റിയാദ് - വിമാന യാത്രക്കിടെ ലഗേജ് കേടാവുകയോ നഷ്ടപ്പെടുകയോ ലഗേജ് ലഭിക്കാന്‍ കാലതാമസം നേരിടുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞു. ലഗേജ് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ മിനിമം 1,700 റിയാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിലെ കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ ക്വാളിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദഹ്മശ് പറഞ്ഞു. ലഗേജ് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ ലഗേജിലെ കേടുപാടുകള്‍ക്കും ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും അനുസരിച്ച് 1,700 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കും. വിലപിടിച്ച വസ്തുക്കള്‍ സൂക്ഷിച്ചതിനാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം ലഭിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പായി ലഗേജിലെ വിലപിടിച്ച വസ്തുക്കളെയും അവയുടെ മൂല്യത്തെയും കുറിച്ച് വിമാന കമ്പനിയെ അറിയിക്കണം.
ആഭ്യന്തര സര്‍വീസില്‍ ലഗേജ് ലഭിക്കാന്‍ കാലതാമസം വരുന്ന ഓരോ ദിവസത്തിനും 104 റിയാല്‍ തോതില്‍ പരമാവധി 520 റിയാല്‍ വരെയും ഇന്റര്‍നാഷണല്‍ സര്‍വീസുകളില്‍ ഓരോ ദിവസത്തിനും 208 റിയാല്‍ തോതില്‍ പരമാവധി 1,040 റിയാലും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കാലതാമസം നേരിട്ട ലഗേജ് സ്വീകരിക്കുമ്പോഴാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ലഗേജ് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം തേടിയുള്ള അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് വിമാന കമ്പനി ബാധ്യസ്ഥമാണ്.
സീറ്റ് നിഷേധിക്കുകയോ ഓവര്‍ ബുക്കിംഗ് മൂലം സീറ്റ് ലഭിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരന് ബദല്‍ ടിക്കറ്റ് നല്‍കണം. യാത്രക്കാരന് ബദല്‍ ടിക്കറ്റ് നിരാകരിക്കുന്ന പക്ഷം 100 ശതമാനം നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടതെന്നും അബ്ദുല്‍ അസീസ് അല്‍ദഹ്മശ് പറഞ്ഞു.






