ഭുവനേശ്വര്‍- അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കാനിരിക്കുന്ന നിയമസഭാ, പൊതു തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടുമെന്നും ഇത് ത്രിപുരയിലെ ജയത്തേക്കാള്‍ മികച്ചതായിരിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭരണ കക്ഷിയായ ബിജെഡിക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനുമെതിരെ ഷാ ആഞ്ഞടിച്ചു. ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 14 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആക്രമികളെ മുഖ്യമന്ത്രി സംരക്ഷിക്കുയാണെന്നും അദ്ദേഹം ആരോപിച്ചു. ഒഡീഷയില്‍ ബിജെപി നേടുന്ന സീറ്റുകളെ കുറിച്ച് നേരത്തെ സംസാരിക്കാതിരുന്നത് ഇവിടെ ത്രിപുരയിലേതിനേക്കാള്‍ വലിയ വിജയം നേടുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ ബിജെപിയില്‍ അണിനിക്കുന്നത് നവീന്‍ പട്‌നായിക്കിനെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും ഷാ പറഞ്ഞു. ബൊലാങ്കിറിലെ ദെവ്ഗാവ് ഗ്രാമത്തിലെ ഒരു ദലിത് വീട്ടില്‍ നിന്ന് ഷാ ഭക്ഷണം കഴിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഷാക്കൊപ്പമുണ്ടായിരുന്നു.