ജനങ്ങൾ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട് നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. കെ. റെയിലും മറ്റുമായി ബന്ധപ്പെട്ട്, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്ന ചർച്ചകളുമായി ഈ വിഷയത്തെയും കാണാം. പൊതുവിൽ പറഞ്ഞാൽ പരിസ്ഥിതിയും വികസനവുമായി വൈരുധ്യാധിഷ്ഠിത ബന്ധമാണ് വേണ്ടത്. വികസന മൗലികവാദവും പരിസ്ഥിതി മൗലികവാദവും ഒരുപോലെ അപകടകരമാണ്.
പതിവുപോലെ മരംനടലും പ്രഭാഷണങ്ങളുമായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയി. ഒരേ ഒരു ഭൂമി എന്ന സന്ദേശത്തിലൂന്നി, ആഗോളതാപനം ഉയർത്തുന്ന വെല്ലുവിളികളായിരുന്നു ഈ വർഷവും പരിസ്ഥിതി ദിനത്തിലെ പ്രധാന ചർച്ചാ വിഷയം. ആ വിഷയം ഗുരുതരമായി ബാധിക്കുന്ന ഒരു പ്രദേശം തന്നെയാണ് കേരളം. നമ്മുടെ കാലാവസ്ഥ മാറ്റങ്ങളും പ്രളയവും കൊടുംചൂടുമൊക്കെ അതിനുദാഹരണം. ദീർഘകാലാടിസ്ഥാനത്തിൽ, ആഗോള തലത്തിൽ മാത്രമേ അതിനു ശാശ്വതമായ പരിഹാരം കാണാനാവൂ. അതേസമയം അതിനേക്കാൾ അടിയന്തര പ്രാധാന്യമുള്ള ഒരു പാരിസ്ഥിതിക - മാനവിക വിഷയമാണ് സമകാലിക കേരളത്തിൽ ഏറ്റവും സജീവമായിട്ടുള്ളത്.
വനസംരക്ഷണത്തിനായും വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായും കേരളത്തിൽ നിരവധി പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഫലമായി തന്നെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാകുകയും വനംവകുപ്പ് കുറച്ചൊക്കെ ജാഗ്രതയോടെ അവ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന്റെ ഫലമായി കാടുകൡ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥ വ്യതിയാനവും ജലക്ഷാമവും മൂലം പലപ്പോഴും വന്യമൃഗങ്ങൾ നമ്മൾ സൃഷ്ടിച്ച കാടിന്റെയതിർത്തി കടന്നു പുറത്തു വരുന്ന സന്ദർഭങ്ങൾ കൂടിവരുന്നു. കാടിനോടുചേർന്നും കൈയേറിയുമൊക്കെ നമ്മൾ നടത്തുന്ന കൃഷിയേയും അവ ആക്രമിക്കുന്നു. വർഷങ്ങളോളം നാം നടത്തിയ വനനശീകരണത്തിന്റെ ഫലങ്ങൾ ഇപ്പോഴാണ് പലയിടത്തും രൂക്ഷമാകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും വന്യജീവികളുടെ ജീവിതത്തെ ബാധിക്കുന്നു. മനുഷ്യ നിർമിതവും അല്ലാത്തതുമായ കാട്ടുതീയും പ്രശ്നത്തെ രൂക്ഷമാക്കുന്നു. ഇതിന്റെയെല്ലാം ഫലമായി കാടിറങ്ങിവരുന്ന ആനയും കടുവയുമൊക്കെ ആക്രമിച്ച് നിരവധി മരണങ്ങൾ കേരളത്തിൽ നടക്കുന്നു. അതിനേക്കാൾ രൂക്ഷമാണ് കാട്ടുപന്നികളുടെ ആക്രമണം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനത്തിനു വേണ്ടി കാത്തിരിക്കുന്ന മലയോര മേഖലയിലെ കർഷകരെ നിരാശയിലാഴ്ത്തുന്നതാണ് വിധിയെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ഖനനമോ പാടില്ല എന്നു പറയുമ്പോൾ കർഷകർക്ക് വീടുകൾ നിർമിക്കുവാനോ കിണറുകൾ കുഴിക്കുവാനോ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നവർ ചൂണ്ടിക്കാട്ടുന്നു. കേസ് സുപ്രീം കോടതിയിൽ വന്നപ്പോൾ കേന്ദ്ര സർക്കാർ പുലർത്തിയ ഉദാസീനതയാണ് ഇതിനു കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം വനം സംരക്ഷിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജനങ്ങളുടെ താൽപര്യവും സംരക്ഷിക്കുമെന്ന് പരിസ്ഥിതി ദിനത്തിൽ വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിധയിൽ എന്ത് തുടർ നടപടി സ്വീകരിക്കണമെന്നത് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ജനസാന്ദ്രത വളരെ കൂടിയ സംസ്ഥാനമാണ് കേരളം. വനാതിർത്തിയടക്കം എല്ലാ പ്രദേശത്തും ആളുകൾ തിങ്ങിപ്പാർക്കുകയാണ്. ജനങ്ങൾ താമസിക്കുന്ന ഇടം പരിസ്ഥിതി ലോല മേഖലയാക്കുന്നതിലെ ബുദ്ധിമുട്ട് നേരത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. കേന്ദ്ര സർക്കാരുമായി തുടർന്നും ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. റെയിലും മറ്റുമായി ബന്ധപ്പെട്ട്, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്ന ചർച്ചകളുമായി ബന്ധപ്പെട്ടു തന്നെ ഈ വിഷയത്തെയും കാണാം. പൊതുവിൽ പറഞ്ഞാൽ പരിസ്ഥിതിയും വികസനവുമായി വൈരുധ്യാധിഷ്ഠിത ബന്ധമാണ് വേണ്ടത്. വികസന മൗലികവാദവും പരിസ്ഥിതി മൗലികവാദവും ഒരുപോലെ അപകടകരമാണ്.
കാട്ടുപന്നികളുടെ പ്രശ്നം തന്നെയെടുക്കാം. കർഷകർക്കും ജനങ്ങൾക്കും വൻ ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ അനുമതി നൽകിയതിനെ കുറ്റപ്പെടുത്താനാവില്ല. അതിനെതിരെ മനേകഗാന്ധി രംഗത്തു വന്നത് ഖേദകരമാണ്. തീർച്ചയായും ആനയും കടുവയുമടക്കമുള്ള ജീവികളുടെ വിഷയങ്ങളിൽ മികച്ച രീതിയിൽ തന്നെയാണവർ ഇടപെട്ടത്. എന്നാൽ അതല്ല ഇപ്പോഴത്തെ കാട്ടുപന്നികൾ ഉയർത്തുന്ന ഭീഷണി. അത് ആനയും കടുവയുമായി താരതമ്യം ചെയ്യാവുന്നതല്ല. തമാശയെന്താണെന്നു വെച്ചാൽ പരിസ്ഥിതി മൗലികവാദി, സവർണ പരിസ്ഥിതി വാദി, കർഷക വിരുദ്ധൻ എന്നെല്ലാം അധിക്ഷേപിക്കപ്പെടുന്ന മാധവ് ഗാഡ്ഗിൽ പോലും കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി കൊടുക്കണമെന്ന നിലപാടുകാരനാണ്. കഴിഞ്ഞില്ല, അവയെ കറി വെച്ചു കഴിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം പറയുന്നു. സമാനമാണ് പരിസ്ഥിതി ലോലപ്രദേശവുമായി ബന്ധപ്പെട്ട പുതിയ കോടതി വിധിയുടെയും പ്രശ്നം. പശ്ചിമഘട്ടം അതിരൂക്ഷമായ വെല്ലുവിളി നേരിടുകയാണ്. അതാകട്ടെ അവിടെ നിവസിക്കുന്നവരുടെ മാത്രം പ്രശ്നവുമല്ല. മുഴുവൻ കേരളത്തിന്റെയും പ്രശ്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ദീർഘകാല - ഹ്രസ്വകാല നടപടികളിലൂടെ പരിഹാരം നിർദേശിക്കുകയും ചെയ്ത ഗാഡ്ഗിലിനെ കെട്ടുകെട്ടിച്ചവരാണല്ലോ നമ്മൾ. അവിടെ നമ്മെ നയിച്ചത് വികസന മൗലികവാദമാണ്. അതിനർത്ഥം പശ്ചിമഘട്ടത്തിലും വനങ്ങൾക്കടുത്തും താമസിക്കുന്നവർക്ക് വീടുകൾ നന്നാക്കിയെടുക്കാനോ കൃഷിചെയ്യാനോ പാടില്ല എന്നല്ല. അങ്ങനെ പറയുന്നവർ പരിസ്ഥിതി മൗലികവാദികളാണ്. എന്നാൽ വൻകിട നിർമാണങ്ങളും വ്യവസായങ്ങളും ക്വാറികളും പരിസ്ഥിതി ലോല മേഖലകളിൽ വേണമെന്ന വാദം അംഗീകരിക്കാനുമാവില്ല. അവ അംഗീകരിക്കുകയാണെങ്കിൽ നാം നേടിയെന്നഹങ്കരിക്കുന്ന പാരിസ്ഥിതിക അവബോധത്തിന് എന്തർത്ഥമാണുള്ളത്?
ചുരുക്കത്തിൽ പുതിയ ഉത്തരവ് അതേപടി നടപ്പാക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കർഷകരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും ജീവിതത്തെ സംരക്ഷിക്കുകയും വികസന, ക്വാറി മാഫിയകളുടെ സമ്മർദങ്ങൾക്ക് അടിപ്പെടാതെയുമുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. എങ്കിൽ മാത്രമേ മുഖ്യമന്ത്രി പലപ്പോഴും പറയുന്ന പരിസ്ഥിതിയും വേണം, വികസനവും വേണം എന്ന നിലപാടിന് അർത്ഥമുണ്ടാകൂ.






