ഇടുക്കി- സംരക്ഷിത വനമേഖലകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മുന്നണികള്‍. എല്‍.ഡി.എഫ് നാളെയും യു. ഡി.എഫ് 16 നുമാണ് പകല്‍ ഹര്‍ത്താല്‍ നടത്തുന്നത്.
കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു. സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധിച്ചും ഭൂമിപതിവ് ചട്ടങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ പ്രൊഫ. എം.ജെ ജേക്കബും പറഞ്ഞു.
യു.ഡി.എഫ് 16ന് പ്രഖ്യാപിച്ച ഹര്‍ത്താലിന് തടയിടുന്നതിനാണ് ഇടതുമുന്നണി നിയമാനുസരണം നോട്ടീസ്‌പോലും നല്‍കാതെ 10 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെങ്കില്‍ ഏഴ് ദിവസം മുമ്പ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ കൊടുക്കണമെന്നാണ് നിയമം. നിയമാനുസൃതമായ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഇടതുമുന്നണി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. അതേസമയം ജനകീയ വിഷയങ്ങളില്‍ ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് അപേക്ഷ നല്‍കേണ്ട കാര്യമില്ലെന്നും എല്‍.ഡി.എഫ് ഹര്‍ത്താല്‍ നിയമപരമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചു.






