Sorry, you need to enable JavaScript to visit this website.

നാടെങ്ങും പ്രക്ഷോഭം,  മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി 

തിരുവനന്തപുരം- സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹം പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന റൂട്ടുകളിലും സുരക്ഷ കൂട്ടി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്.
കറന്‍സി കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ഈ ആവശ്യവുമായി മണ്ഡലാടിസ്ഥാനത്തില്‍ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി കരിദിനം ആചരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്വപ്നയുടെ വാര്‍ത്താ സമ്മേശളനത്തിന് പിന്നാലെ ബിരിയാണിച്ചെമ്പുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയടക്കം പ്രയോഗിച്ചു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് സ്വപ്ന സുരേഷ്. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സ്വപ്ന വിശദീകരിക്കുന്നു. പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. താന്‍ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്നും സ്വപ്ന പറഞ്ഞു.
 

Latest News