കര്‍ണാടകയില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

ബെംഗളൂരു- കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയായ മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൈസൂരു പെരിയപട്ടണയിലാണ് വീണ്ടുമൊരു ദുരഭിമാലക്കൊല കൂടി നടന്നത്. രണ്ടാം വര്‍ഷ പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ശാലിനിയെയാണ് പിതാവ് കൊല്ലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൊക്കലിഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് പെണ്‍കുട്ടിയുടെ കുടുംബം. മൂന്ന് വര്‍ഷമായി മെളഹള്ളി സ്വദേശിയായ ദളിത് യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആദ്യം യുവാവിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും അറിയിച്ചു. ഇതോടെ പോലീസ് പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോയി. 
തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും പറഞ്ഞതോടെ പിതാവ്  കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ കൊണ്ടിട്ടതായും പോലീസ് പറയുന്നു. 
 

Latest News