സ്ഥിരം തൊഴിലാളികളുടെ തൊഴിൽ സുരക്ഷ നഷ്ടപ്പെടുത്തുന്ന കേന്ദ്ര നീക്കത്തിനെതിരെ സംഘടിത വിഭാഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കേരളത്തിൽ പൊതുമണിമുടക്ക് നടന്നപ്പോൾ അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടന്നത് ദുർബ്ബലരുടേയും തലമുറകളായി പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരുടേയും നേതൃത്വത്തിൽ ഭാരത് ബന്ദായിരുന്നു. പട്ടികജാതി/വർഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20 നു പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി മുന്നോട്ടുവെച്ച നിബന്ധനകൾ ഈ നിയമത്തിൽ വെള്ളം ചേർക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നും ആരോപിച്ചായിരുന്നു വിവിധ ദളിത് - ആദിവാസി സംഘടനകൾ ബന്ദിനാഹ്വാനം ചെയ്തത്. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്നു വാദിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹരജി നൽകിയിട്ടുണ്ട്. എന്നാൽ അതുപോരാ, നിയമ നിർമ്മാണം തന്നെ അനിവാര്യമാണെന്നാണ് സമരക്കാരുടെ ആവശ്യം.
ഉത്തരേന്ത്യയിൽ ബന്ദ് അക്രമാസക്തമായി. സമരക്കാർ പലയിടത്തും പോലീസുമായി ഏറ്റുമുട്ടി. ചിലയിടങ്ങളിൽ സംഘടിത ശക്തികൾ ദളിതുകളെ ആക്രമിച്ചു. മധ്യപ്രദേശിൽ എട്ടും പേരും ഉത്തർപ്രദേശിൽ മൂന്നും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പിലാണ് മരണം എന്നാണ് വാർത്തകൾ. പലയിടങ്ങളിലായി നൂറോളം ട്രെയിനുകൾ തടഞ്ഞു. ദേശീയ പാതകളിലും ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു തീവച്ചു. ഉത്തർ പ്രദേശിൽ മാത്രം നൂറോളം വാഹനങ്ങൾ അഗ്‌നിക്കിരയായി. മധ്യപ്രദേശിലെ ഭിൻഡിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബിൽ സൈന്യവും കേന്ദ്ര സേനയും രംഗത്തിറങ്ങി. മീററ്റിലെ ശോഭാപുരിൽ പ്രക്ഷോഭകർ പോലീസ് എയ്ഡ്പോസ്റ്റിനു തീവെച്ചു. രാജസ്ഥാനിലെ ആൾവാറിൽ പലയിടത്തും പോലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ നിരവധി വാഹനങ്ങൾക്കു തീവെച്ചു. മറ്റനവധി പ്രദേശങ്ങളിലും അക്രമങ്ങളുണ്ടായി. സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. സമരത്തെ പോലീസിനെ ഉപയോഗിച്ച് തകർക്കാനാണ് നീക്കമെന്ന് ദളിത് സംഘടനകൾ ആരോപിക്കുന്നു.
ഏറെ കാലത്തെ ആവശ്യങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം പാസാക്കിയ നിയമത്തിൽ വെളളം ചേർക്കുന്ന കോടതി വിധി ജനാധിപത്യ സംവിധാനത്തിനും സാമൂഹ്യ നീതി എന്ന മഹത്തായ ആശയത്തിനും കളങ്കമാണെന്ന കാര്യത്തിൽ സംശയമില്ല. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് എതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. വാസ്തവത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ മുപ്പത് ശതമാനത്തോളം കേസുകൾ വിചാരണ ഘട്ടത്തിലേക്ക് പോലും എത്തുന്നില്ല. ദളിതർക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ ഈ നിയമം ചുമത്താൻ പോലീസുദ്യോഗസ്ഥർ വിമുഖത കാണിക്കുകയും സമ്മർദ്ദം ശക്തമാകുമ്പോൾ മാത്രം ചുമത്തുകയും ചെയ്യുന്നു. ഈ നിയമ പ്രകാരമുള്ള ശിക്ഷാ നിരക്കാകട്ടെ വളരെ താഴ്ന്നതുമാണ്. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം എത്രയോ തുഛം. ഈ സ്ഥിതിയിൽ സർക്കാർ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമനാധികാരിയുടെ അനുമതി നിർബന്ധമാക്കിയും സ്വകാര്യ വ്യക്തികളെ വിശദമായ അന്വേഷണത്തിന് ശേഷവും മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും മറ്റുമുള്ള മാർഗ രേഖ നിയമത്തെ അട്ടിമറിക്കുന്നതല്ലാതെ മറ്റെന്താണ്? മഹാരാഷ്ട്രയിലെ ഒരു കേസിൽ ഈ നിയമം ദുരുപയോഗം ചെയ്തതാണ് ഒറ്റ ദളിത് ജഡ്ജിയും ഇല്ലാത്ത ബെഞ്ചിനെ ഇത്തരമൊരു വിധിയിലെത്തിച്ചത്. ഏതു നിയമമാണ് ഇന്ത്യയിൽ ദുരുപയോഗം ചെയ്യാത്തത്? എന്നുവെച്ച് അതിൽ വെള്ളം ചേർക്കുകയാണോ പതിവ്? തീർച്ചയായും ദളിത് ആദിവാസി സംഘടനകളുടെ ആശങ്ക ന്യായമാണ്. ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ ദളിത് ജനവിഭാഗങ്ങളുടെ അതിജീവനം തന്നെ ചോദ്യചിഹ്നമാകുന്ന കാലഘട്ടത്തിലാണ് കോടതിയുടെ ഇത്തരം ഇടപെടലുകളെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. രാജ്യത്തെങ്ങും ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചു വരുമ്പോഴാണ് ഈ നീക്കം. കോടതികളിൽ അവശേഷിക്കുന്ന വിശ്വാസം കൂടി ഇതു നഷ്ടപ്പെടുത്തും. ഖൈർലാഞ്ചി കൂട്ടക്കൊലയിൽ പട്ടികജാതി പട്ടികവർഗ നിരോധന നിയമം നിലനിൽക്കുമ്പോൾ തന്നെ പ്രതികൾക്കെതിരെ
ഈ നിയമം ചുമത്തിയില്ല എന്ന് ആരോപണമുണ്ട്. ജാതിയെ കേസിൽ നിന്നും ഒഴിവാക്കി പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്ത് കൊടുക്കുകയാണ് ഉണ്ടായത്.
നൂറ്റാണ്ടുകളായുള്ള അടിമത്തത്തിന്റേയും സാമൂഹികമായ ഒറ്റപ്പെടുത്തലിന്റേയും കാലത്ത് നിന്ന് ഒരു ജനതയെന്ന നിലയിലേക്ക് ദളിത് സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഡോ. ബി.ആർ അംബേദ്ക്കറുടെ നിരന്തര പോരാട്ടത്തിലൂടെയാണ് .സവർണ സമൂഹങ്ങളിൽ നിന്ന് വാരക്കണക്കിന് അകലം പാലിക്കേണ്ടിവന്ന ദളിത് സമൂഹം 1949 ലെ ആർട്ടിക്കിൾ 17 പ്രകാരം തൊട്ടുകൂടായ്മയെയും മറ്റു പല അനാചാരങ്ങളെയും നിയമം മൂലം നിരോധിച്ച നിയമത്തിലൂടെയാണ് പൊതുവഴികളിൽ പോലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. തുടർന്ന് ഭരണഘടനയിൽ സംവരണം എഴുതിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും വ്യാപകമായി സംവരണം നടപ്പാക്കിത്തുടങ്ങിയ 80 കളിലാണ് ദളിത് പീഡനം വ്യാപകമായതെന്നത് ശ്രദ്ധേയമാണ്. അതിനെ പ്രതിരോധിക്കാനാണ് കേന്ദ്ര സർക്കാർ പട്ടികജാതി / പട്ടികവർഗ പീഡന നിരോധന നിയമം കൊണ്ടുവന്നത്. നിയമപ്രകാരം പട്ടിക വിഭാഗത്തിനെതിരെ നടക്കുന്ന അതിക്രമം സംബന്ധിച്ച കേസിന്റെ അന്വേഷണ ചുമതല ഒരു ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് മുതൽ മുകളിലോട്ട് റാങ്കുള്ള പോലീസുദ്യോഗസ്ഥൻ ആയിരിക്കണം. കേസിലെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും വ്യവസ്ഥയുണ്ട്.
തുടർച്ചയായി നടക്കുന്ന ദളിത് പീഡനങ്ങൾ അവസാനിപ്പിക്കാൻ അവ പര്യാപ്തമല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഇത്തരം ഒരു പ്രത്യേക നിയമം തന്നെ കൊണ്ടുവന്നത്. അതിലാണ് ഇപ്പോൾ വെള്ളം ചേർക്കുന്നത്. ഈ നിയമം ദളിതരല്ലാത്തവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നു ഭയപ്പെടുന്നവർ ജാതി വ്യവസ്ഥയുടെ ഭീകരത മനസ്സിലാക്കാൻ മടിക്കുന്നവരാണെന്നതിൽ സംശയമില്ല. രാജ്യത്തെ ബ്രാഹ്മണരോ മറ്റു സവർണരോ ദിവസം തോറും 10 പേർ വീതം കൊല്ലപ്പെടുന്നില്ല. അവരുടെ വീടുകൾ തീവെയ്ക്കപ്പെടുന്നില്ല. അവരുടെ സ്ത്രീകൾ മണിക്കൂർ തോറും കൊല്ലപ്പെടുന്നില്ല' അഥവാ ബലാൽസംഗം ചെയ്യപ്പെടുന്നില്ല. അത് ദളിതരുടെ മാത്രം അനുഭവമാണ്.
എന്നാൽ നിയമം നിലവിൽ വന്ന കാലം മുതൽ ഇതിനെതിരെയുള്ള മുറവിളികളും ശക്തമാണ്. സ്ത്രീകൾക്കെതിരായ പീഡനങ്ങൾ തടയാനുള്ള നിയമങ്ങൾക്കെതിരേയും സമാനമായ ആരോപണങ്ങളുണ്ട്. സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ മേൽജാതി വികാരങ്ങളുടെ പ്രതിഫലനമായേ കാണാൻ കഴിയൂ. ദളിതർ നിയമം അന്യായമായി ഉപയോഗപ്പെടുത്തുന്നവരാണെന്ന മുൻവിധിയും ഇത് സൃഷ്ടിക്കുന്നു.
ഗുജറാത്തിലും മഹാരാഷ്ട്രയിലും ഭീം ആർമിയിലൂടെ യു.പിയിലും മറ്റും നടന്ന ദളിത് മുന്നേറ്റങ്ങളാണ് ഇത്തരമൊരു നീക്കത്തിന് കാരണമായതെന്നു കരുതാവുന്നതാണ്. ജാതിയുടെ പേരിൽ വിഭവാധികാരം കവർന്നെടുക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത, വിഭാഗങ്ങൾക്കു നേരെയാണ് വീണ്ടും വീണ്ടും ഇത്തരം നീക്കങ്ങൾ നടക്കുന്നതും അതിനെതിരായ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്നതും.
എന്നിട്ടും അതിനെതിരെ ശക്തമായ ഒരു പ്രതികരണവും പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്നില്ല എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളെ ശക്തിപ്പെടുത്തുന്നു. കേരളമാകട്ടെ പതിവുപോലെ ദളിതരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളോട് മുഖം തിരിച്ചുനിൽക്കുന്നു.