Sorry, you need to enable JavaScript to visit this website.

സ്വപ്ന ശബ്ദരേഖ പുറത്തുവിട്ടതിന്  പിന്നാലെ വിജിലന്‍സ് മേധാവിയെ മാറ്റി

തിരുവനന്തപുരം- എം.ആര്‍.അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. അജിത് കുമാറിനെ വിജിലന്‍സ് തലപ്പത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലായി. ഇതുപ്രകാരം ഐജി എച്ച്.വെങ്കിടേഷിനാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല. അതേസമയം, അജിത് കുമാറിനെ എവിടേക്കാണ് മാറ്റിയിരിക്കുന്നതെന്ന് ഈ ഉത്തരവിലില്ല.
ഗതാഗത കമ്മിഷണറായിരുന്ന എം.ആര്‍.അജിത് കുമാറിനെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് പോലീസ് തലപ്പത്തു നടത്തിയ അഴിച്ചുപണിയില്‍ വിജിലന്‍സ് മേധാവിയായി നിയമിച്ചത്. വിജിലന്‍സ് ഡയറക്ടറായിരുന്ന സുദേഷ് കുമാറിനെ ജയില്‍ ഡിജിപിയായി നിയമിച്ചതിനൊപ്പമാണ് അജിത് കുമാറിന് വിജിലന്‍സിന്റെ ചുമതല നല്‍കിയത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിജിലന്‍സ് തലപ്പത്തെ മാറ്റം. അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്.
 

Latest News