Sorry, you need to enable JavaScript to visit this website.

ഗൾഫ് മേഖലയിൽ തൊഴിൽ,  നിക്ഷേപ സാധ്യതകൾ വർധിക്കുന്നു

ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വരുംനാളുകളിൽ സൗദി അറേബ്യയിലും യു.എ.ഇയിലും വൻ ഡിമാന്റായിരിക്കുമെന്നാണ് സൂചന.  വാണിജ്യ റിയൽ എസ്‌റ്റേറ്റ് സേവനങ്ങൾ നൽകുന്ന ആഗോള കമ്പനിയായ കോളിയേഴ്‌സിന്റെ വിലയിരുത്തലാണിത്. വരും വർഷങ്ങളിൽ സൗദിയിലും യു.എ.ഇയിലുമായി ഹോട്ടൽ മേഖലയിൽ മാത്രം ഏഴു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്.

 

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽക്കുകയാണോ? പലരുടെയും സംശയമാണ്. എന്നാൽ മങ്ങലേൽക്കുകയല്ല, പുതിയ തൊഴിൽ സാധ്യതകൾ അനുദിനം തുറക്കപ്പെടുകയാണ്. നിക്ഷേപ സാധ്യതകളും വളരുകയാണ്. വിദേശ നിക്ഷേപകർക്ക് ഒട്ടേറെ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. ഉൽപാദന മേഖലയിൽ മാത്രമല്ല, വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകളിലും സർവീസ് മേഖലകളിലും പുതിയ നിക്ഷേപാവസരങ്ങൾ നിരവധിയാണ്. സൗദി അറേബ്യയിൽ മാത്രം കഴിഞ്ഞ വർഷം എട്ടു ലക്ഷം തൊഴിൽ വിസകൾ അനുവദിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദേശികളായ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നഷ്ടപ്പെടുന്നതിനേക്കാളും പതിൻമടങ്ങ് സാധ്യതകൾ തുറക്കപ്പെടുന്നുവെന്നതാണ് യാഥാർഥ്യം. വരുംനാളുകളിൽ ഇതു തന്നെയാവും സ്ഥിതി. പുതുപുത്തൻ തൊഴിൽ സാധ്യതകൾ കൂടുതൽ ഉണ്ടാവും വിധമാണ് സൗദിയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും വികസനം നടക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത സൗദിയിലായിരിക്കും.
കഴിഞ്ഞ ഏപ്രിലിൽ സൗദിയിലെ വ്യവസായ മേഖലയിൽ മാത്രം വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 5934 പേരുടെ വർധനയാണ് രേഖപ്പെടുത്തിയതെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം വെളിപ്പെടുത്തി. ഏപ്രിലിൽ 72 വ്യവസായ പദ്ധതികൾക്കാണ് മന്ത്രാലയം പുതുതായി ലൈസൻസുകൾ അനുവദിച്ചത്. ഇതുവഴി രാജ്യത്തെത്തുന്നത് 523 കോടി റിയാലിന്റെ നിക്ഷേപമാണ്.  ഈ ലൈസൻസുകൾ അനുവദിച്ച വ്യവസായ പദ്ധതികളിലൂടെ 2366 പേർക്ക് തൊഴിൽ സാധ്യതകളും തുറക്കപ്പെടുകയാണ്. ഇതേ മാസം തന്നെ  59 ഫാക്ടറികൾ ഉൽപാദനം ആരംഭിച്ചതായും മന്ത്രാലയം പറയന്നു.  83.8 കോടി റിയാൽ നിക്ഷേപത്തോടെ ആരംഭിച്ച വ്യവസായ ശാലകളിൽ  2713 പേർക്കാണ് തൊഴിൽ ലഭിച്ചത്. സൗദിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും സ്ഥാപിത ഘട്ടത്തിലുമായി 10,561 വ്യവസായ സ്ഥാപനങ്ങളാണുള്ളത്. നിലവിലെ ഫാക്ടറികളിൽ  കൂടുതൽ നോൺമെറ്റാലിക് മിനറൽസ് മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. രണ്ടാം സ്ഥാനത്ത് പ്ലാസ്റ്റിക്, റബർ ഫാക്ടറികളാണ്.  1252 ഫുഡ്സ്റ്റഫ് ഫാക്ടറികൾ നിലവിലുണ്ടെങ്കിലും പുതുതായി ലൈസൻസുകൾ അനുവദിച്ചതിൽ കൂടുതലും  ഫുഡ്സ്റ്റഫ് ഫാക്ടറികൾക്കാണ്. ഈ രംഗത്ത് പരിചയ സമ്പന്നർക്ക് തൊഴിൽ സാധ്യതകൾ കൂടുമെന്നതിന്റെ സൂചന കൂടിയാണിത്.
ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വരുംനാളുകളിൽ സൗദി അറേബ്യയിലും യു.എ.ഇയിലും വൻ ഡിമാന്റായിരിക്കുമെന്നാണ് സൂചന.  വാണിജ്യ റിയൽ എസ്‌റ്റേറ്റ് സേവനങ്ങൾ നൽകുന്ന ആഗോള കമ്പനിയായ കോളിയേഴ്‌സിന്റെ വിലയിരുത്തലാണിത്. വരും വർഷങ്ങളിൽ സൗദിയിലും യു.എ.ഇയിലുമായി ഹോട്ടൽ മേഖലയിൽ മാത്രം ഏഴു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കോളിയേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഹോട്ടൽ, ടൂറിസം മേഖലയുടെ വളർച്ചയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഹോട്ടൽ മേഖലയിൽ 5.8 ശതമാനത്തിന്റെ വളർച്ചയാണ് കാണിക്കുന്നത്.
ഈ വർഷം വിദേശങ്ങളിൽനിന്ന് 1.2 കോടി വിനോദ സഞ്ചാരികളെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് ഇക്കഴിഞ്ഞ ദിവസം റിയാദിൽ പറഞ്ഞതിൽനിന്നു തന്നെ ഇതു വ്യക്തമാണ്. കഴിഞ്ഞ വർഷം 40 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു സൗദിയിലെത്തിയത്. 2030 ൽ 10 കോടി വിനോദ സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നു കോടി പേർ വിദേശങ്ങളിൽ നിന്നുള്ളവരും ശേഷിക്കുന്നവർ ആഭ്യന്തര ടൂറിസ്റ്റുകളുമാകും. 2030 ആകുമ്പോഴേക്കും 3.2 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം രാജ്യത്ത് സ്വകാര്യ മേഖലക്കുണ്ടാകുമെന്ന് പറഞ്ഞിട്ടുള്ളതിൽ ഏറെയും ടൂറിസം, ഹോസിപിറ്റാലിറ്റി മേഖലകളിലായിരിക്കുമെന്നാണ് സൂചന.

മധ്യപൗരസ്ത്യ രാജ്യങ്ങളിൽ സൗദി അറേബ്യയിലും യു.എ.ഇയിലും അതിവേഗമാണ് ടൂറിസം വളരുന്നതെന്നാണ് കോളിയേഴ്‌സിന്റെ റിപ്പോർട്ട്. പ്രതീക്ഷിക്കപ്പെടുന്ന ടൂറിസം വികസനം സാധ്യമായാൽ ഒരു ദശലക്ഷം ഹോട്ടൽ മുറികൾ ഈ രാജ്യങ്ങളിലുണ്ടാവും. 2026 ഓടെ മധ്യപൗരസ്ത്യ ദേശത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ 90,000 ലേറെ വിദഗ്ധരെ നിയമിക്കേണ്ടി വരുമെന്നും അതിൽ 82,000 പേരും ആവശ്യമായി വരിക സൗദിയിലും യു.എ.ഇയിലുമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽനിന്നു തന്നെ വരാൻ പോകുന്ന തൊഴിൽ സാധ്യതകൾ വ്യക്തമാണ്. ഇതിൽ പ്രാമുഖ്യം സ്വദേശി തൊഴിലാളികൾക്കു ലഭിച്ചേക്കാമെങ്കിലും വിദഗ്ധരുടെ വർധിച്ച ഡിമാന്റ് ഉണ്ടാവുമ്പോൾ സ്വാഭാവികമായും വിദേശികളുടെ സാധ്യതകളും വർധിപ്പിക്കും. മധ്യപൗരസ്ത്യ ദേശത്തെന്നല്ല, ലോകത്തു തന്നെ പലയിടങ്ങളിലും ഹോട്ടൽ, ഹേസ്പിറ്റാലിറ്റി മേഖലകളിൽ വളർച്ചയാണ് കാണിക്കുന്നത്. അപ്പോൾ ലോകത്തിന്റെ പലഭാഗത്തും തൊഴിൽ സാധ്യതകൾ തുറക്കപ്പെടുമെന്നതിനാൽ ഈ രംഗത്ത് വൈദഗ്ധ്യം നേടുന്നവർക്ക് അത് ഏറെ പ്രയോജനപ്പെടും.
സൗദി അറേബ്യ ലോകത്തെ വൻ ശക്തിയാവാനുള്ള കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിയോം സിറ്റിയിൽ രൂപമെടുക്കുന്ന വികസന പദ്ധതികൾ ലോകം ഇന്നുവരെ ദർശിക്കാത്ത വിധത്തിലും അത്യന്താധുനികവുമാണ്. 2030 വിഷൻ പദ്ധതിയിലൂടെ സൗദി ലോകത്തിലെ വൻ ശക്തിയായി മാറുമെന്ന് ഇൻവെസ്റ്റ്‌മെന്റ് മോണിറ്റർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. വിനോദ സഞ്ചാര മേഖലയിലെ ബിസിനസ് വർധിപ്പിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് ഹബ്ബാക്കി സൗദിയെ മാറ്റാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. അതുപോലെ ലോക കായിക മാമാങ്കങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങളും നടന്നു വരികയാണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷവും അവസരങ്ങളും നിലനിൽക്കുന്ന ലോകത്തെ ആദ്യ പത്ത് രാജ്യങ്ങളുടെ സൂചികയിൽ മിഡിൽ ഈസ്റ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് സൗദിക്കുള്ളത്. ലോക രാജ്യങ്ങളുടെ മൊത്തം സൂചികയിൽ സൗദിക്ക് പത്താം സ്ഥാനമാണ്. അന്താരാഷ്ട പാസ്‌പോർട്ട് സൂചിക പ്രകാരമാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും ബിസിനസ്, നിക്ഷേപ സൗകര്യങ്ങളും സൂചിക നിശ്ചയിക്കുമ്പോൾ പരിഗണിച്ചിരുന്നു. ഈ റിപ്പോർട്ടുകളിൽനിന്നു തന്നെ സൗദിയിലെ വരാൻ പോകുന്ന സാധ്യതകളും അവസരങ്ങളും വ്യക്തമാണ്. അതു പ്രയോജനപ്പെടുത്തുന്നതിനായിരിക്കണം സ്വദേശികളെപ്പോലെ വിദേശികളുടെയും ശ്രമങ്ങൾ.

Latest News