ക്ഷേത്രത്തില്‍നിന്ന് ഓട്ടുരുളിയും നിലവിളക്കും മോഷണം പോയി; പൂജാരിയടക്കം പിടിയില്‍

കോട്ടയം- ഇളംകാട് കൊടുങ്ങാ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍നിന്ന് ഓട്ടുരുളിയും നിലവിളക്കും മോഷണം പോയ കേസില്‍ പൂജാരിയടക്കമുള്ളവര്‍ അറസ്റ്റില്‍. ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. മൂന്ന് ലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്.

ക്ഷേത്രഭരണസമിതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒരാഴ്ചയായി  നടത്തുന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. നിര്‍മാണം നടക്കുന്ന ക്ഷേത്രമായതിനാല്‍ തുറന്ന മുറിക്കുള്ളില്‍ ആയിരുന്നു നിലവിളക്ക് അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ പലപ്പോഴായി മോഷണം നടന്നതായി കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. ഇപ്പോഴത്തെ ശാന്തി പല ദിവസങ്ങളിലായി ക്ഷേത്രത്തില്‍നിന്ന് നിലവിളക്കുകള്‍ എടുത്ത് മുന്‍ ശാന്തി സബിന്റെ കാറില്‍ എത്തിക്കുകയും ഇയാള്‍ ഇവ മാന്നാറില്‍ എത്തിക്കുകയുമായിരുന്നു.

മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെറുതും വലുതുമായ 106 ഓട്ടുവിളക്കുകള്‍ 75,000 രൂപക്ക് മാന്നാറില്‍ വില്‍ക്കുകയായിരുന്നു. ഇരുവരും മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായി ഇന്‍സ്പെക്ടര്‍ ഷൈന്‍കുമാര്‍ പറഞ്ഞു.

 

Latest News