സ്വപനക്ക് പേടിയുണ്ടെന്ന് പി.സി.ജോര്‍ജ്; സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ കാണാന്‍ വന്നിരുന്നുവെന്നും പലതും തുറന്നു പറയാന്‍ പേടിയുണ്ടെന്നും മുന്‍ എംഎല്‍എ പി സി ജോര്‍ജ്. സോളാര്‍ കേസ് പ്രതി സരിത എസ് നായരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം  പറയുന്നത്. പി.സി ജോര്‍ജിനെ തിരുവനന്തപുരത്ത് സന്ദര്‍ശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്.  
സ്വപ്നയെ അറിയാമോയെന്ന് സരിതയോട് ചോദിച്ചാണ് പി.സി ജോര്‍ജ് വിഷയം  എടുത്തിട്ടത്. സ്വപ്നയുടെ അമ്മയുടെ വീടും തന്റെ അമ്മയുടെ വീടും അടുത്താണെന്ന് സരിത മറുപടി നല്‍കുന്നു.  ഫോണ്‍ സംഭാഷണം ലീക്കാകുമെന്നും കൂടുതല്‍ നേരില്‍ കാണുമ്പോള്‍ പറയാമെന്നും പറഞ്ഞ് പി.സി ജോര്‍ജ് ഫോണ്‍ കട്ടാക്കുകയായിരുന്നു.

 

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്.  മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തേക്ക് കറന്‍സി കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ വിവാദങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകും. തൃക്കാക്കരയിലെ തോല്‍വിക്കുശേഷം  സി.പി.എമ്മിനു മറ്റൊരു തിരിച്ചടിയാണ് പുതിയ വിവാദം.
സര്‍ക്കാരിനു നേരെ സ്വപ്നയും കൂട്ടുപ്രതികളും നേരത്തെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിലുള്ള വെളിപ്പെടുത്തല്‍ ഇതാദ്യം. മുഖ്യമന്ത്രിയുമായും കുടുംബവുമായുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റായിരിക്കും സ്വപ്നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക.
യുഎഇയിലേക്കു വിദേശ കറന്‍സി കടത്തിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു തെളിവു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമാണെന്നും കോണ്‍സുലേറ്റ് പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോളര്‍ കടത്തുകേസിലെ പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അതിനുശേഷം മാസങ്ങള്‍ പിന്നിട്ട് സ്വപ്ന ജയില്‍മോചിതയായശേഷമാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മൊഴി വിശ്വാസ്യത്തിലെടുക്കേണ്ടെന്നും നേരത്തെയും സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ കളവാണെന്നു തെളിഞ്ഞിട്ടുണ്ടെന്നും സി.പി.എം നേതാക്കള്‍ പ്രതികരിച്ചു.

 

 

Latest News