പട്‌ന- ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരണമെന്ന ബി.ജെ.പിയുടെ നിര്‍ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിരാകരിച്ചു. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നിതീഷ് കുമാര്‍ പ്രതികരിച്ചു.
ബി.ജെ.പി മന്ത്രി നീരജ് കുമാര്‍ സിംഗാണ് ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറില്‍ ജനസംഖ്യാ വര്‍ധന അമിതമായതിനാലാണു വികസന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാകുന്നതെന്നായിരുന്നു നീരജ് കുമാര്‍ സിംഗിന്റെ വാദം. ദേശീയ തലത്തില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെയെ ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്നു നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ മുമ്പു നടത്തിയ പഠനങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം കൂടുന്നതനുസരിച്ചു കുട്ടികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയെന്നും നിതീഷ് വിശദീകരിച്ചു.