കാസര്‍കോട്- വ്യവസ്ഥാപിതമായ കുറ്റന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് വെല്ലുവിളിച്ച് ഭരണകൂട ഭീകരത സൃഷ്ടിച്ച് തന്റെയും കുടുംബത്തിന്റെയും പേരില്‍ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തില്‍നിന്ന് രക്ഷപ്പെടാന്‍ പിണറായി വിജയന്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും എന്തുവിലകൊടുത്തും ഇതിനെ നേരിടുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സൂചിപ്പിച്ചു. കേന്ദ്രവും കേരളവും പരസ്പരം കള്ളനും പോലീസും കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു. യു..ഡിഎഫ് ജില്ല കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, എം. അസ്സിനാര്‍, കെ.പി.സി.സി മെമ്പര്‍മാരായ പി.എ അഷ്റഫ് അലി, കെ.വി ഗംഗാധരന്‍, ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ സംബന്ധിച്ചു.






