കാണാതായ രണ്ടര വയസുകാരനെ  അഞ്ചലിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തി 

കൊല്ലം- അഞ്ചല്‍ തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അന്‍സാരി- ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
കുട്ടിയെ കാണാതായതിനു പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിര്‍ത്തി വച്ച തിരച്ചില്‍ പുലര്‍ച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
 

Latest News