മക്കയില്‍ തീര്‍ഥാടകര്‍ക്ക് സൗജന്യ കുടിവെള്ള വിതരണവുമായി സന്നദ്ധസംഘം

മക്ക- ഹജിനെത്തുന്ന തീര്‍ഥാടകര്‍ക്കും മക്കയിലെ സന്ദര്‍ശകര്‍ക്കും കുടിവെള്ളം നല്‍കുന്ന പദ്ധതിയുമായി മക്ക മേഖലയിലെ വാട്ടര്‍ കമ്മിറ്റി. തണുത്ത ശുദ്ധവെള്ളമാണ് ഇവര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. അനാഥര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും മറ്റു സംരംഭങ്ങള്‍ക്കും ഇവര്‍ ജലവിതരണം നടത്തുന്നുണ്ട്.
നാലു സന്നദ്ധ സംഘങ്ങളും 152 സന്നദ്ധ സേവകരും എട്ടോളം സന്നദ്ധ സംരംഭങ്ങളുമാണ് പദ്ധതിക്ക് കീഴിലുള്ളത്. മക്കയിലെ റുസൈഫയില്‍ ഇതിനായി വാങ്ങിയ സ്ഥലത്ത് പത്ത് ദശലക്ഷം റിയാല്‍ ചെലവില്‍ ഒരു വാണിജ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിനായുള്ള ഒരുക്കത്തിലാണിവര്‍. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും ഹറം പള്ളിയിലെത്തുന്നവര്‍ക്കും വെള്ളം എത്തിക്കുന്ന പദ്ധതിക്കായാണ് മാറ്റിവെക്കുക.
ഇതിനകം നിരവധി ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി വെള്ളം വിതരണം ചെയ്യാന്‍ സാധിച്ചുവെന്നു മക്കയിലെ സിഖയാ ചാരിറ്റബിള്‍ അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയിദ് ബിന്‍ അബ്ദുല്ല ബിന്‍ ദിര്‍ഹം പറഞ്ഞു. അറഫയിലും മുസ്ദലിഫയിലും ഹാജിമാര്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലും 20 ലക്ഷം കുപ്പിവെള്ളം വിതരണം ചെയ്യാനാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News