ആലുവയില്‍ പിങ്ക് പോലീസുകാരെ ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ  മര്‍ദിച്ചു

ആലുവ- ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പോലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കള്‍ ശിശുഭവനിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൊല്‍ക്കത്തയില്‍ നിന്നുള്ള സീമയെ പോലീസ് അറസ്റ്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം നിഷ, സ്‌നേഹലത എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു.
ആലുവയില്‍ സ്ഥിതി ചെയ്യുന്ന അനാഥമന്ദിരം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് ലഹരി മരുന്നുകള്‍ എത്തിച്ച് നല്‍കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിങ്ക് പോലീസിന്റെ നിരീക്ഷണം കര്‍ശനമാക്കിയിരുന്നത്. സീമ ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രി കവലയിലെത്തി. ലഹരി വസ്തുക്കള്‍ കൈമാറവേ ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിങ്ക് പോലീസ് ഓഫീസര്‍ക്ക് അക്രമണമേറ്റത്.ആക്രമണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ കൂടുതല്‍ പോലീസെത്തിയാണ് കീഴടക്കിയത്. പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.
 

Latest News