400 ഗ്രാം പാക്കറ്റുകളില്‍ 325 ഗ്രാം കോഴിയിറച്ചി; സൗദിയില്‍ കൃത്രിമം നടത്തിയ വിദേശികള്‍ പിടിയില്‍

ദമാം - കോഴിയിറച്ചി തൂക്കത്തില്‍ കൃത്രിമം കാണിച്ച നിയമ ലംഘകരായ വിദേശികളെ  പോലീസുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയം പിടികൂടി. യഥാര്‍ഥ തൂക്കത്തില്‍ കൂടുതല്‍ തൂക്കം രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ കോഴിയിറച്ചി നിറക്കുന്നതിനിടെയാണ് നിയമ ലംഘകര്‍ പിടിയിലായത്.

നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് ദമാം സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയെ വാണിജ്യ മന്ത്രാലയം വിൡപ്പിച്ചിട്ടുണ്ട്. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് വിദേശികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
തൂക്കത്തില്‍ കൃത്രിമം കാണിച്ച 1,700 പേക്കറ്റ് കോഴിയിറച്ചി റെയ്ഡിനിടെ വാണിജ്യ മന്ത്രാലയം പിടികൂടി. 400 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പേക്കറ്റുകളില്‍ 325 ഗ്രാം കോഴിയിറച്ചിയാണ് നിറച്ചിരുന്നത്. സ്ഥാപനത്തിന്റെ ട്രേഡ്മാര്‍ക്ക് സഹിതം വ്യത്യസ്ത തൂക്കങ്ങള്‍ രേഖപ്പെടുത്തിയ 1,900 സ്റ്റിക്കറുകളും തൂക്കത്തില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ചിരുന്ന മൂന്നു ഉപകരണങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തു.

സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്തും. നിയമ ലംഘനങ്ങള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ടോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News