Sorry, you need to enable JavaScript to visit this website.

തിരിച്ചുപിടിക്കാം, നമ്മുടെ ഇന്ത്യയെ...

വെറുപ്പും വിദ്വേഷവുമല്ല, വൈവിധ്യവും വൈജാത്യവുമാണ് ഇന്ത്യ എന്ന ആശയത്തിന്റെ നിലനിൽപിന് ആധാരം. എന്നാൽ നമ്മുടെ രാഷ്ട്രീയം വെറുപ്പിന്റെ അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങിയിട്ട് ഏതാനും വർഷമായി. അപകടകരമായ നിലയിലേക്ക് അത് മാറിയിട്ടും മഹാമൗനികളായി തുടരുകയാണ് ഭരണകർത്താക്കൾ. ഇപ്പോഴത് ഇന്ത്യയെ ആഗോള നാണക്കേടിലേക്ക് നയിച്ചിരിക്കുന്നു. ഇന്ത്യയോടുള്ള രാജ്യാന്തര ജനതയുടെ ആദരവിലും സൗഹാർദത്തിലും കോട്ടം തട്ടിയിരിക്കുന്നു. ഉടൻ തിരുത്തേണ്ട വലിയ തെറ്റാണിതെന്ന് ഭരണകൂടം തിരിച്ചറിയണം.


വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖരായ മുൻ ഉന്നതോദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ട് രണ്ടു മാസം പോലുമായില്ല. ഇത്തരം ആവശ്യങ്ങൾക്ക് മേൽ എപ്പോഴും അടയിരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ബി.ജെ.പി നേതൃത്വവും ഇപ്പോൾ ചൂട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു. ചരിത്രത്തിലില്ലാത്ത വിധം ഇന്ത്യക്കെതിരെ ആഗോള തലത്തിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ് ചില ബി.ജെ.പി നേതാക്കളുടെ പക്വതയില്ലാത്ത വാക്കുകൾ. ഇത്രയും കാലം ഇത്തരം തീവ്രനിലപാടുകാർക്ക് ഒത്താശ ചെയ്തതിലെ അപകടം ഭരണകക്ഷി ഇനിയെങ്കിലും തിരിച്ചറിയുമോ, സംശയമാണ്.
കാരണം, അധികാരം നിലനിർത്താനും തുടരാനും ഇത് ആവശ്യമാണ്. ഇന്ത്യയുടെ രാഷ്ട്രീയം വെറുപ്പ് എന്ന അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഏറ്റവും കൂടുതൽ വെറുപ്പ് ഉൽപാദിപ്പിക്കുന്നവർ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്നവരായി മാറുമ്പോൾ ഇത് സ്വാഭാവികം. ഇന്ത്യയിൽ വർധിച്ചുവരുന്ന മതഭ്രാന്തിനെതിരെ അമേരിക്ക പലതവണയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ അതിനെ ശരിയായി വിലയിരുത്താൻ ശ്രമിക്കുന്നതിന് പകരം ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലെ ഇടപെടലായി വ്യാഖ്യാനിക്കാനാണ് നമ്മുടെ വിദേശകാര്യ മന്ത്രാലയം എപ്പോഴും ശ്രമിച്ചിട്ടുള്ളത്. യാഥാർഥ്യ ബോധത്തോടെയുള്ള സമീപനം നമുക്ക് കുറച്ചുകാലമായി അന്യമായിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുകൾ നേതൃത്വം നൽകുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 26 ന് കത്തെഴുതിയത് ചില്ലറക്കാരായിരുന്നില്ല. രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് അവരിൽ പലരും. ഇന്ത്യയുടെ പെരുമ സ്വദേശത്തും വിദേശത്തും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവർ. നാട് കൂപ്പുകുത്തുന്ന പതനത്തിന്റെ ആഴം കണ്ട് ഹൃദയ നൊമ്പരത്തോടെയാണ് അവർ മോഡിക്ക് കത്തെഴുതിയത്. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ. പിള്ള, മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, ദൽഹി മുൻ ലെഫ്. ഗവർണർ നജീബ് ജംഗ് തുടങ്ങി 108 പേരാണ് ആ കത്തിൽ ഒപ്പുവെച്ചത്. 
അവർ ഇങ്ങനെയൊക്കെയാണ് പറഞ്ഞത്: ഇത്രയും രൂക്ഷമായി സാധാരണ പ്രതികരിക്കേണ്ടി വരാറില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക പിതാക്കൾ രൂപം നൽകിയ ഭരണഘടന തകർക്കുന്നത് അതിവേഗത്തിൽ മുന്നേറുന്ന ഘട്ടത്തിൽ ഞങ്ങൾ പ്രതികരിക്കാൻ നിർബന്ധിതരാവുകയാണ്. ഇതിൽ ഞങ്ങളുടെ ആശങ്കയും രോഷവും പ്രകടിപ്പിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക്, വിശിഷ്യാ, മുസ്‌ലിംകൾക്കെതിരെ കുറച്ചു വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ആക്രമണങ്ങൾ കൂടിവരികയാണ്. അസം, ദൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഇത് പ്രകടമാണ്. ഇതിൽ ദൽഹിയൊഴികെ എല്ലായിടത്തും ബി.ജെ.പിയാണ് അധികാരത്തിൽ. ദൽഹിയിലാകട്ടെ, പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. ഇവിടെയെല്ലാം കാര്യങ്ങൾ അതീവ ഭയാനകമാണ്. മുമ്പില്ലാത്ത വിധം ഭീഷണമാണ് കാര്യങ്ങൾ. സവിശേഷമായ നമ്മുടെ സാമൂഹിക ഘടന അപകടത്തിലേക്ക് നീങ്ങുന്നു. മഹത്തായ സംസ്‌കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടന തന്നെ ഛിന്നഭിന്നമാകും വിധമാണ് കാര്യങ്ങൾ. ഈ വലിയ ഭീഷണിക്ക് മുന്നിലും അങ്ങ് മൗനിയാകുകയാണ്. ആസാദി കാ അമൃത് മഹോത്സവം നടക്കുന്ന ഈ വർഷം, ബി.ജെ.പി സർക്കാരുകൾ പിന്തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ എല്ലാ സ്വജനപക്ഷപാതിത്വത്തിനും അതീതമായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അവസാനിക്കുന്നത്. 
കൗതുകകരമായ വസ്തുത ഇതേ ദിവസം തന്നെ സുപ്രീം കോടതിയിൽനിന്ന് നിർണായകമായ ഒരു ഉത്തരവും ഇതുസംബന്ധിച്ച് പുറത്തു വന്നുവെന്നതാണ്. ഹിമാചൽ പ്രദേശിൽ നടന്ന ധർമ സംസദിനിടെ നടത്തിയ രൂക്ഷമായ വിദ്വേഷ പ്രസംഗങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പറഞ്ഞത്. വിദ്വേഷ പ്രസംഗം തടയുകയാണ് വേണ്ടതെന്നും നടന്നുകഴിഞ്ഞ് അന്വേഷണം നടത്തുകയല്ല വേണ്ടതെന്നും ശക്തമായ ഭാഷയിൽ ഹിമാചൽ സർക്കാരിനെ സുപ്രീം കോടതി ഓർമിപ്പിച്ചു. റൂർക്കിയിൽ നടക്കുന്ന ധർമസംസദിൽ വിദ്വേഷ പ്രസംഗങ്ങൾ തടഞ്ഞില്ലെങ്കിൽ ചീഫ് സെക്രട്ടറി ഉത്തരവാദി ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 
വെറുപ്പും വിദ്വേഷവും പരത്തുന്നവർക്കെതിരെ ഒരിക്കലും നിയമ നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കാൻ കാരണമെന്ന് അന്ന് സുപ്രീം കോടതി തുറന്നടിച്ചിട്ടും കൂസലില്ലാതെ ഇത്തരം വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളും തുടരുകയാണ് ബി.ജെ.പി നേതാക്കളും സംഘ്പരിവാർ അനുകൂലികളും ചെയ്തത്. അതിന്റെ പാരമ്യമായിരുന്നു ബി.ജെ.പി വക്താക്കളായ നൂപുർ ശർമയുടെയും നവീൻ ജിൻഡാലിന്റെയും വാക്കുകൾ. എന്നാൽ ഇന്ത്യൻ മുസ്‌ലിംകളെ വിട്ട്, ഇസ്‌ലാമിക ലോകം ആദരിക്കുന്ന മഹാവ്യക്തിത്വത്തെ തന്നെ തങ്ങളുടെ നാവുകൾക്ക് ഇരയാക്കാൻ അവർ ശ്രമിച്ചതോടെയാണ് ലോകം തന്നെ ഇന്ത്യക്ക് എതിരായത്. നമ്മുടെ രാജ്യത്തിന്റെ പരമ്പരാഗത സുഹൃത്തുക്കളാണ് ഗൾഫ്, അറബ് രാജ്യങ്ങൾ. അവരുമായി നമുക്കുള്ളത് ബില്യൺ കണക്കിന് ഡോളറിന്റെ വ്യാപാരമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ അവിടെ ജോലി ചെയ്ത് ജീവിക്കുന്നു. അവരിൽ ലോകത്തെ തന്നെ ഏറ്റവും വലിയ സമ്പന്നൻമാരുണ്ട്, സാധാരണക്കാരായ പാവപ്പെട്ടവരുമുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്ര അടുപ്പുകളിൽ തീ പുകയുന്നതിന് ഒരു പ്രധാന കാരണം, മരുഭൂക്കാറ്റിലും ചൂടിലും രക്തം വിയർപ്പാക്കുന്ന ഇന്ത്യക്കാരായ സാധാരണക്കാരാണ്. കൊടുക്കൽ വാങ്ങലിന്റേതായ ഈ സംസ്‌കാരത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു പ്രവാചകനിന്ദാ പരാമർശങ്ങൾ. 
ഇന്ത്യക്കെതിരെ വീണുകിട്ടുന്ന ഏത് ആയുധവും എടുത്തുപയോഗിക്കാൻ തക്കം പാർത്തിരിക്കുന്ന പാക്കിസ്ഥാനെപ്പോലെയുള്ള രാജ്യങ്ങൾ അവസരം മുതലാക്കാൻ ശ്രമിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഗൾഫ് രാജ്യങ്ങളിലുടനീളം കത്തിപ്പടർന്ന വികാരത്തിന് പിന്നിൽ പാക്കിസ്ഥാനോ മറ്റേതെങ്കിലും ശക്തികളോ ആണെന്ന് വ്യാഖ്യാനിക്കുന്നതും അങ്ങനെ ഈ അന്താരാഷ്ട്ര തിരിച്ചടിയെ ലഘൂകരിക്കുന്നതും പരിപൂർണ അബദ്ധമാണ്. മുതിർന്ന ഇന്ത്യൻ നയതന്ത്ര വിദഗ്ധർ പോലും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. ഏതാനും വർഷങ്ങളായി ഇന്ത്യയിൽ തുടരുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമണത്തിന്റെ തുടർച്ചയായി നടന്നതാണ് ഈ സംഭവമെന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. നേരത്തെ തന്നെ അമേരിക്കയും യൂറോപ്പും ഇത് മനസ്സിലാക്കുകയും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്. യൂറോപ്യൻ യൂനിയൻ പാർലമെന്റിൽ ഇതുസംബന്ധമായി വന്ന ഒരു പ്രമേയത്തെ ഇന്ത്യ പല്ലും നഖവും ഉപയോഗിച്ചാണ് എതിർത്തത്. ഒന്നിലധികം തവണ അമേരിക്ക പുറത്തുവിട്ട മതസ്വാതന്ത്ര്യ റിപ്പോർട്ടുകളെയും നമ്മൾ നിഷ്‌കരുണം തള്ളി. ഈ ലേഖനത്തിന്റെ ആദ്യത്തിൽ സൂചിപ്പിച്ച പോലെ പക്വമതികളും വിവേകശാലികളുമായ നമ്മുടെ നേതാക്കളും ഉദ്യോഗസ്ഥരും തന്നെ രാജ്യം പോകുന്ന അപകടത്തിന്റെ പാത ചൂണ്ടിക്കാട്ടി. എന്നാൽ ഭ്രാന്ത് മൂത്ത വർഗീയക്കോമരങ്ങൾക്ക് ഈ സൂചനകളൊന്നും മനസ്സിലാക്കാനായില്ല. അല്ലെങ്കിൽ, മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഹിന്ദുരാഷ്ട്ര രൂപീകരണത്തിന്റെ വക്കിലെത്തി നിൽക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നവർക്ക് അത്രവേഗം തിരിച്ചറിയാൻ കഴിയുന്നതുമല്ല ഇത്തരം കാര്യങ്ങൾ.
വൈവിധ്യത്തിലും വൈജാത്യത്തിലും സൗന്ദര്യം കണ്ടെത്തിയ മഹത്തായ സംസ്‌കാരമാണ് ഇന്ത്യയുടേത്. ഭാഷയും വേഷവും മതവും ആചാരങ്ങളുമെല്ലാം വിഭിന്നമായ ഒട്ടനേകം ജനതകളുടെ സമുച്ചയമായ ഇന്ത്യയെ ഒന്നായി നിലനിർത്തുന്നതു തന്നെ സഹിഷ്ണുതയിൽ അധിഷ്ഠിതമായ ഈ പാരമ്പര്യമാണ്. മഹാത്മജി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്ത്യയുടെ ഈ സഹിഷ്ണുതാ പാരമ്പര്യത്തെ മുറുകെപ്പിടിച്ചതാണ് ഇന്ത്യ എന്ന പ്രവിശാലമായ രാജ്യത്തിന്റെ നിലനിൽപിന് തന്നെ ആധാരമായത്. ഈ സംസ്‌കാരത്തെ കൈവിടുകയെന്നാൽ ഇന്ത്യ എന്ന ആശയത്തെ തന്നെ കൈവിടുകയാണ്. അപക്വമായ അത്തരമൊരു സമീപനം കൈക്കൊള്ളുന്നതിൽനിന്ന് ഇന്ത്യയെ ദൈവം തന്നെ രക്ഷിക്കട്ടെ എന്നേ ഇപ്പോൾ പറയാനാവുന്നുള്ളൂ. 
 

Latest News