അമ്മയുടെ മൃതദേഹം ഫ്രീസറില്‍ മൂന്നു വര്‍ഷം സൂക്ഷിച്ച മകന്‍ പിടിയില്‍

കൊല്‍ക്കത്ത- അമ്മയുടെ മൃതദേഹം സ്വന്തം വീട്ടില്‍ ശീതീകരണിയില്‍ മരുന്നിട്ട് മൂന്നു വര്‍ഷത്തോളമായി സൂക്ഷിച്ചു വരികയായിരുന്ന മധ്യവയ്ക്കനെ കൊല്‍ക്കത്തിയില്‍ പോലീസ് പിടികൂടി. ലെതര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു സുഭബ്രത മജുംദാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇരു നില വീട്ടില്‍ ആള്‍താമസമില്ലാത്ത ഒന്നാം നിലയില്‍ വലിയൊരു റെഫ്രിജറേറ്റര്‍ സദാസമയം പ്രവര്‍ത്തിക്കുന്നതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. 2015 ഏപ്രില്‍ ഏഴിന് മരണപ്പെട്ട അമ്മ ബിനയുടെ പെന്‍ഷനും ഇയാള്‍ എല്ലാ മാസവും ബാങ്കില്‍ നിന്ന് പിന്‍വലിച്ചു വരുന്നതായും കണ്ടെത്തി. ഐസ്‌ക്രീം, ഭക്ഷണവസ്തുക്കള്‍ എന്നീ സൂക്ഷിക്കാനുപയോഗിക്കുന്ന വലിയ റെഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.

തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹലയിലെ വീട്ടില്‍ നിന്നാണ് സുഭബ്രതയെ പിടികൂടിയത്. ഇയാളുടെ അച്ഛന്‍ ഗോപാലും ഇതേ വീട്ടില്‍ കഴിയുന്നാണ്ടിയിരുന്നു. ഇദ്ദേഹത്തേയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം സൂക്ഷിക്കാനുപയോഗിച്ചതു പോലുള്ള മറ്റൊരു റെഫ്രിജറേറ്റര്‍ കൂടി വീട്ടില്‍ കണ്ടെത്തി. ഇരുനില വീട്ടിലെ താഴെ നിലയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് പെന്‍ഷന്‍ തുക പ്രതി പിന്‍വലിച്ചിരുന്നത്. അമ്മ ബിനയും അച്ഛന്‍ ഗോപാലും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരായിരുന്നു. സുഭബ്രത മജുംദാര്‍ ഒരു ലെതര്‍ കമ്പനിയിലാണ് ജോലി ചെയ്്തിരുന്നത്. എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ് ഇതുപേക്ഷിച്ചിരുന്നു.

മൃതദേഹത്തില്‍ നിന്നും ആന്തരികാവയവങ്ങള്‍ മാറ്റിയതായും കണ്ടെത്തി. ഫോര്‍മാല്‍ഡിഹൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് മൃതദേഹം കേടുവരാതെ ഇയാള്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാരോട് കൂടുതല്‍ അടുപ്പം പുലര്‍ത്താത്ത സ്വഭാവക്കാരനാണ് പ്രതിയെന്നും പോലീസ് പറഞ്ഞു. 


 

Latest News