ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾ; പത്ത് ലക്ഷം ചിത്രങ്ങളുടെ ഡിജിറ്റൽ വിരലടയാളം, ഓൺലൈനിൽ പങ്കുവെക്കുന്നത് തടയുക ലക്ഷ്യം

പല ടെക് കമ്പനികളും അവരുടെ സിസ്റ്റങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ തിരയാൻ ഹാഷുകളുടെ പട്ടിക ഉപയോഗിക്കുന്നു. ഐ.ഡബ്ല്യൂ.എഫ് പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളുടെ ലിസ്റ്റുകളുമായി തങ്ങളുടെ പക്കലുള്ള ചിത്രങ്ങളുടെ ഹാഷുകൾ താരതമ്യം ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. 

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പത്തു ലക്ഷം ചിത്രങ്ങളുടെ ഡിജിറ്റൽ വിരലടയാളങ്ങൾ സൃഷ്ടിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ (ഐ.ഡബ്ല്യൂ.എഫ്) അറിയിച്ചു.
ഹാഷുകൾ എന്നറിയപ്പെടുന്ന ഈ വിരലടയാളം ചിത്രങ്ങളുടെ പകർപ്പുകൾ കണ്ടെത്താൻ കമ്പനികളെയും പോലീസിനെയും സഹായിക്കുമെന്നും യു.കെ ചാരിറ്റി സ്ഥാപനമായ ഐ.ഡബ്ല്യൂ.എഫ് പറയുന്നു. 
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇതുവഴി ചിത്രങ്ങളുടെ പുനരുപയോഗം തടയാനാകുമെന്നാണ് പ്രതീക്ഷ. ഗവൺമെന്റിനു കീഴിൽ ശേഖരിച്ച വലിയ ഇമേജ് ഡാറ്റാബേസിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും ഗുരുതരമായ ചില ഉള്ളടക്കങ്ങളും ഈ ഡാറ്റാബേസിൽ അടങ്ങിയിട്ടുണ്ട്. ഇവയെ കാറ്റഗറി എ, ബി എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. 
ഒരു അൽഗോരിതം നിർമിച്ച തിരിച്ചറിയൽ കോഡാണ് ഹാഷുകൾ. ഓരോ ചിത്രത്തിനും വീഡിയോയ്ക്കും വിരലടയാളമായി ഇത് പ്രവർത്തിക്കുന്നു.
പല ടെക് കമ്പനികളും അവരുടെ സിസ്റ്റങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ തിരയാൻ ഹാഷുകളുടെ പട്ടിക ഉപയോഗിക്കുന്നു. ഐ.ഡബ്ല്യൂ.എഫ് പോലുള്ള സ്ഥാപനങ്ങൾ സൃഷ്ടിച്ച ചിത്രങ്ങളുടെ ലിസ്റ്റുകളുമായി തങ്ങളുടെ പക്കലുള്ള ചിത്രങ്ങളുടെ ഹാഷുകൾ താരതമ്യം ചെയ്തുകൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. 
ഇങ്ങനെയാണെങ്കിലും ഈ സിസ്റ്റത്തിന് അതിന്റെ പരിമിതികളുണ്ട്. ചിത്രങ്ങളിലെ മാറ്റങ്ങൾക്ക് ഹാഷിന്റെ മൂല്യം മാറ്റാൻ കഴിയും. അങ്ങനെ ഒരു ചിത്രത്തെ കണ്ടെത്താൻ കഴിയാതാക്കാം. അതേസമയം,  ഹാഷ് മാറ്റാതെ തന്നെ ഒരു ചിത്രത്തിന്റെ വലിപ്പം മാറ്റാനും ക്രോപ്പ് ചെയ്യാനും നിറങ്ങൾ മാറ്റാനും കഴിയുന്ന സാങ്കേതിക വിദ്യയാണ് ഐ.ഡബ്ല്യൂ.എഫ് ഉപയോഗിക്കുന്നത്. 
എൻക്രിപ്റ്റ് ചെയ്ത ചിത്രങ്ങൾ ഹാഷുകളുടെ ലിസ്റ്റുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ഹാഷുകൾ സൃഷ്ടിക്കുന്നതിന് മുമ്പ്, യു.കെ നിയമമനുസരിച്ച്, ക്രിമിനൽ മെറ്റീരിയൽ ഏത് വിഭാഗത്തിൽ പെടുമെന്ന് ഒരാൾ പരിശോധിക്കും.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ കൃത്യമായ സ്വഭാവം വിശദീകരിക്കുന്ന അനുബന്ധ മെറ്റാഡാറ്റയും ചാരിറ്റി നിർമിക്കുന്നുണ്ട്. ഇത് വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് കരുതുന്നത്. വളരെ ചെറിയ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ കണക്കില്ലാത്ത ദൃശ്യങ്ങളാണ് ഓൺലൈനിലുള്ളതെന്നും  കുട്ടികൾക്ക് അഞ്ചോ ആറോ വയസ്സാണ് പ്രായമെന്നും ഒരു ഇമേജ് അനലിസ്റ്റ് പറയുന്നു. 
ലൈംഗികാതിക്രമത്തിന് വിധേയരായ കുട്ടികളുടെ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെന്ന് സ്ഥിരീകരിച്ച 2,52,000 വെബ് പേജുകൾ കഴിഞ്ഞ വർഷം നീക്കം ചെയ്തതായി ഐ.ഡബ്ല്യു.എഫിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സൂസി ഹാർഗ്രീവ്‌സ് പറഞ്ഞു. 

Latest News