തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിന് മുകളിലാണ് കോവിഡ് രോഗികള്‍. ഇന്ന് 2415 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ പോലെ എറണാകുളത്ത് തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ഇന്ന് 796 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 368, കോട്ടയം 260, കോഴിക്കോട് 213 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍ കൂടുതലുള്ള മറ്റു ജില്ലകള്‍.
ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് സംസ്‌ഥാനങ്ങൾക്ക് കത്തയച്ചത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയുണ്ട്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം.
ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് 7240 ആയി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു.