ന്യൂദൽഹി- പ്രവാചകനെ അവഹേളിച്ച സംഭവത്തിൽ പാഠം പഠിപ്പിക്കുമെന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉറപ്പു നൽകിയെന്ന പ്രസ്താവന പിൻവലിച്ച് ഇറാൻ. കഴഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ പ്രവാചകനെ അപകീർത്തിപ്പെടുത്തിയ വിഷയം ഉന്നയിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രസ്താവനയിൽനിന്ന് അജിത് ഡോവൽ ഉറപ്പു നൽകിയെന്ന ഭാഗം ഇറാൻ ഒഴിവാക്കിയിരിക്കുന്നത്.
ദൽഹിയിൽ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളുടെ ഒരു ഭാഗമാണ് ഔദ്യോഗിക വെബ്സൈറ്റിൽനിന്നു നീക്കിയത്.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി, അജിത് ഡോവലുമായി നടത്തിയ ചർച്ചയിലാണ് പ്രവാചകനിന്ദ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിച്ചതെന്നാണ് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യകെതിരെ കടുത്ത നിലപാട് സ്വീകരിച്ച രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടുന്നു.
ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ സ്വീകരിച്ച നടപടികളിൽ സന്തുഷ്ടരാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അറിയിച്ചതായും ഇറാൻ മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. മാത്രമല്ല, പ്രവാചകൻ മുഹമ്മദ് നബിയോടുള്ള ബഹുമാനത്തിനും മതപരമായ സഹിഷ്ണുതയ്ക്കും വിവിധ വിശ്വാസങ്ങൾ തമ്മിലുള്ള ചരിത്രപരമായ സഹവർത്തിത്വത്തിനും ഇന്ത്യൻ ജനതയെയും സർക്കാരിനെയും മന്ത്രി പ്രശംസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വ്യാപാര നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെ സഹകരണം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങളിലും ഇറാൻ വിദേശകാര്യ മന്ത്രി ഡോവലുമായി ചർച്ച നടത്തി. ബിജെപി മുൻ വക്താക്കൾ പ്രവാചകനെതിരെ നടത്തിയ പരാമർശങ്ങൾ അറബ് ലോകത്ത് പ്രതിഷേധമുയർത്തിയതിനുശേഷം ഇന്ത്യയിലെത്തുന്ന ആദ്യ ഇസ്‍ലാമിക രാജ്യ പ്രതിനിധിയാണ് ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ.