ജയ്പൂര്‍- രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലെ രാജ്യസഭയിലേക്ക് ഒഴിവുള്ള 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് നാലിന് അവസാനിച്ചു. രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ഒരെണ്ണം ബി.ജെ.പി നേടി. രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് വിജയിച്ചത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് വേണ്ടി ഘനശ്യാം തിവാരി ഒരു സീറ്റ് നേടി.
വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെ, 'രഹസ്യ മാനദണ്ഡങ്ങള്‍' ലംഘിച്ചുവെന്നാരോപിച്ച് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ടുകള്‍ മാറ്റിവെച്ചത് ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ വൈകുന്നതിന് കാരണമായി. റിട്ടേണിംഗ് ഓഫീസര്‍ ന്യായമായ പോളിംഗ് നടത്തിയില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും സ്ഥാനാര്‍ത്ഥി കാര്‍ത്തികേയ ശര്‍മ്മയും പ്രതിഷേധിച്ചപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് 'പോളിംഗ് തികച്ചും ന്യായമായിരുന്നു എന്ന് പറഞ്ഞു.
15 സംസ്ഥാനങ്ങളിലായി ഉപരിസഭയിലെ 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ 11 സംസ്ഥാനങ്ങളിലെ വിവിധ പാര്‍ട്ടികളുടെ 41 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു.






