റിയാദ് - വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ മുക്കാല്‍ ലക്ഷത്തോളം നിയമലംഘകര്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ പിടിയിലായ ഇഖാമ, തൊഴില്‍ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരും അടക്കം 74,729 നിയമ ലംഘകരാണ് ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നത്. ഇക്കൂട്ടത്തില്‍ 71,260 പേര്‍ പുരുഷന്മാരും 3,469 പേര്‍ വനിതകളുമാണ്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ജൂണ്‍ രണ്ടു മുതല്‍ എട്ടു വരെയുള്ള ഒരാഴ്ചക്കാലത്ത് വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 15,209 നിയമ ലംഘകര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 9,337 പേര്‍ ഇഖാമ നിയമ ലംഘകരും 3,996 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,876 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 186 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തില്‍ 40 ശതമാനം പേര്‍ യെമനികളും 49 ശതമാനം പേര്‍ എത്യോപ്യക്കാരും 11 ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.