ബിരിയാണിച്ചെമ്പ് വരുന്ന ദിവസം എങ്ങനെ പുറത്തുപോകും; ജലീലിനോട് ഫിറോസ്

മലപ്പുറം-മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഒട്ടും ഞെട്ടുന്നില്ലെന്ന പ്രതികരണവുമായി മുന്‍മന്ത്രി കെ.ടി. ജലീല്‍.
സന്തോഷ് ട്രോഫ് ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ. എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പ്രതികരണം.ഗാലറയില്‍ പൊട്ടിച്ചിരിക്കുന്ന സ്വന്തം ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
കെ.ടി. ജലീലിന്റെ പ്രതികരണത്തിന് മറുപടിയായാണ് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്'  വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല- പി.കെ. ഫിറോസ് കുറിച്ചു.
രണ്ട് പോസ്റ്റുകളും നെറ്റിസണ്‍സ് ഏറ്റെടുത്ത് നിരവധി കമന്റുകളാണ് നല്‍കുന്നത്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ ചൊല്ലി രാഷ്ട്രീയ വിവാദം ചൂടുപിടിക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ വിദേശത്തേക്ക് കറന്‍സി കടത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനു പിന്നാലെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. തൃക്കാക്കരയിലെ തോല്‍വിക്കു ശേഷം സി.പിഎമ്മിനു മറ്റൊരു തിരിച്ചടിയാണ് പുതിയ വിവാദം.

സര്‍ക്കാരിനു നേരെ സ്വപ്നയും കൂട്ടുപ്രതികളും നേരത്തെയും ആരോപണം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ രൂക്ഷമായ ഭാഷയിലുള്ള വെളിപ്പെടുത്തല്‍ ഇതാദ്യമാണ്. മുഖ്യമന്ത്രിയുമായും കുടുംബവുമായുമുള്ള ബന്ധം കോടതിയെ രഹസ്യമൊഴിയിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായിരിക്കും സ്വപ്നയുടെ മൊഴി പരിശോധിച്ച് തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക.
യുഎഇയിലേക്കു വിദേശ കറന്‍സി കടത്തിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു തെളിവു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവമാണെന്നും കോണ്‍സുലേറ്റ് പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോളര്‍ കടത്തുകേസിലെ പ്രതികള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസില്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അതിനുശേഷം മാസങ്ങള്‍ പിന്നിട്ട് സ്വപ്ന ജയില്‍മോചിതയായശേഷമാണ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിക്കാന്‍ സ്വപ്ന തയാറായിരുന്നില്ല. ഞെട്ടിക്കുന്ന തുറന്നു പറച്ചിലാണ് സ്വപ്ന നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

 

 

Latest News