പ്രവാസി ക്ഷേമ പദ്ധതികൾക്കായി പുതിയ മാർഗരേഖ

അകംകേരളത്തെയും പുറംകേരളത്തെയും ബന്ധിപ്പിക്കുന്ന മഹത്തായ കണ്ണിയായി ലോക കേരള സഭ മാറി. പ്രവാസി മലയാളി ആർജിച്ച തൊഴിൽ നൈപുണ്യം, അനുഭവം, വൈദഗ്ധ്യം, സമ്പത്ത് തുടങ്ങിയവ എങ്ങനെ കേരളത്തിന്റെ സമഗ്ര വികസനത്തിനും ഒപ്പം തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കും പ്രയോജനപ്പെടുത്താം  എന്ന അന്വേഷണവും കൂടിയാണ് ലോക കേരള സഭ. സമ്പാദ്യം ശരിയായ നിലയിൽ ഉപയോഗപ്പെടുത്താനും സ്വന്തം ഭാവി ജീവിതം സുരക്ഷിതമാക്കാനും കഴിയുന്ന നിലയിൽ കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മറ്റൊന്ന്.

 

ലോക കേരള സഭയുടെ മൂന്നാമത് സമ്മേളനം ജൂൺ 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുകയാണ്. ജൂൺ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം പൊതുജനങ്ങൾക്ക് കൂടി പങ്കെടുക്കാവുന്ന നിലയിലാണ് സംഘടിപ്പിക്കുന്നത്. 17, 18 തീയതികളിൽ നിയമസഭ മന്ദിരത്തിലെ ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിലാണ് സമ്മേളനം നടക്കുക. 7 പ്രധാന മേഖലകൾ തിരിച്ചുള്ള ചർച്ചകൾ സമ്മേളത്തിൽ നടക്കുമ്പോൾ തന്നെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ പൊതുജനങ്ങൾക്കു കൂടി പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ സംഘടിപ്പിക്കും.
രണ്ട് വർഷ കാലാവധിയുള്ള സഭ  കോവിഡിന്റെ സാഹചര്യത്തിൽ ഇത്തവണ അൽപം വൈകിയാണ് ചേരുന്നത്. 2020 ജനുവരിയിൽ നടന്ന ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. സമ്മേളനത്തിൽ പ്രതിപക്ഷം പങ്കെടുക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. ജനാധിപത്യ വികസനത്തിലും സാമ്പത്തികാഭിവൃദ്ധിയിലും മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകിയ അംഗീകാരമാണ് പ്രവാസികൾക്കായുള്ള ലോക കേരള സഭ. ഇത് ലോകത്ത് ആദ്യത്തേതും മാതൃകാപരവുമാണ്.
ജനാധിപത്യം അതിവേഗം വികസിക്കേണ്ട ഒന്നാണ്. ലോകത്തിനാകെ മാതൃകയാക്കാവുന്ന ഒട്ടേറെ നിയമ നിർമാണങ്ങൾക്കും  പരിഷ്‌കരണ നടപടികൾക്കും നേതൃത്വം നൽകിയ നാടാണ് കേരളം.

പരിഷ്‌കൃത സമൂഹത്തിന്റെ ആവശ്യങ്ങളെ തിരിച്ചറിയുന്നതാണ് യഥാർത്ഥ ജനാധിപത്യം. ആ നിലയിൽ മനുഷ്യ വികാസത്തിന്റെ ആധുനിക ചരിത്രം എന്നത് പ്രവാസത്തിന്റേത് കൂടിയാണ്.
മനുഷ്യന്റെ ആരംഭം മുതൽ തന്നെ പ്രവാസമുണ്ട്. അന്നവും ജീവിതവും തേടിയുള്ള പലായനമാണ് പ്രവാസം.
കേരള രൂപീകരണത്തിന് മുമ്പ് തന്നെ മലയാളി പ്രവാസം തുടങ്ങിയിട്ടുണ്ട്.
സിംഗപ്പൂർ, മലേഷ്യ, ബർമ (ഇന്നത്തെ മ്യാന്മർ), ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മലയാളിയുടെ ആദ്യകാല കുടിയേറ്റം.
പെട്രോളിയം ഉൽപന്നങ്ങളാൽ സമ്പന്നമായ ഗൾഫ് രാജ്യങ്ങളിലേക്ക് അറുപതുകളുടെ അവസാനമാണ് മലയാളികളുടെ കുടിയേറ്റം തുടങ്ങിയത്.
അതോടെപ്പം തന്നെ യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത മുതലാളിത്ത രാജ്യങ്ങളിലേക്കും മലയാളികളുടെ പ്രവാസം വളർന്നു.
പ്രധാനമായും കേരളത്തിന്റെ ഇന്നത്തെ വികസനത്തിനും പുരോഗതിക്കും കാരണമായത് മലയാളിയുടെ ഗൾഫ് കുടിയേറ്റമാണ്. 190 രാജ്യങ്ങളുള്ളതിൽ 160 രാജ്യങ്ങളിലെങ്കിലും മലയാളി സാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്താകമാനം പടർന്നു പന്തലിച്ച പ്രവാസ കേരളത്തെക്കുറിച്ചും അവർ പാർക്കുന്ന രാജ്യങ്ങളിൽ നേടിയെടുത്ത അംഗീകാരങ്ങളും അഭിമാനത്തോടെ നോക്കിക്കണ്ട ഭരണാധികാരികളും അസൂത്രണ വിദഗ്ധരും മുൻകൈയെടുത്തതു കൊണ്ടാണ് ലോക കേരള സഭ എന്ന ആശയത്തിന് അടിത്തറ പാകിയത്. രണ്ടായിരത്തിപ്പത്തുകളോടെ തുടക്കം കുറിച്ച ആശയ സംവാദങ്ങളും നിയമ പ്രശ്‌നങ്ങളിന്മേലുള്ള ചർച്ചകളും 2018 ൽ ലോക കേരള സഭയെന്ന അഭിമാന നേട്ടത്തിന് കാരണമായിത്തീർന്നു. 
കേരളത്തിന്റെ തനതു മൂല്യങ്ങളുടെയും സവിശേഷതകളുടെയും അംബാസഡർമാരാണിന്ന് കേരളത്തിന് പുറത്തുള്ള മലയാളികൾ.
കേരളത്തിന്റെ സാംസ്‌കാരികവും കലാപരവുമായ നന്മകളെയും നേട്ടങ്ങളെയും പ്രവാസികളായ മലയാളികൾ ലോകത്താകമാനം വ്യാപിപ്പിച്ചു.
സമ്പത്ത് കൊണ്ട് കേരളത്തെ കൈ പിടിച്ചുയർത്തുന്ന പ്രവാസികൾക്ക് കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ കാര്യമായ പങ്കൊന്നുമുണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം വേണമെന്നതല്ലാതെ പ്രവാസികൾ അവരുടെ ജനാധിപത്യ അവകാശങ്ങളെ കുറിച്ച് മറ്റൊരാവശ്യവും ഉയർത്തിയതുമില്ല. ഒരർത്ഥത്തിൽ അവർ ബോധവാന്മാർ പോലുമായിരുന്നില്ല.
അകംകേരളത്തെയും പുറംകേരളത്തെയും ബന്ധിപ്പിക്കുന്ന മഹത്തായ കണ്ണിയായി ലോക കേരള സഭ മാറി. പ്രവാസി മലയാളി ആർജിച്ച തൊഴിൽ നൈപുണ്യം, അനുഭവം, വൈദഗ്ധ്യം, സമ്പത്ത് തുടങ്ങിയവ എങ്ങനെ കേരളത്തിന്റെ സമഗ്ര വികസനത്തിനും ഒപ്പം തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കും പ്രയോജനപ്പെടുത്താം  എന്ന അന്വേഷണവും കൂടിയാണ് ലോക കേരള സഭ. സമ്പാദ്യം ശരിയായ നിലയിൽ ഉപയോഗപ്പെടുത്താനും സ്വന്തം ഭാവി ജീവിതം സുരക്ഷിതമാക്കാനും കഴിയുന്ന നിലയിൽ കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് മറ്റൊന്ന്.
അതോടൊപ്പം പ്രവാസിയുടെ അഭിപ്രായങ്ങളും ആശയങ്ങളും കേരള സമൂഹത്തെയും ഭരണകൂടത്തെയും കേൾപിക്കാനുള്ള വിശാലമായ വേദി കൂടിയാണ് ലോക കേരള സഭ. 2020 ലെ രണ്ടാം സമ്മേളനത്തിൽ ലോക കേരള സഭക്ക് നിയമപരമായ പിൻബലം ലഭിക്കുക എന്ന ലക്ഷ്യത്തോടെ  ഒരു കരട് ബിൽ ലോക കേരള സഭയിൽ അവതരിപ്പിക്കുകയുണ്ടായി.
കഴിഞ്ഞ സഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ  കരടു ബില്ലിമേലുള്ള ചർച്ച അപൂർണമാവുകയും  നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുകയുമാണുണ്ടായത്. 2018 ലെ ഒന്നാം സമ്മേളനത്തിന് ശേഷം ഇക്കഴിഞ്ഞ 4 വർഷക്കാലം ഒട്ടനവധി പ്രതിസന്ധികളെയാണ് കേരളം അഭിമുഖീകരിച്ചത്. 
രണ്ട് വൻപ്രളയങ്ങളും കോവിഡും നമ്മുടെ സമ്പദ്ഘടനയെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചത്.
സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും തടസ്സം നിൽക്കുന്ന, എല്ലാ നിലയിലും സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയങ്ങളും കേരളത്തിന് വിനയായിട്ടുണ്ട്.
ഇങ്ങനെയെല്ലാമായിട്ടും പ്രവാസി ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ വളരെ ഉദാരമായ നിലപാടാണ് കേരള സർക്കാർ കൈക്കൊണ്ടത്.
ലോക കേരള സഭയുടെ വിവിധ മേഖല സമിതികൾ ചർച്ച ചെയ്ത കാര്യങ്ങളിൽ പ്രധാനമായ പലതും നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും ഏറെ ദൂരം പോകാനുണ്ട്. നോർക്കയെ പ്രവാസിയുടെ ആശ്രയ കേന്ദ്രമാക്കി മാറ്റുന്നതിൽ ലോക കേരള സഭ വലിയ സംഭാവനയാണ് നൽകിയത്.
ഗൾഫ് കുടിയേറ്റത്തിന്റെ സാധ്യതകൾ മങ്ങിത്തുടങ്ങിയെങ്കിലും പുതിയ മേഖലകളിലേക്കുള്ള കുടിയേറ്റത്തിന്റെ സാധ്യതകൾ ലോകത്ത് പലയിടങ്ങളിലുമായി മലയാളികളുടെ മുന്നിൽ തുറക്കപ്പെടുന്നുണ്ട്.
കോവിഡ് കാലത്ത് പതിമൂന്ന് ലക്ഷം മലയാളികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു. അനുകൂല സാഹചര്യം രൂപപ്പെട്ടപ്പോൾ തന്നെ അതിൽ ഭൂരിഭാഗം പേരും തൊഴിലിടങ്ങളിലേക്ക് മടങ്ങി. മാത്രവുമല്ല, പുതിയതായി പ്രവാസത്തിലേക്ക് യാത്രയായവരടക്കം മടങ്ങി വന്നതിലുമധികം പേർ ഇക്കാലത്ത് പ്രവാസികളായി  മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നമ്മുടെ നാട്ടിലെ തൊഴിലന്വേഷകർക്ക് പുതിയ കുടിയേറ്റം സാധ്യമാവുന്ന നിലയിൽ തൊഴിൽ നൈപുണ്യ വികസനവും ഭാഷ പരിചയവും നൽകുന്നതിന് കൂടുതൽ സംവിധാനം  രൂപപ്പെടുത്തേണ്ടതുണ്ട്. ലോക കേരള സഭ ഇക്കാര്യം ചർച്ച ചെയ്യുകയും ഇതിനാവശ്യമായ നടപടികൾ സർക്കാർ തലത്തിൽ കൈക്കൊണ്ടു വരികയും ചെയ്യുന്നുണ്ട്.
തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള നിരവധിയായ പദ്ധതികളും സർക്കാർ നടപ്പാക്കുന്നുണ്ട്.
അയ്യായിരത്തിലധികം പ്രവാസികളെ സംരംഭകരാക്കിയ പ്രവാസി ഭദ്രത പദ്ധതി മികച്ച ഉദാഹരണമാണ്.
രണ്ട് കോടി രൂപ വരെ വായ്പയും   സബ്‌സിഡിയും നൽകി വലിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനവും കെ.എസ്.ഐ. ഡി.സി  വഴി സർക്കാർ നടപ്പിലാക്കി.
അമ്പത് കോടി രൂപ വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സംസ്ഥാനത്ത് കേവലം 24 മണിക്കൂർ പോലും വേണ്ടിവരുന്നില്ല എന്ന സവിശേഷ സാഹചര്യമാണുള്ളത്.  ഏകജാലക സംവിധാനത്തിലൂടെ ഇത് സാധിക്കും. മൂന്ന് വർഷക്കാലത്തിനകം ലൈസൻസ് നടപടികൾ പൂർത്തിയാക്കിയാൽ മതിയെന്ന സർക്കാർ തീരുമാനം ഏറെയും പ്രയോജനകരമാകുന്നത് പ്രവാസികൾക്കാണ്. തിരിച്ചെത്തിയവരുടെ പുനരധിവാസം, ക്ഷേമപദ്ധതികൾ, ഇൻഷുറൻസ് പദ്ധതി, നിക്ഷേപങ്ങൾക്ക് ഡിവിഡണ്ട് നൽകുന്ന പദ്ധതി, പുതിയ കുടിയേറ്റം ലക്ഷ്യമാക്കുന്ന തൊഴിൽ വൈദഗ്ധ്യ വികസനം, വിദേശ ഭാഷ പഠന കേന്ദ്രങ്ങൾ, കേരളത്തെ സമ്പൂർണ ഡിജിറ്റൽ ഹബ് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  -ഇത്തരത്തിൽ ലോക കേരള സഭ ചർച്ച ചെയ്തതും വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പാക്കിക്കൊണ്ടിരുന്നതുമായ പദ്ധതികൾ ഏറെയാണ്.
ജനാധിപത്യത്തിന്റെ വൈവിധ്യവൽക്കരണത്തിനും വികാസത്തിനും
പ്രവാസികളുടെ പങ്ക് വിശാലാർത്ഥത്തിൽ ചർച്ച ചെയ്യുന്ന  വലിയ വേദിയായി മാറിയ ലോക കേരള സഭയുടെ രൂപീകരണവും മുന്നോട്ടുള്ള കുതിപ്പും ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

 

Latest News