറകൾക്കു കൂടി അവകാശപ്പെട്ട പ്രകൃതി വിഭവങ്ങളുടെയും പൊതു ആസ്തികളുടെയും കൊള്ള വഴിയാണ്. മാവൂർ റയോൺസ് ഉയർന്ന ലാഭമുണ്ടാക്കിയത് തൊഴിലാളികളുടെ പ്രവർത്തനക്ഷമത കൊണ്ടല്ല, മറിച്ച് നിസ്സാരമായ വിലയ്ക്ക് മരങ്ങൾ ലഭിച്ചതിനാലായിരുന്നു. ഓരോ ദിവസവും ചാലിയാറിൽനിന്നു ലക്ഷക്കണക്കിന് ലിറ്റർ ജലമെടുത്ത് മലിനമാക്കി തിരിച്ചുവിടാൻ ഒരു പൈസ പോലും കമ്പനി മുടക്കിയില്ല. പുഴയിൽ നിന്ന് കുടിവെള്ളം കിട്ടിയിരുന്നവർക്ക് അതു കിട്ടാതായി. അവർ വെള്ളത്തിന് അധിക പണം മുടക്കേണ്ടി വന്നു. മീൻ പിടിച്ചും കക്ക വാരിയും ജീവിച്ചിരുന്നവർക്ക് തൊഴിലും വരുമാനവും തീരവാസികൾക്ക് ആരോഗ്യവും നഷ്ടമായി. വാഴക്കാട് ഗ്രാമത്തിലേക്ക് എത്തിയ വിഷക്കാറ്റ് അവിടെ കാൻസർ അടക്കമുള്ള രോഗങ്ങൾ കൊണ്ടുവന്നു. മുളക്കും വെള്ളത്തിനും വായുവിനും ആദിവാസികൾക്കും തീരവാസികൾക്കും കമ്പനി മൂലമുണ്ടായ ഭീമമായ നഷ്ടം കമ്പനിയുടെ കണക്ക് പുസ്തകത്തിനു പുറത്ത് നിർത്തുന്നതു മൂലമാണ് റയോൺസ് ലാഭത്തിലാകുന്നത്. അതായത് ഇവരുടെ ലാഭമെന്നത് പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന നഷ്ടത്തിൽ നിന്നാണ്.
ഇങ്ങനെ കിട്ടുന്ന കൊള്ളലാഭത്തിന്റെ ഒരു പങ്ക് തൊഴിലാളിക്കും അവരെ നയിക്കുന്ന യൂനിയനുകൾക്കും അതിനെ പിന്തുണക്കുന്ന കക്ഷികൾക്കും നൽകുന്നതിനാൽ പാർട്ടികളും യൂനിയനുകളും ഇതിനെ വികസനമായി കാണുന്നു. തങ്ങൾക്കുണ്ടാകുന്ന വിനാശത്തിനെതിരെ ജനങ്ങൾ ശബ്ദമുയർത്തിയാൽ അതിനെ വികസന വിരുദ്ധതയായി ഇവരും ഇരകളല്ലാത്ത പൊതുസമൂഹവും കാണുന്നു. ഈ വിഭവക്കൊള്ളയുടെ പുറത്താണ് യൂനിയനുകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നിലനിൽപ് എന്ന് നമുക്കു കാണാം.
ഈ ഉദാഹരണം ഒറ്റപ്പെട്ടതല്ല. വലിയ തോതിൽ വായുവും വെള്ളവും മണ്ണും മലിനീകരിക്കുന്ന ഒട്ടുമിക്ക വ്യവസായങ്ങൾക്കും ബാധകമാണ്. 250 രാസ വ്യവസായ ശാലകൾ മലിനമാക്കുന്ന പെരിയാർ, കാതിക്കുടം നിറ്റാ ജലാറ്റിൻ മലിനീകരിക്കുന്ന ചാലക്കുടിപ്പുഴ, ന്യൂസ് പ്രിന്റ് കമ്പനി മലിനീകരിക്കുന്ന മൂവാറ്റുപുഴയാർ, കെ.എം.എം.എൽ മലിനീകരിക്കുന്ന ചവറ ശങ്കരമംഗലം, പ്ലാച്ചിമടയിലെ കൊക്കകോള, മറ്റു നിരവധി ചെറുതും വലുതുമായ വ്യവസായങ്ങൾ ഈ പട്ടികയിൽ വരുന്നു. ഇന്ന് നാടാകെ വ്യാപിച്ചിരിക്കുന്ന ഖനന വിരുദ്ധ സമരങ്ങളെയും ഈ രീതിയിൽ വിലയിരുത്താം.
ആലപ്പാട് എന്ന ഒരു ഗ്രാമത്തിന്റെ 90 ശതമാനവും ഇതിനകം തന്നെ കടലെടുത്ത് പോയത് അധികൃതർ കാണാതിരിക്കുന്നത് അവിടെ നടക്കുന്ന കൊള്ളമുതലിന്റെ പങ്ക് കിട്ടുന്നതിനാലാണ്. ഇവയെല്ലാം കേവലം പണത്തിന്റെ കണക്കിൽ എടുത്താൽ പോലും സമൂഹത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണെന്നു കാണാം. ഒരു മല തുരന്ന് ഇല്ലാതാക്കുമ്പോൾ ആ പ്രദേശത്തുള്ള ജല ലഭ്യതയും ജൈവ വൈവിധ്യവും കൃഷിയും സൂക്ഷ്മ കാലാവസ്ഥയുമെല്ലാം തകരാറിലാകുന്നു. ഇതുണ്ടാക്കുന്ന ദീർഘകാല നഷ്ടം രൂപയിൽ തന്നെ കണക്കാക്കിയാൽ പാറ, മണ്ണ്, മണൽ ഖനനത്തിൽനിന്നു ഇപ്പോൾ കിട്ടുന്ന പണം വളരെ തുഛമാണ്. നെൽവയലും തണ്ണീർതടങ്ങളും നികത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന റിയൽ എസ്റ്റേറ്റ് മൂല്യത്തിന്റെ പല മടങ്ങാണ് അത് പ്രകൃതിക്കു നൽകുന്ന സേവനങ്ങളുടെ മൂല്യം. വൻകിട അണക്കെട്ടുകൾ നിർമിച്ചുണ്ടാക്കുന്ന ജലവൈദ്യുതി വില കുറഞ്ഞതാണെന്ന് പറയുന്നതും ഇതേ യുക്തി വെച്ചാണ്. അണക്കെട്ട് മുക്കിക്കളയുന്നതും നശിപ്പിക്കുന്നതുമായ വനം, കുടിയൊഴിക്കുന്ന ആദിവാസി ജനതയുടെ ദുരനുഭവങ്ങൾ, അണക്കെട്ടിനു താഴെ ഏറെ ദൂരത്തേക്ക് പുഴയില്ലാതാക്കുന്നത് മൂലം മത്സ്യങ്ങൾക്കും കരയിലെ ജീവികൾക്കും സസ്യങ്ങൾക്കും മനുഷ്യർക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ തുടങ്ങിയവയുടെ മൂല്യങ്ങൾ പരിഗണിക്കപ്പെടുന്നതേയില്ല.
ഏറെ പ്രകീർത്തിക്കപ്പെടുന്ന നെടുമ്പാശ്ശേരി സിയാൽ മാതൃക എത്ര കൊടിയ വഞ്ചനയായിരുന്നു എന്ന് ഇന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല. തുഛവിലക്ക് സർക്കാർ സംവിധാനം പ്രയോഗിച്ച് ജനങ്ങളിൽനിന്നു ഏറ്റെടുത്ത ഭൂമി ഇപ്പോൾ സ്വകാര്യ മേഖലയുടെ കൈയിലാണ്. ആ ഭൂമി കമ്പോള വിലയ്ക്ക് മറിച്ചു വിറ്റ് സിയാൽ ലാഭമുണ്ടാക്കുന്നതാണ് ഇടതുപക്ഷത്തിനു തന്നെ മാതൃകാ വികസനമാകുന്നത്. ഇതു തന്നെ കണ്ണൂർ വിമാനത്താവളം, വല്ലാർപാടം, വിഴിഞ്ഞം ടെർമിനലുകൾ. സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, ഇപ്പോൾ നിർദേശിക്കപ്പെടുന്ന അതിവേഗ റെയിൽ, പല ബസ് സ്റ്റേഷനുകൾ, ദേശീയ പാത, ബി.ഒ.ടി, ഗെയിൽ വാതക പൈപ്പ് ലൈൻ തുടങ്ങിയവയെല്ലാം. മൂലമ്പിള്ളിയിൽ വല്ലാർപാടത്തിനായി നടത്തിയ കുടിയിറക്കലും അതിനെതിരായ പോരാട്ടങ്ങളും പൊതു സമൂഹത്തിന്റെ നിലപാടുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രാദേശിക സമരങ്ങളുടെ മുദ്രാവാക്യങ്ങൾ പൊതുസമൂഹത്തിനും മിക്കപ്പോഴും ബാധകമായവയാണ്. കേരള വികസന മാതൃകയെന്ന് ഏറെക്കാലം കൊട്ടിഘോഷിച്ചിരുന്നതിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയെന്ന ധർമം കൂടി ഈ സമരങ്ങൾ നിർവഹിക്കുന്നു. സമ്പൂർണ ഭൂപരിഷ്കരണം നടന്ന സംസ്ഥാനമെന്ന അവകാശവാദമാണ് ചെങ്ങറ, അരിപ്പ, തൊവേരി മല തുടങ്ങിയ സമരങ്ങളിലൂടെ തകർന്നു വീണത്. മൃതശരീരം അടുക്കളയിൽ കുഴിച്ചിടേണ്ടി വന്നപ്പോഴും അത് അവഗണിച്ച സർക്കാരുകൾക്ക് മുന്നിൽ സത്യം തുറന്നു കാട്ടുകയായിരുന്നു. ജലത്തിന്റെ ജൈവ രാഷ്ട്രീയം കേരളത്തെ ബോധ്യപ്പെടുത്തിയത് പ്ലാച്ചിമട സമരമാണ്. മാലിന്യത്തിന്റെ രാഷ്ട്രീയവും അതുപോലെ തന്നെ.
ജനകീയ സമരങ്ങളുടെ സംഘാടനവും നേതൃത്വവും നിലവിലുള്ള മാതൃകകളിൽ നിന്നു മിക്കപ്പോഴും വ്യത്യസ്തമാണ്. കാലഹരണപ്പെട്ടവയാണ് നിലവിലെ മാതൃകകൾ എന്ന് ഇവർ വിളിച്ചു പറയുന്നു. നിലവിലുള്ള പൊതു പ്രത്യയശാസ്ത്രങ്ങൾക്കു പകരം പുതിയ കാലത്തെ അറിവുകളും അനുഭവങ്ങളുമാണ് ഈ സമരങ്ങളുടെ പ്രേരണ. ഫെൻസസ് ആന്റ് വിൻഡോസ് എന്ന ഗ്രന്ഥത്തിൽ നവോമി ക്ലീൻ ഇതു സംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
സമരങ്ങൾ വിജയിച്ചുവോ ഇല്ലയോ എന്ന ചോദ്യം പലപ്പോഴും അപ്രസക്തമാണ്. പല സമരങ്ങളും ഒറ്റയടിക്ക് ലക്ഷ്യം നേടണമെന്നില്ല. കേരളത്തിൽ നടന്ന ശക്തമായ സമരങ്ങൾ പലതും (പുന്നപ്ര, വയലാർ, കയ്യൂർ കരിവെള്ളൂർ തുടങ്ങിയവ) പരാജയമായിരുന്നു. എങ്കിലും അത് സൃഷ്ടിച്ച സ്വാധീനം വലിയ മാറ്റങ്ങൾക്കു പിന്നീട് വഴിവെച്ചു. കേരളത്തിൽ നടന്ന നൂറുകണക്കിന് ജനകീയ സമരങ്ങൾ നമ്മുടെ ചരിത്രത്തിൽ നിർണായകമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയത്തെ സ്വാധീനിക്കാനും അവരുടെ നിലപാട് തിരുത്തിക്കാനും അത്തരം സമരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട, എൻഡോസൾഫാൻ, നെൽവയൽ, വനം, പുഴ, കായൽ തുടങ്ങിയവയുടെ സംരക്ഷണം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങൾ, ആദിവാസി ഭൂമി, ദളിത് സമൂഹത്തിനു ഭൂമിയിലുള്ള അവകാശം (ഭാഗികമായെങ്കിലും), കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നയങ്ങൾ, മാലിന്യം, കാലാവസ്ഥ മാറ്റം, സ്ത്രീപുരുഷ ബന്ധങ്ങൾ, ട്രാൻസ്ജെൻഡർ പോലുള്ള വിഷയങ്ങൾ എന്നിങ്ങനെ പലതും മുഖ്യധാരയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് ഈ സമരങ്ങളുടെ നേട്ടങ്ങളാണ്. ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ വിഷയങ്ങൾ മുഖ്യധാര കേരളീയ സമൂഹം ചർച്ച ചെയ്യാൻ തന്നെ സാധ്യതയില്ല. ആ അർഥത്തിൽ മിക്ക സമരങ്ങളും വിജയം തന്നെയാണ്.
(ഐ. ഗോപിനാഥ് എഴുതി ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിനെഴുതിയ അവതാരികയുടെ സംക്ഷിപ്ത രൂപം)






