പുതിയ ഇലക്ട്രോണിക് ഉൽപന്നങ്ങൾ യു.എസ്.ബി ടൈപ്-സി ചാർജർ പോർട്ട് നിർബന്ധമാക്കുകയാണ്
അനുയോജ്യമായ ചാർജറും കേബിളും കണ്ടെത്താനുള്ള തിരച്ചിൽ യൂറോപ്പിൽ അവസാനിക്കുന്നു. പുതിയ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ 2024 ആകുന്നതോടെ യു.എസ്.ബി ടൈപ്- സി ചാർജർ തന്നെ ഉപയോഗിക്കണമെന്ന് യൂറോപ്യൻ യൂനിയൻ താൽക്കാലിക ധാരണയിലെത്തി.
സമാനമായ നിയമ നിർമാണം ബ്രിട്ടനിലും ഉണ്ടാകുമോയെന്ന് ഉറപ്പായിട്ടില്ല. എന്നാൽ ബ്രെക്സിറ്റിനു ശേഷമുള്ള ക്രമീകരണങ്ങൾ പ്രകാരം യൂറോപ്യൻ യൂനിയൻ വിധി വടക്കൻ അയർലണ്ടിന് ബാധകമാകുമെന്ന് യൂറോപ്യൻ യൂനിയൻ, യു.കെ ഉദ്യോഗസ്ഥർ പറഞ്ഞു.ബ്രെക്സിറ്റ് കരാറിലെ നോർത്തേൺ അയർലൻഡ് പ്രോട്ടോകോളിന്റെ നിബന്ധനകൾ പ്രകാരം നോർത്തേൺ അയർലണ്ടിൽ വിൽക്കുന്ന ഉപകരണങ്ങൾക്കും പുതിയ നിബന്ധനകൾ ബാധകമാകാം. വടക്കൻ അയർലണ്ടിനെ യൂറോപ്യൻ യൂനിയന്റെ ചരക്കുകൾക്കായുള്ള ഏക വിപണിക്കുള്ളിൽ നിർത്തിക്കൊണ്ടുള്ളതാണ് ബ്രെക്സിറ്റ് കരാർ. നോർത്തേൺ അയർലൻഡ് പ്രോട്ടോകോൾ എങ്ങനെ പരിഷ്കരിക്കാം എന്നതിനെക്കുറിച്ചുള്ള യു.കെയും ഇ.യുവും തമ്മിലുള്ള തർക്കത്തിനു പരിഹാരമായിട്ടില്ല.
ഐഫോണുകളും ഐപാഡുകളും അടക്കമുള്ള ആപ്പിൾ ഉൽപന്നങ്ങൾക്കും പുതിയ നിയന്ത്രണം ബാധകമാകും. പിന്നാലെ ലാപ്ടോപ് കംപ്യൂട്ടറുകൾക്കും. നിലവിലുള്ള ഉപകരണങ്ങളെ നിബന്ധനയിൽനിന്ന് ഒഴിവാക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. വേനൽക്കാല അവധിക്ക് ശേഷം കരാർ യൂറോപ്യൻ പാർലമെന്റിനും മന്ത്രിമാരുടെ കൗൺസിലിനും മുന്നിലെത്തും. തുടർന്ന് ഔപചാരികമായി അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും.
ചാർജർ നിബന്ധനയെ കുറിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല.
2021 സെപ്റ്റംബറിൽ ഈ നിർദേശം ആദ്യമായി അവതരിപ്പിച്ചപ്പോൾ ഒരു തരം കണക്റ്റർ നിർബന്ധമാക്കുന്ന കർശനമായ നിയന്ത്രണം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസ്സപ്പെടുത്തുമെന്നും ഇത് യൂറോപ്പിലെയും ചുറ്റുമുള്ള ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നുമാണ് ആപ്പിൾ പ്രതികരിച്ചിരുന്നത്. ചില ഉപകരണങ്ങൾക്ക് സ്വന്തം ചാർജിംഗ് പോർട്ട് ഉപയോഗിക്കുന്ന ഏറ്റവും വലിയ നിർമാതാവാണ് ആപ്പിൾ. ആപ്പിളിന്റെ ഐഫോൺ സീരീസിൽ സ്വന്തമായുള്ള ലൈറ്റ്നിംഗ് കണക്റ്ററാണ് ഉപയോഗിക്കുന്നത്.
ചെറുതും ഇടത്തരവുമായ പോർട്ടബിൾ ഇലക്ട്രോണിക്സിനെല്ലാം പുതിയ നിയമം ബാധകമാക്കുമെന്നാണ് യൂറോപ്യൻ യൂനിയൻ വ്യക്തമാക്കുന്നത്. മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ഹെഡ്ഫോണുകൾ, ഹെഡ്സെറ്റുകൾ,
വീഡിയോ ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയവ.
കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ഇവ ഏതു കമ്പനി നിർമിച്ചാലും അതിൽ യു.എസ്.ബി ടൈപ് സി പോർട്ട് ഉണ്ടായിരിക്കണം. ലാപ്ടോപ്പുകളും നിയമം പാലിക്കേണ്ടതുണ്ടെങ്കിലും മാറ്റം വരുത്താൻ നിർമാതാക്കൾക്ക് നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 40 മാസത്തെ സമയമുണ്ട്.
പുതിയ ഇലക്ട്രോണിക്സിനൊപ്പം ചാർജിംഗ് കേബിൾ വേണോ വേണ്ടയോ എന്ന് തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കണമെന്ന നിർദേശവും കരാറിൽ ഉൾപ്പെടുന്നു.
ഉൽപന്നങ്ങൾ കൂടുതൽ സുസ്ഥിരമാക്കുന്നതിനും ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനുമുളള യൂറോപ്യൻ യൂനിയന്റെ വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയമമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു.
അനാവശ്യമായ ചാർജർ വാങ്ങലുകൾ ഒഴിവാക്കിയാൽ പ്രതിവർഷം 250 മില്യൺ യൂറോ വരെ ലാഭിക്കുമെന്നും 11,000 ടൺ മാലിന്യം കുറയ്ക്കാമെന്നും ഇ.യു കണക്കാക്കുന്നു.






