ബ്രിട്ടീഷുകാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ് തലശ്ശേരി-മൈസൂർ പദ്ധതി. രണ്ടാം ലോക മഹായുദ്ധം വന്നില്ലായിരുന്നുവെങ്കിൽ ഇത് യാഥാർഥ്യമായേനേ. അവർ സർവേ നടത്തിയതുമാണ്. നാട്ടുകാരുടെ ഭരണം വന്നപ്പോഴാണ് എല്ലാ പ്രതീക്ഷകളും അസ്തമിച്ചത്. കെ.റെയിൽ പോലെ രണ്ടു ലക്ഷം കോടിയൊന്നും ഇതിന് ചെലവ് വരില്ല. അയ്യായിരം കോടി ചെലവിൽ നിർമിക്കാം. തലശ്ശേരിയിലാണെങ്കിൽ റെയിൽവേയുടെ പക്കൽ വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുമുണ്ട്. ജംഗ്ഷൻ പണിയാനൊന്നും ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. തലശ്ശേരിയിൽ നിന്നുള്ള പാത കൽപറ്റയിലെത്തിച്ച് ഭൂമിക്കടിയിലൂടെ വനമേഖലയെ ശല്യപ്പെടുത്താതെ നഞ്ചൻഗുഡിലെത്തിക്കാം. വേണമെങ്കിൽ നിലമ്പൂർ-നഞ്ചൻഗുഡ് പാതയും കൽപറ്റയിൽ വെച്ച് ഇതിനോട് കൂട്ടിച്ചേർക്കാം.
തൃക്കാക്കര തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ രാഷ്ട്രീയ ഭേദമെന്യേ മലയാളികൾ അതിരറ്റ് ആഹ്ലാദിച്ചു. യു.ഡി.എഫിലെ ഉമ തോമസ് കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളീയ സമൂഹത്തെ ആശങ്കയിലാഴ്ത്തിയ സിൽവർ ലൈൻ പദ്ധതിയുടെ ഹിതപരിശോധന കൂടിയായിരുന്നു തെരഞ്ഞെടുപ്പ്. എല്ലായിടത്തും വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്ന മഞ്ഞ കല്ലിടൽ പരിപാടി തെരഞ്ഞെടുപ്പു കാലത്ത് നിർത്തിവെച്ചിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും തൃക്കാക്കരക്കാരുണ്ട്. കോസ്‌മോപോളിറ്റൻ സ്വഭാവമുള്ള മണ്ഡലം. വർഗീയ, സാമുദായിക ചേരിതിരിവിനെയൊന്നും ഇവിടത്തെ വോട്ടർമാർ ഗൗനിക്കുന്നില്ലെന്ന് ഫലത്തിൽ നിന്ന് വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കാമ്പയിന്റെ ചുക്കാൻ പിടിച്ചിരുന്നത്. കുറ്റിയടിക്കൽ നിർത്തിവെച്ചിരുന്നുവെങ്കിലും പ്രചാരണം മൂർധന്യത്തിലെത്തിയ വേളയിൽ മുഖ്യമന്ത്രി വികസന കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. കെ.റെയിൽ എന്തു വന്നാലും നടപ്പാക്കുമെന്ന് അദ്ദേഹം സദാ പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ കൂടെ തൃക്കാക്കരക്കാർക്ക് പ്രത്യേകമായി ലഭിക്കുന്ന ചില ഗുണങ്ങളും പ്രതിപാദിക്കുകയുണ്ടായി. തൃക്കാക്കര അങ്ങാടിയിൽ മൂന്ന് തട്ടിലായിരിക്കും റെയിൽവേ സ്റ്റേഷനുകൾ പണിയുക. ഏറ്റവും താഴെ കൊച്ചി വാട്ടർ മെട്രോയുടെ സ്‌റ്റേഷൻ. തൊട്ടു മുകളിലെ തട്ടിൽ കൊച്ചി മെട്രോ. അതിനും മുകളിലായി സിൽവർ ലൈൻ സ്‌റ്റേഷൻ. മുഖ്യമന്ത്രി പദ്ധതി അനവാരണം ചെയ്തത് അങ്ങനെയാണ്. അതായത് തൃക്കാക്കര നിവാസികൾ വികസനം വന്നങ്ങ് വീർപ്പുമുട്ടും. എന്നാൽ തങ്ങൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് വോട്ടർമാർ തീരുമാനിക്കുകയായിരുന്നു. സാധാരണക്കാരുടെ വിയർപ്പു തുള്ളികളുടെ ഗന്ധമനുഭവപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ് കമ്യൂണിസ്റ്റ് കക്ഷികൾ. കണ്ണൂരിലെ ബീഡി തൊഴിലാളിയും പാലക്കാട്ടെ കർഷകനും ആലപ്പുഴയിലെ മീൻ പിടിത്തക്കാരനും കോഴിക്കോട്ടെ ഓട്ടോ റിക്ഷ ഓടിക്കുന്നവനുമൊക്കെയാണ് സാധാരണക്കാരുടെ പാർട്ടിയുടെ കരുത്ത്. വിമാനത്തിലെ യാത്രാ നിരക്കിൽ അതിവേഗ ട്രെയിനിൽ കാസർകോട്ട് നിന്ന് അനന്തപുരിയിലെത്തേണ്ട കാര്യമൊന്നും അവർക്കില്ല. വിപ്ലവ പാർട്ടി നേതാക്കൾ ബൂർഷ്വകളെ പോലെ ചിന്തിക്കുന്നത് ഏറ്റവും വിഷമിപ്പിക്കുക അടിസ്ഥാന വർഗത്തെയാണ്. ഇതെല്ലാം മുഖ്യമന്ത്രി പറയുന്നതാണെന്ന് വിശ്വസിക്കാനാവില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെ എടുത്തു പറയാവുന്ന ഒരു വികസന പദ്ധതിയും കഴിഞ്ഞ ആറ് വർഷത്തിനിടെ നടപ്പാക്കാനായില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കൊണ്ടാണല്ലോ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയും യാഥാർഥ്യമാക്കാൻ മുൻ സർക്കാരിന് സാധിച്ചത്. ഈ ഒരു കുറവ് നികത്താൻ പിണറായി സർക്കാർ നടപ്പാക്കാൻ പോകുന്ന ബൃഹദ് പദ്ധതിയാണ് മലയാളികൾക്ക് നെഞ്ചിലെ തീയായി മാറിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽപാത പണിയാനാണ് പദ്ധതി. തൃക്കാക്കര ഫലം വന്നപ്പോൾ എല്ലാവരും ആശ്വസിച്ചത് കെ.റെയിലും അടഞ്ഞ അധ്യായമായി മാറിയെന്നാണ്. ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിന്റെ ചീഫ് സെക്രട്ടറി പദ്ധതിയുടെ ഡി.പി.ആറിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്. തൃക്കാക്കര പോളിംഗിന്റെ ദിവസം ശ്രദ്ധേയമായ കാര്യം കേരള ഹൈക്കോടതിയിൽ അരങ്ങേറി. കേന്ദ്ര സർക്കാർ കെ.റെയിൽ സംബന്ധിച്ച നിലപാട് അറിയിച്ചതായിരുന്നു അത്. ഇതിന് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് സംശയത്തിനിട നൽകാതെ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തു. ഇലക്ഷൻ റിസൾട്ട് വന്നു ആദ്യ മൂന്ന് നാൾ എങ്ങും നിശ്ശബ്ദതയായിരുന്നു. പിന്നീട് പാർട്ടി സെക്രട്ടറി പറഞ്ഞു- കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ കെ.റെയിൽ നടപ്പാക്കും. അപ്പോൾ ഇതു വരെ അനുവാദമുണ്ടെന്ന് പറഞ്ഞതോ? ഏതായാലും വികസനം കൊണ്ടുവന്നേ അടങ്ങൂ എന്ന വാശി വിട്ടുമാറുന്ന ലക്ഷണമില്ല. ഗുജറാത്തിൽ പഠിക്കാൻ ആളെ വിട്ടും വി.ഡി. സതീശൻ പറഞ്ഞത് പോലെ ദൽഹിയിൽ ഇടനിലക്കാരെ വെച്ചും എങ്ങനെയെങ്കിലും നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതെല്ലാം കാട്ടിക്കൂട്ടുന്നത് സ്റ്റാൻഡേഡ് ഗേജിലുള്ള സ്റ്റാന്റ് എലോൺ പാതയ്ക്ക് വേണ്ടിയാണെന്നോർക്കുമ്പോഴാണ് സങ്കടം.
ആറ് കൊല്ലം ഭരിച്ചിട്ടും പിണറായി സർക്കാരിന് ഓർത്തെടുക്കാൻ ഒരു പദ്ധതി ഇല്ലാത്തതാണ് പ്രശ്‌നമെങ്കിൽ അതിന് വഴിയുണ്ട്. ഇ.കെ. നായനാരെ പോലെ വടക്കേ മലബാറിലെ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് (ധർമടമെന്ന തലശ്ശേരി നോർത്ത്) പിണറായി വിജയനും നിയമസഭയിലെത്തിയത്. 1947 ൽ ഇന്ത്യ സ്വത്രന്തയായ ശേഷം ഒരു റെയിൽ പദ്ധതിയും വരാത്ത പ്രദേശമാണ് മലബാർ മേഖല. ബ്രിട്ടീഷ് ഭരണകാലത്ത് ഇപ്പോഴത്തെ കേരളത്തിലെ ആദ്യ റെയിൽപാത വന്നത് ഈ പ്രദേശത്താണ്. ബ്രിട്ടീഷുകാർ തലശ്ശേരി-മൈസൂർ റെയിൽപാത നിർമിക്കാൻ ഉദ്ദേശിച്ചിരുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം 5000 കോടിയിൽ താഴെ മാത്രമേ ഇതിന് ചെലവാകുകയുള്ളൂ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളവും കുടകും ബന്ധിപ്പിച്ച് മൈസൂരിലേക്ക് പാത വരുമ്പോൾ കേരളവും ബംഗളൂരുവും കൂടുതൽ അടുക്കുന്നു. പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനുമാവും. അർധ അതിവേഗ റെയിൽപാത പോലെ അനാവശ്യ പദ്ധതി നടപ്പാക്കാൻ ഉത്സാഹിച്ച് ജനവിരുദ്ധനെന്ന ദുഷ്‌പേര് വരുന്നതിൽ നിന്ന് രക്ഷയുമാവാം. പിണറായി വിജയന്റെ കാലത്തെ ഏറ്റവും വലിയ പദ്ധതിയായി തലശ്ശേരി-മൈസൂർ റെയിൽവേയെ കുറിച്ച് തലമുറകൾ പറഞ്ഞുകൊണ്ടേയിരിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുന്നി നിൽക്കുന്ന മംഗലാപരവും പാലക്കാടിനോട് ചേർന്നു നിൽക്കുന്ന കോയമ്പത്തൂരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് ആറാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം. നിർദിഷ്ട പദ്ധതിയുടെ വൻ ചെലവൊന്നുമില്ലാതെ വേണമെങ്കിൽ വയനാട്, പാലക്കാട്, ഗുരുവായൂർ, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ പണിയുകയുമാവാം. നെടുമ്പാശ്ശേരി മോഡലിൽ പണം മുടക്കാനും വ്യവസായികൾ മുന്നോട്ട് വരുമെന്നതിൽ സംശയമില്ല. കണ്ണൂരിന്റെ വേഗത്തിലാണ് നിർമിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തിനകം ഈ എയർ സ്ട്രിപ്പുകൾ യാഥാർഥ്യമാക്കാനാവും.
തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽപാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും നിർദിഷ്ട സിൽവർ ലൈൻ നിർമിക്കുന്നത്. പ്രോജക്റ്റ് റിപ്പോർട്ട് പ്രകാരം 2025-26 കാലയളവിൽ പ്രതിദിനം 79,934 പേർ പ്രസ്തുത ട്രെയിനിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകൾ പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. കൊച്ചി മെട്രോ റെയിലിന്റെ ഡിപിആർ പ്രകാരം 2015 ൽ പ്രതിദിനം 3,81,868 യാത്രക്കാരും 2020 ൽ പ്രതിദിനം 4,68,130 യാത്രക്കാരും മെട്രോ റെയിലിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കിയിരുന്നത്. ഇന്നുവരെ നേടിയ ഏറ്റവും ഉയർന്ന റൈഡർഷിപ് പ്രതിദിനം 1.25 ലക്ഷം മാത്രമാണ്. പ്രതിദിന വരുമാന ഉൽപാദനക്കുറവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. കൊച്ചി മെട്രോയുടെ അനുഭവം പാഠമാകേണ്ടതുണ്ട്.
ബ്രിട്ടീഷുകാർ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണ് തലശ്ശേരി-മൈസൂർ പദ്ധതി. രണ്ടാം ലോക മഹായുദ്ധം വന്നില്ലായിരുന്നുവെങ്കിൽ ഇത് യാഥാർഥ്യമായേനേ. അവർ സർവേ നടത്തിയതുമാണ്. നാട്ടുകാരുടെ ഭരണം വന്നപ്പോഴാണ് എല്ലാ പ്രതീക്ഷകളും അസ്തമിച്ചത്. കെ.റെയിൽ പോലെ രണ്ടു ലക്ഷം കോടിയൊന്നും ഇതിന് ചെലവ് വരില്ല. അയ്യായിരം കോടി ചെലവിൽ നിർമിക്കാം. തലശ്ശേരിയിലാണെങ്കിൽ റെയിൽവേയുടെ പക്കൽ വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുമുണ്ട്. ജംഗ്ഷൻ പണിയാനൊന്നും ഭൂമി ഏറ്റെടുക്കേണ്ടി വരില്ല. തലശ്ശേരിയിൽ നിന്നുള്ള പാത കൽപറ്റയിലെത്തിച്ച് ഭൂമിക്കടിയിലൂടെ വനമേഖലയെ ശല്യപ്പെടുത്താതെ നഞ്ചൻഗുഡിലെത്തിക്കാം. വേണമെങ്കിൽ നിലമ്പൂർ-നഞ്ചൻഗുഡ് പാതയും കൽപറ്റയിൽ വെച്ച് ഇതിനോട് കൂട്ടിച്ചേർക്കാം. അതിനും ഇത്ര തന്നെയേ ചെലവ് വരൂ. പിണറായി, കോടിയേരി, ഇപിജെ തുടങ്ങിയ നേതാക്കളെ വികസന നായകരായി എല്ലാ കാലത്തും അനുസ്മരിക്കപ്പെടുകയും ചെയ്യും. തൽക്കാലം കെ.റെയിലിനെ മറന്നേക്കാം, ഇല്ലെങ്കിൽ കേരളത്തിൽ സി.പി.എമ്മുണ്ടാവില്ല. കമ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും.