കോഴിക്കോട്- മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ഭാരവാഹികളായ മന്ത്രി കെ.ടി.ജലീലും കെ.എം. ഷാജി എം.എൽ.എയും തമ്മിലെ സാമൂഹ്യ മാധ്യമപ്പോര് മുറുകുന്നു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഷാജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലെന്ന് ആരോപിച്ചിരുന്നു. ഇതിന് മുസ്‌ലിം ലീഗ് 44 പേരെ കൊലപ്പെടുത്തിയതിന്റെ പട്ടികയുമായി കെ.ടി.ജലീൽ നിയമസഭയിൽ തന്നെ മറുപടി നൽകി.
മുസ്‌ലിം യൂത്ത് ലീഗിൽ കെ.ടി. ജലീൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കേ ട്രഷററായിരുന്നു ഷാജി. തുടർന്ന് നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റാകാൻ ജലീലും ഷാജിയും ശ്രമിച്ചതായി വാർത്തകളുണ്ടായിരുന്നു. ഷാജി ജനറൽ സെക്രട്ടറിയായപ്പോൾ ജലീലിനെ അഖിലേന്ത്യാ കൺവീനറായാണ് തെരഞ്ഞെടുത്തത്.
തുടർന്നാണ് ജലീൽ ലീഗ് നേതൃത്വവുമായി ഇടയുന്നതും പുറത്തു പോകുന്നതും. അന്നത്തെ പോരാട്ടത്തിന്റെ വീറ് ഇപ്പോൾ നിയമസഭയിലും പുറത്തുമുള്ള പ്രസംഗങ്ങളിലും സാമൂഹ്യ മാധ്യമ പോസ്റ്റുകളിലും തുടരുകയാണ്.
44 കൊല ആരോപണത്തെ നേരിട്ടപ്പോൾ ജലീലുൾപ്പെട്ട ഒരു വാഹനാപകടത്തെ ഷാജി പരാമർശിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വിശദീകരണം നൽകിയതിന് ഇന്നലെ ഷാജി പ്രതികരിച്ചിരിക്കുകയാണ്. ഷാജിയുടെയും ജലീലിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങൾ:
ജലീൽ- ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വിശുദ്ധ ഖുർആൻ സാക്ഷി; ഞാൻ ഡ്രൈവിംഗ് പഠിക്കുമ്പോൾ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാൾ മരണപ്പെടുകയോ കേസിൽനിന്ന് രക്ഷപ്പെടാൻ ലൈസൻസുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്ന് ഊരിപ്പോരുകയോ ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗോഫീസിൽ ഓടിയെത്തുകയോ ചെയതിട്ടില്ല.
ഇരുപത്തിയഞ്ച് വർഷം മുമ്പ് ഞാൻ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു ടാക്‌സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് അപകടത്തിൽപെട്ട് മോട്ടോർ സൈക്കിൾ യാത്രക്കാരനായ സഹോദരൻ മരിച്ച സംഭവമാകാം കഥ മെനയാൻ ഷാജിയെ പ്രേരിപ്പിച്ചത് . ആ വണ്ടിയുടെ ഉടമസ്ഥൻ മുറിച്ചാൽ പച്ചയെന്ന് നാട്ടുകാർ പറയുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്പള്ളി ചെറിയ മമ്മു ഗുരുക്കളാണ്. ഡ്രൈവർ അവിടുത്തുകാരൻ തന്നെയായ കുഞ്ഞിപ്പയായിരുന്നു. തൽസംബന്ധമായ കേസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
വിമർശനത്തിൽ ആരോടും സാമാന്യ മര്യാദ ഷാജി പുലർത്താറില്ലെന്ന് ആർക്കും ബോദ്ധ്യമാകും. അവാസ്തവങ്ങൾ ചേരുവ ചേർത്ത് എതിർപക്ഷത്തെ സമാദരണീയ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ചുകീറുന്ന 'കാടൻ സ്‌റ്റൈൽ' ലീഗിൽ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ല. എനിക്കൊരു പാർട്ടിയില്ലെന്ന് സ്ഥാപിക്കാനെന്ന വ്യാജേന വ്യംഗ്യമായി തന്തയില്ലെന്ന് വരെ പറഞ്ഞുവെക്കുന്നുണ്ട്. ഞാൻ പ്രസംഗത്തിലോ എഴുത്തിലോ ഒരാൾക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച് ഒരു പദപ്രയോഗവും നടത്താറില്ല.
ലീഗിനെതിരെ സഭയിൽ ഞാൻ പറഞ്ഞ കാര്യങ്ങളാണ് ചൊടിപ്പിച്ചതെങ്കിൽ ഒരേയൊരു കാര്യമേ അനുബന്ധമായി ചേർക്കാനുള്ളൂ. ലീഗുകാരല്ല തങ്ങളുടെ പിതാവിനെ, ഭർത്താവിനെ, സഹോദരനെ, മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികൾക്ക് നിയമ സഹായം ചെയ്തു കൊടുത്തതെന്നും മരിച്ച 44 പേരുടെയും കുടുംബം പറയുമെങ്കിൽ ഞാൻ പരസ്യമായി മാപ്പ് പറയാം. ഇതിനൊന്നും ലീഗ് പാർട്ടി ഉത്തരവാദിയല്ലെന്നാണ് വാദമെങ്കിൽ സി.പി.എം പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകളിൽ സി.പി.എം എങ്ങനെയാണ് ഉത്തരവാദികളാവുക?
മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ്. (സിറാജ് പത്രത്തിൽ വന്ന വാർത്ത അനുബന്ധമായി നൽകിയിരുന്നു.)
ഇതിന് മറുപടിയായി ഷാജി- താങ്കളുടെ പേര് പറഞ്ഞിട്ടില്ല.
വാഹനത്തിൽ സഞ്ചരിച്ചു. ആ വാഹനം ഒരു ബൈക്ക് യാത്രികനെ ഇടിച്ചു. ബൈക്ക് യാത്രികൻ മരിച്ചു. ഇത്രയും താങ്കളും സമ്മതിച്ചല്ലോ. ലീഗുകാരന്റെ തൊടിയിൽ കാൽ തട്ടി വീണതടക്കം 44 തികക്കാൻ കിടന്നു മറിയുന്ന താങ്കൾക്ക് എന്തേ കൂട്ടത്തിൽ ഇതും ചേർത്ത് എണ്ണിക്കൂടാ എന്നാണ് ചോദിച്ചത്.
താങ്കളുടെ കൊലപാതക ഗവേഷണ പഠനത്തിൽ അക്ഷരാർത്ഥത്തിൽ ഞാൻ താങ്കളെ സഹായിക്കുകയാണ് മാത്രമാണ് ചെയ്തത്. എന്ത് ചെയ്യാം, റെഗുലർ കോളേജിലൊന്നും പോവാത്തതിന്റെ കുഴപ്പമായിരിക്കാം. പ്രതീക്ഷകൾക്കൊരു ഭാവനാ വിലാസം ഇല്ലാതെ പോകുന്നു.
2018 മാർച്ച് ഏഴിന് നിയമസഭയിൽ ഞാൻ പ്രസംഗിച്ച് 5 ദിവസങ്ങൾക്ക് ശേഷമാണ് താങ്കളും കൂട്ടാളികളും ഇത് സംബന്ധമായി പ്രസംഗിക്കുന്നത്. എന്നിട്ടും എന്റെ ഒരു ചോദ്യത്തിനെങ്കിലും മറുപടിയുണ്ടായില്ല. സെൽഫി എടുക്കാൻ വരുന്ന കുട്ടിയെ പോലും കൊലയാളിയാണോ എന്ന് സംശയിക്കുന്ന മുഖ്യനെ കുറിച്ച്, ജീവിക്കാനുള്ള സ്വാതന്ത്ര്യം അറുത്തില്ലാതാക്കി മാപ്പിളപ്പാട്ടിന്റെ ആവിഷ്‌കാരത്തെക്കുറിച്ച് അപശബ്ദം പുറപ്പെടുവിക്കുന്ന ആ മാന്യന്റെ കാപട്യത്തെക്കുറിച്ച്, സി പി എം ദിനേന കൊന്നു തള്ളുന്ന സാധാരണക്കാരെ കുറിച്ച്, പാലക്കാട്ടും കൊണ്ടോട്ടിയിലുമില്ലാത്ത കോൺഗ്രസ് വിരുദ്ധതയും കൊണ്ട് ബി ജെ പി യെ സഹായിക്കുന്ന സി പി എമ്മിന്റെ ദേശീയ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച്, ശംസുദ്ദീൻ പാലത്തിലിനോടും ശശികല യോടുമുള്ള ഇരട്ട സമീപനങ്ങളെ കുറിച്ച്, സംഘ് പരിവാറിനെതിരെയുള്ള കേസുകൾ തളളിയതിനെക്കുറിച്ച്, കേരളത്തെ വെല്ലുവിളിച്ച് മോഹൻ ഭാഗവത് നടത്തിയ താണ്ഡവങ്ങളെക്കുറിച്ച്, അവസാനം ജൗഹർ മുനവ്വറിനെതിരെയുള്ള കേസടക്കം ചോദ്യങ്ങളിൽ ഒന്നിനു പോലും ഉത്തരം തന്നിട്ടില്ല.
മുസ്‌ലിം ലീഗ് പ്രവർത്തകർ 44 കൊല നടത്തിയിട്ടുണ്ടെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിന് തെളിവ് നൽകേണ്ടത് അദ്ദേഹം തന്നെയാണ്.
ഒരു കൊലപാതകം നടന്നാൽ അതിൽ പോലീസ് അന്വേഷണം നടത്തും. കുറ്റപത്രം ഉണ്ടാകും, കോടതിയിൽനിന്ന് വിധിന്യായം ഉണ്ടാകും. പിന്നീട് ആ കേസിനെ കുറിച്ച് സംസാരിക്കുമ്പോൾ പ്രഥമ പരിഗണന നൽകേണ്ടത് അതിലെ കണ്ടെത്തലുകൾക്കും വിധിന്യായങ്ങൾക്കുമാണല്ലോ.
കേസ് ഏതായാലും 'പ്രതികൾ ലീഗ് പ്രവർത്തകർ' എന്നെഴുതുന്ന ആ പത്രങ്ങളിൽ വന്ന വാർത്ത മറ്റു പത്രങ്ങളിൽ വന്നിട്ടുണ്ടാവില്ല. ദുർബലമായ ഫോട്ടോസ്റ്റാറ്റുകളുമായല്ല, വിശ്വസനീയമായ രേഖകളുമായാണ് രാഷ്ട്രീയ സംവാദത്തിന് ഇറങ്ങേണ്ടത്. ആഭ്യന്തര മന്ത്രിയുടെ വാല്യക്കാരന്റെ പണിയെടുക്കുന്നയാൾക്ക് രേഖകൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നത് മുസ്‌ലിം ലീഗിന്റെ ശൈലിയല്ല. കുഞ്ഞനന്തനും അശോകനും കാരായി കൂരായിയൊന്നും ലീഗിന്റേതായി ജയിലുകളില്ല. അത് പോലുള്ള ഒരൊറ്റ കേസ് ലീഗിനെതിരെ ജലീൽ കാണിക്കട്ടെ.
സി.പി.എം നടത്തിയ ആസൂത്രിത കൊലപാതകങ്ങളെ ന്യായീകരിക്കാൻ ആണ് ജലീൽ വിയർക്കുന്നത്. പിശാച് പോലും നാണിക്കും വിധം മൃതശരീരത്തെ തന്നെ ഭീകരമായി വെട്ടി വെട്ടി അവസാനത്തെ അവയവവും വികൃതമാക്കുന്ന അറും കൊലകളല്ലേ താങ്കൾ കുഴലൂതുന്നവർ നടത്തിയതത്രയും. താങ്കളുടെ അളവ് കോൽ വെച്ച് ഇതൊക്കെയും 'മോഡേൺ സ്‌റ്റൈൽ മർഡറുകളാ'യിരിക്കും.
51 ഉം 37 ഉം വെട്ടുകൾ വെട്ടി കൊന്ന് തള്ളാനും ന്യൂനപക്ഷങ്ങളെ അരുകാക്കാനും അപരവൽക്കരിക്കാനും കാർമികത്വം വഹിക്കുന്ന 'സമാദരണീയ രാഷ്ട്രീയ നേതാക്കളെ' വിമർശിക്കുമ്പോൾ ഇപ്പോൾ കാണിക്കുന്നത് തന്നെ വലിയ മര്യാദ ആണ് മിസ്റ്റർ ജലീൽ!!
എടയന്നൂരിലെ ഷുഹൈബ് കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരുന്നില്ലെന്ന് ഓർക്കണം.
മണ്ണാർക്കാടും കുണ്ടൂരും നൂറുവട്ടം ആവർത്തിക്കുന്ന താങ്കളുടെ നാവിലേക്ക് ഒരൊറ്റ തവണ പോലും മതസംഘടനാ രംഗത്ത് അതേ ആശയമുൾകൊള്ളുന്ന ആ ചെറുപ്പക്കാരൻ കടന്നു വരാത്തത് എന്തുകൊണ്ടാണ്?
താങ്കളുടെ രാഷ്ട്രീയം അപ്പോൾ കാണുന്നവനെ അപ്പനാക്കുന്നതാണ് എന്ന് പറയേണ്ടി വന്നിട്ടുണ്ട്. സിമിയിൽനിന്നു പുറപ്പെട്ട താങ്കളുടെ 'രാഷ്ട്രീയ വിശദീകരണ ന്യായീകരണ യാത്ര' യിൽ ബി.ജെ.പി മാത്രമേ ഇനി ബാക്കിയുള്ളൂ.
ഉയർത്തിപ്പിടിക്കാനൊരു കൊടിയും പ്രസംഗിക്കാനൊരു മാനിഫെസ്റ്റോയും ചൂണ്ടി ക്കാണിക്കാനൊരു ആസ്ഥാനവുമൊക്കെ രാഷ്ട്രീയന്തസ്സിന്റെ കൂടി ചിഹ്നങ്ങളാണ്. തൽക്കാല താൽപര്യങ്ങളെ മാനിഫെസ്‌റ്റോ ആക്കാൻ അങ്ങനെയൊരു വ്യവസ്ഥിതിക്കകത്ത് നിൽക്കുന്നത് താങ്കളെ സംബന്ധിച്ച് ഒട്ടും ലാഭകരമാവില്ല എന്നറിയാം -പോസ്റ്റിൽ പറയുന്നു.






