മലപ്പുറം- കള്ളക്കടത്തു കേസിലെ ആരോപണവിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിരിയാണി ചെമ്പില്‍ മുഖ്യമന്ത്രി സ്വര്‍ണം കടത്തിയെന്ന സ്വപ്നയുടെ വാക്കുകളിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കേരള രാഷ്ട്രീയ ചരിത്രത്തിന് അപമാനമായി മാറിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് പറഞ്ഞു.
യാതൊരു വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഉന്നത പദവിയില്‍ നിയമിച്ച വ്യക്തിയാണ് സ്വപ്ന. മുഖ്യമന്ത്രിയുടെ ജീവാത്മാവും പരമാത്മാവുമായി പ്രവര്‍ത്തിച്ച ശിവശങ്കരന്‍ ഐ.എ.എസും അവരുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ട് മൂന്നാം ദിവസം ശിവശങ്കരനെ പുറത്താക്കേണ്ടിവന്നു. മുഖ്യമന്ത്രി വിദേശത്തേക്ക് പോവുന്ന സമയത്ത് പാര്‍സല്‍ കൊടുത്ത് വിട്ടെന്നും അതില്‍ കറന്‍സിയായിരുന്നെന്നും ഇപ്പോള്‍ 164 സ്‌റ്റേറ്റ്‌മെന്റ് സ്വപ്ന സുരേഷ് കൊടുത്തിട്ടുണ്ടങ്കില്‍ സമാനമായ 108 സ്‌റ്റേറ്റ്‌മെന്റ് കേന്ദ്ര ഏജന്‍സിക്ക് കൊടുത്തിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരും തമ്മില്‍ ഒത്തു കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഇ മുഹമ്മദ് കുഞ്ഞി,വി.എ കരീം,അഡ്വ ഫാത്തിമ റോഷ്‌ന,അഡ്വ നാസറുള്ള, പി.സി.എ നൂര്‍, കെ.എ അറഫാത്ത് എന്നിവര്‍ സംസാരിച്ചു.






