ക്യോട്ടോ- സുമോ റിംഗില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണയാളുടെ ജീവന്‍ രക്ഷിക്കാന്‍ വൈദ്യസഹായവുമായി ഓടി എത്തിയ സ്ത്രീകളെ റഫറി തടഞ്ഞത് ജപ്പാനില്‍ വിവാദമായി. പരമ്പരാഗത ജാപ്പനീസ് കായിക ഇനമായ സുമോ ഗുസ്തി കളിക്കുന്ന തട്ടകം പവിത്രമായ ഇടമായാണ് കരുതപ്പെടുന്നത്. ഇവിടേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് അശുദ്ധിക്ക് കാരണമാകുമെന്നാണ് വിശ്വാസം. ആചാരപ്രകാരം സ്ത്രീകളെ സുമോ റിംഗില്‍ കയറ്റാറില്ല.
മയ്‌സുരു സിറ്റി മേയര്‍ റ്യോസോ തതാമിയാണ് പ്രസംഗിക്കുന്നതിനിടെ ബുധനാഴ്ച കുഴഞ്ഞു വീണത്. ഇതു കണ്ട സ്്ത്രീകള്‍ പ്രഥമശുശ്രൂഷ നല്‍കാനായി റിംഗിലേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ റഫറി ഇവരെ തടഞ്ഞു. റിംഗുവിട്ടു പോകാന്‍ ഇവരോട് റഫറി ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഇവര്‍ റിംഗില്‍ നിന്നിറങ്ങിയ ഉടന്‍ അവിടെ ഉപ്പു വിതറിയതും വിവാദത്തിന് ആക്കം കൂട്ടി. 'അശുദ്ധി' നീക്കാനുള്ള പരിഹാരക്രിയയാണ് ഉപ്പു വിതറല്‍. സുമോ മത്സരത്തിനു മുമ്പ് ഉപ്പുവിതറി റിംഗ് ശുദ്ധീകരിക്കുന്നതു പതിവാണ്. സ്ത്രീകള്‍ ഇറങ്ങിയ ഉടന്‍ ഉപ്പു വിതറിയത് സ്്ത്രീകളെ അപമാനിക്കലായെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമയുര്‍ന്നു.
അടിയന്തര ഘട്ടത്തില്‍ വൈദ്യ സഹായം നല്‍കാന്‍ മുന്നോട്ടു വന്ന സ്ത്രീകളെ തടഞ്ഞത് രൂക്ഷമായ വിമര്‍ശനത്തിന് കാരണമായതോടെ ജപാന്‍ സുമോ അസോസിയേഷന്‍ മാപ്പു പറഞ്ഞു. സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്ന സ്ത്രീകളെ അസോസിയേഷന്‍ ചെയര്‍മാന്‍ ഹക്കാകു നന്ദി അറിയിക്കുകയും ചെയ്തു. ആപല്‍ഘട്ടത്തില്‍ സഹായത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ് തീര്‍ത്തും അനുചിതമായെന്നും അദ്ദേഹം പറഞ്ഞു.






