വിസിറ്റ് വിസ ഇന്‍ഷുറന്‍സ് പരമാവധി കവറേജ് ഒരു ലക്ഷം

റിയാദ് - വിസിറ്റ് വിസക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പ്രകാരം പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള കവറേജ് ആണ് ലഭിക്കുകയെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പറഞ്ഞു. വിസിറ്റ് വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇന്‍ജാസ് പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ച് വിസിറ്റ് വിസ ഇഷ്യു ചെയ്യാനുള്ള ഇന്‍ഷുറന്‍സ് പോളിസി നേടാന്‍ സാധിക്കും.
വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ വിസ എത്ര കാലത്തേക്കാണോ ദീര്‍ഘിപ്പിക്കുന്നതെങ്കില്‍ അത്രയും കാലത്തേക്കുള്ള പുതിയ ഇന്‍ഷുറന്‍സ് പോളിസി നേടല്‍ നിര്‍ബന്ധമാണ്. എമര്‍ജന്‍സി കേസുകളില്‍ പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള കവറേജ് ആണ് വിസിറ്റ് വിസ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം ലഭിക്കുക. പോളിസി കാലയളവില്‍ ഗര്‍ഭ, പ്രസവ ചെലവുകള്‍ക്ക് പരമാധി 5,000 റിയാല്‍ വരെ കവറേജ് ലഭിക്കും. വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ പുതിയ പോളിസി നേടിയ ശേഷം പോളിസി വിവരങ്ങള്‍ ബന്ധപ്പെട്ട സിസ്റ്റങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കില്‍ കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പരാതി നല്‍കാവുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു.
അതേസമയം, ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സന്ദര്‍ശകന്‍ എന്ന സ്റ്റാറ്റസ് തവക്കല്‍നാ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നതിന് അര്‍ഥം വിദേശത്തു നിന്ന് എത്തിയ സന്ദര്‍ശകന്റെ പക്കല്‍ കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസി ഇല്ല എന്നാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സന്ദര്‍ശകനെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പോലെയാണ് കൈകാര്യം ചെയ്യുകയെന്നും തവക്കല്‍നാ ആപ്പ് വ്യക്തമാക്കി.

 

Latest News