റിയാദ് - ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനെയും സിറിയക്കാരനെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റിയാദില്‍ ബിനാമിയായ ഡെക്കറേഷന് വര്‍ക്ക്ഷോപ്പ് നടത്തിയ സിറിയക്കാരന് ബസ്സാം ഫാറൂഖ് ആരിഫ് അല്ബബീലി, സിറിയക്കാരന് ആവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്ത സൗദി പൗരന് ഫൈസല്‍ ബിന്‍ സാലിം അബ്ദുല്ല അല്തുലൈഹി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ബിനാമി സ്ഥാപനം അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്സ്യല്‍ രജിസ്ട്രേഷനും റദ്ദാക്കാനും വിധിയുണ്ട്. ഇതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് സൗദി പൗരന് കോടതി വിലക്കേര്‍പ്പെടുത്തി. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കാനും വിധിയുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.