മഴക്കാലം, രോഗകാലം

ഇന്റർനെറ്റിനെ കുറിച്ചും അതിവേഗ പാതകളെ കുറിച്ചും സംസാരിക്കുന്ന സർക്കാരുകൾക്ക്, ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന മാലിന്യപ്രശ്‌നത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നതിനോ പ്രായോഗികമായ പദ്ധതികൾ നടപ്പാക്കുന്നതിനോ കഴിഞ്ഞിട്ടില്ല.മാലിന്യ സംസ്‌കരണത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.സംസ്ഥാന സർക്കാർ തൊട്ട് മുനിസിപ്പാലിറ്റികൾ വരെയുള്ള ഭരണ സംവിധാനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ വിദേശ രാജ്യങ്ങളിലടക്കം സന്ദർശിച്ച് മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിച്ചെങ്കിലും ഒന്നും നാട്ടിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.


മഴക്കാലത്തിന്റെ തുടക്കം ആരോഗ്യമേഖലയിൽ വെല്ലുവിളികൾ ഉയർത്തി തുടങ്ങിയിരിക്കുന്നു.ജലജന്യ രോഗങ്ങളുടെ വ്യാപനം പല പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന് തലവേദനയായി തുടങ്ങിയിരിക്കുന്നു. ആശുപത്രികളിൽ പനി ബാധിതർ വർധിക്കുകയാണ്.കുടിവെള്ള സ്രോതസുകൾ മഴക്കാലത്ത് കൂടുതൽ മലിനമാക്കപ്പെടുന്നത് ആരോഗ്യമേഖലയിൽ ചെറിയ വെല്ലുവിളിയല്ല ഉയർത്തുന്നത്. കോവിഡ് വ്യാപനം ചെറിയ തോതിലെങ്കിലും തുടരുന്ന കാലത്ത് പകർച്ചപ്പനികളുടെ വരവ് ജനങ്ങളിൽ ആശങ്കകൾ വർധിപ്പിക്കുകയാണ്.


മലബാർ മേഖലയിൽ നിന്നാണ് പകർച്ചവ്യാധികൾ കുറച്ചു കാലമായി നിരന്തരം പുറത്തു വരുന്നത്.നിപ്പ,ഷിഗല്ല,എലിപ്പനി തുടങ്ങിയ രോഗങ്ങളുടെ വ്യാപനം മേഖലയിൽ കൂടുതലാണ്.ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുന്ന കാലം കൂടിയാണിത്.സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിൽ കിടത്തി ചികിൽസക്ക് പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് മഴക്കാലത്ത് പലപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്.മലബാറിലെ പ്രമുഖ സർക്കാർ ആരോഗ്യകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളെ കിടത്താൻ ഇടമില്ലാത്ത അവസ്ഥവരെ ഇക്കാലത്തുണ്ടാകാറുണ്ട്.ജില്ലാ തലങ്ങളിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല.
മഴക്കാലത്തുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് പകർച്ചപ്പനികളുടെ അടിസ്ഥാന കാരണമെങ്കിലും ജലസ്രോതസുകളിലെ മാലിന്യത്തിലൂടെ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നത് ഏറെ അപകടകരമായ ഭീഷണിയാണ് ഉയർത്തുന്നത്.മഴ മൂലമുള്ള ജലദോഷമോ പനിയോ പെട്ടെന്ന് മാറുന്നതാണെങ്കിലും മാലിന്യത്തിൽ നിന്നുള്ള പ്രത്യേക വൈറസുകൾ കൂടുതൽ മാരകമായി മാറുന്നതാണ് പതിവ്.ചികിൽസ വൈകിയാൽ മരണം വരെ സംഭവിക്കുന്ന രോഗങ്ങളാണ് ഇവ സമ്മാനിക്കുന്നത്.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇത്തരം വൈറസുകളുടെ വ്യാപനം അതിവേഗത്തിൽ നടക്കുന്നതും ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു.


മാലിന്യ സംസ്‌കരണത്തിൽ സർക്കാർ സംവിധാനങ്ങളുടെ ജനങ്ങളും കാട്ടുന്ന അലംഭാവമാണ് മഴക്കാല രോഗങ്ങളുടെ വ്യാപനത്തിന് ആക്കം കൂട്ടുന്നത്.നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ മാലിന്യങ്ങളുടെ വർധനവ് വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.വീടുകളിൽ നിന്നുള്ള മാലിന്യം മുതൽ ആശുപത്രികളിലെ മാലിന്യം വരെ പൊതുസ്ഥലങ്ങളിലെത്തുകയും ഇവ സംസ്‌കരിക്കപ്പെടാതെ രോഗാണുക്കളുടെ പ്രജനന കേന്ദ്രങ്ങളായി മാറുന്നതുമാണ് രോഗവർധനവിന് അടിസ്ഥാനകാരണമാകുന്നത്.സ്വന്തം വീട്ടിലെ മാലിന്യം പോലും പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് ജനങ്ങളുടെ ശീലമായി മാറിയിരിക്കുന്നു.ഇറച്ചിക്കടകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ മാലിന്യങ്ങളും നിക്ഷേപിക്കപ്പെടുന്നത് വഴിയോരങ്ങളിലോ ഒഴിഞ്ഞ പറമ്പുകളിലോ ആണ്.മഴവെള്ളത്തിലൂടെ ഒഴുകി ഇവ കിണറുകളിലും മറ്റു കുടിവെള്ള സ്രോതസുകളിലും കലരുന്നത് വലിയ വിപത്തിലാണ് കാരണമായി കൊണ്ടിരിക്കുന്നത്.


മാലിന്യ സംസ്‌കരണത്തിൽ ഇപ്പോഴും മലബാർ മേഖലയിൽ കാര്യക്ഷമമായ പദ്ധതികളില്ല എന്നത് നിരാശാജനകമാണ്.കോർപ്പറേഷനുകൾ മുതൽ പഞ്ചായത്തുകൾ വരെ നടത്തി വരുന്ന മാലിന്യശേഖരണ, സംസ്‌കരണ പദ്ധതികളിൽ ഭൂരിഭാഗവും വിജയകരമല്ല.ഭരണസംവിധാനങ്ങളുടെ അർപ്പണ ബോധമില്ലായ്മയാണ് ഇതിന് പ്രധാന കാരണം.ഉറവിടങ്ങളിൽ മാലിന്യങ്ങൾ സംസ്‌കരിക്കുകയെന്നതാണ് അടിസ്ഥാന നയമെങ്കിലും ഇതിനുള്ള സംവിധാനങ്ങളോ പരിശോധനകളോ കാര്യക്ഷമമായി നടക്കുന്നില്ല.പൊതു ഇടങ്ങളിലേക്ക് പുറംതള്ളപ്പെടുന്ന മാലിന്യത്തിന്റെ അളവ് ദിനംപ്രതി വർധിച്ചു വരികയാണ്.ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആശുപത്രി മാലിന്യങ്ങളും വർധിക്കുന്നു.ഇവ അതേ സ്ഥാപനത്തിൽ നിന്ന് പുറത്തു പോകാതിരിക്കാനുള്ള നടപടികൾ പലപ്പോഴും ഉണ്ടാകുന്നില്ല.ഖരമാലിന്യത്തേക്കാൾ അപകടകരമായ ജലമാലിന്യം രോഗ വ്യാപനത്തിന് കൂടുതൽ കാരണമാകുന്നു.ആശുപത്രികളിൽ നിന്നുള്ള മലിനജലം പൊതു ഓടകളിലേക്ക് ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുന്നുണ്ട്.പുഴയോരങ്ങളിലെ കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യം വരെ പുറത്തേക്ക് ഒഴുക്കി വിടുന്നതായി അധികൃതരുടെ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.മഴക്കാലത്ത് ഇത്തരം മാലിന്യങ്ങൾ അതിവേഗം പുഴയിലേക്കൊഴുകയും വെള്ളത്തിൽ കലരുകയുമാണ്. ഈ വെള്ളിമാണ് പലയിടത്തും കുടിവെള്ള പദ്ധതികളിലേക്ക് പമ്പ് ചെയ്യുന്നത്.ഇത് ജനങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന ഭീഷണി ചെറുതല്ല.


വീടുകളിലെ മാലിന്യശേഖരണത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൊണ്ടു വന്ന പരീക്ഷണങ്ങൾ മലബാർ മേഖലയിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളെ ഉപയോഗിച്ച് വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് പല പഞ്ചായത്തുകളും പദ്ധതികൾ ആരംഭിച്ചെങ്കിലും പലതും പാതി വഴിയിൽ അവസാനിക്കുകയായിരുന്നു.മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള പണം നൽകാൻ വീട്ടുകാർ തയ്യാറാകാത്തതും ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കേന്ദ്രീകൃത സംസ്‌കരണ ശാലകളിൽ എത്തിക്കാനാകാത്തതുമാണ് പദ്ധതികൾ പാളാൻ കാരണമാകുന്നത്.ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ പഞ്ചായത്തുകളിലെ റോഡ് വക്കുകളിൽ കൂട്ടിയിട്ട് അവ രോഗപ്രജനന കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു.
ഇന്റർനെറ്റിനെ കുറിച്ചും അതിവേഗ പാതകളെ കുറിച്ചും സംസാരിക്കുന്ന സർക്കാരുകൾക്ക്,ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന മാലിന്യപ്രശ്‌നത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുന്നതിനോ പ്രായോഗികമായ പദ്ധതികൾ നടപ്പാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. മാലിന്യ സംസ്‌കരണത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്.സംസ്ഥാന സർക്കാർ തൊട്ട് മുനിസിപ്പാലിറ്റികൾ വരെയുള്ള ഭരണ സംവിധാനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ വിദേശ രാജ്യങ്ങളിലടക്കം സന്ദർശിച്ച് മാലിന്യ സംസ്‌കരണത്തെ കുറിച്ച് പഠിച്ചെങ്കിലും ഒന്നും നാട്ടിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല.


പഞ്ചായത്തുകൾ തോറും മാലിന്യ സംസ്‌കരണ കേന്ദ്രം എന്ന സങ്കൽപ്പം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. വായു മലിനീകരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും പേരിൽ ഇത്തരം പദ്ധതികൾ പലതും ജനങ്ങളുടെ എതിർപ്പുകളെ തുടർന്ന് ആരംഭിക്കാൻ കഴിയാറില്ല. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്ന് ഇത്തരം പദ്ധതികൾ ആരംഭിക്കാൻ ഒരു കാലത്ത് സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് ജനവാസം വർധിച്ചതോടെ അത്തരം സാധ്യതകളും ഇല്ലാതായി. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ മാലിന്യസംസ്‌കരണ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള ശ്രമമാണ് അധികാരികളിൽ നിന്നുണ്ടാകേണ്ടത്.നാട്ടിൽ എഞ്ചിനിയറിംഗ് കോളേജുകൾ ഏറെയുണ്ടെങ്കിലും ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവർക്കും പ്രായോഗികമായ പദ്ധതികൾ മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ല.


മഴക്കാലത്ത് ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നത് മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്‌നമായി കാണാൻ ജനങ്ങൾ തയ്യാറാകേണ്ടതുണ്ട്. ജനങ്ങൾ തന്നെ ഉൽപാദിപ്പിക്കുന്ന മാലിന്യം അവരുടെ തന്നെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുവെന്ന യാഥാർത്ഥ്യം ഓരോരുത്തരും ആദ്യം മനസിലാക്കണം.വിഭവങ്ങളുടെ അമിതമായ ഉപയോഗമാണ് മാലിന്യത്തിന്റെ അമിതമായ വർധനക്ക് കാരണമെന്നതും തിരിച്ചറിയേണ്ടതുണ്ട്.ഓരോ വീട്ടിലും സ്ഥാപനത്തിലും ഉണ്ടാകുന്ന മാലിന്യം അവിടെ തന്നെ സംസ്‌കരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടെ വലിയൊരു ഭീഷണി ഒഴിവാകും. അതുവഴിയുള്ള രോഗവ്യാപനത്തിനും അറുതി വരും.

 

Latest News