കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി, കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക്

കൊച്ചി- സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു സംസ്ഥാനമാകെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കനത്ത സുരക്ഷയില്‍. ജനം പെരുവഴിയിലായി. മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വഴികളിലുടനീളം വന്‍ പോലീസ് സന്നാഹമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പോലീസ് മര്‍ദിച്ചു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കിനും വിലക്കുണ്ട്.

കോട്ടയത്തെ പരിപാടിക്കു പിന്നാലെയാണു കൊച്ചിയിലും കറുത്ത മാസ്‌കിനു വിലക്കേര്‍പ്പെടുത്തിയത്. കൊച്ചിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോടു മാസ്‌ക് നീക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ട രണ്ടു വേദികളിലും അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസിലും പോലീസിന്റെ വന്‍ പടതന്നെയുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പോലീസ് നേരിട്ടാണു ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

 

Latest News