Sorry, you need to enable JavaScript to visit this website.

വിജയ- പലായന- ലയനങ്ങൾ!


ഒരു ചൊല്ലുണ്ട്- 'വടി കൊടുത്തു അടി മേടിക്കുക' എന്ന്. സെഞ്ച്വറി അടിക്കാൻ തൃക്കാക്കരയിൽ ഇറങ്ങിയ ക്യാപ്ടനും പ്രിയ സെക്രട്ടരി സഖാവും അതാണ് ചെയ്തത്. പൂജ്യം മാർക്കിന്റെ രാഷ്ട്രീയ പ്രാധാന്യം പോലുമില്ലാത്ത ഒരു ഉപതെരഞ്ഞെടുപ്പിനെ ഊതിപ്പെരുക്കി ഹൈഡ്രജൻ ബലൂൺ പോലെയാക്കി. പിന്നെ ഭരണത്തിന്റെ വിലയിരുത്തലാകും മേൽപടി ബലൂൺ എന്നു മാധ്യമങ്ങളോടു പറയുക. ശ്ശെ, ഇത്രയും ചിന്താശൂന്യരാകാമോ? പി.ടി. തോമാച്ചന്റെ ഭാര്യ ഉമ അമ്മാൾ ജയിച്ചത് ഒരു മൂവർണക്കൊടിയുടെ സ്ഥിരം മണ്ഡലത്തിൽനിന്നുമാണ് എന്നതല്ലേ ശരി? അവിടെ കരയിൽ പിടിച്ചിട്ട തിരുത മീൻ പോലെ കിടന്നു പിടഞ്ഞിട്ടു കാര്യമുണ്ടോ? 'വിട്ടുകള ആശാനേ' എന്നു പറഞ്ഞ് ജില്ലാ സെക്രട്ടറി സഖാവ് മാത്രമേ പുറത്തിറങ്ങി പ്രസ്താവിച്ചുള്ളൂ. 2011ൽ ബെന്നി ബഹനാൻ നേടിയ വോട്ടുകൾ കടന്ന് ഉമാജി മുന്നേറിയാലും അത് ക്യാപ്ടൻ സഖാവിനെ എങ്ങനെ ബാധിക്കുമെന്ന് കണക്കു പരീക്ഷയിൽ തോറ്റു ശീലിച്ചവർ മാത്രമേ പറയൂ... സുധാകര ഗുരുവിന് ക്യാപ്ടൻ പുറത്തായി കാണണം. അതു കുറേക്കാലമായുള്ള നേർച്ചയാണ്. പക്ഷേ ക്യാപ്ടൻ ക്രിക്കറ്റു കളിയിൽ മാത്രമല്ലല്ലോ. കാറും കോളും കെ റെയിലിന്റെ പ്രതികൂല തിരമാലകളും ചേർന്ന് തൃക്കാക്കരയിൽ കപ്പൽ കരയ്ക്കടുക്കാൻ അനുവദിച്ചില്ല. മുങ്ങിത്താഴുന്ന കപ്പലിൽ ഏറ്റവുമൊടുവിൽ മാത്രമേ കപ്പിത്താൻ - അതാണല്ലോ ആംഗലത്തിൽ ക്യാപ്ടൻ രക്ഷപ്പെടാൻ വേണ്ടി- എടുത്തു ചാടുകയുള്ളൂ. ഇവിടെ 99 സീറ്റുള്ള മുന്നണി മുങ്ങുമെന്ന സ്വപ്‌നം കാണാൻ തലയ്ക്കു വെളിവുള്ള ആരും തയാറാവുകയില്ല. എന്നിട്ടും സുധാകര ഗുരു 'ക്യാപ്ടൻ രാജിവയ്ക്കണ'മെന്നു പ്രസ്താവിച്ചുകളഞ്ഞു! അമ്പട കേമാ! കളി ആരോടാണ്? വിജയം ആഘോഷിക്കാൻ ലഡു പൊട്ടിച്ചതിലും സോറി, വിതരണം ചെയ്തതിലും പറ്റി ഒരു അപാകത. പലഹാരത്തിന്റെ നിറം കെ റെയിൽ കുറ്റിയെ ഓർമിപ്പിക്കുന്നു. മറ്റേതെങ്കിലും കളറുള്ള ലഡു കൊടുക്കണം എന്ന് ഒരു പ്രേക്ഷകൻ ഒരു ചാനൽ അവതാരകനോടു പറഞ്ഞത് നാട്ടുകാർ കണ്ടതും കേട്ടതുമാണ്. മാർക്കറ്റിൽ പിന്നെ കിട്ടുന്ന ലഡുവിന്റെ നിറം കാവിയാണ്. അങ്ങനെ ചെയ്താൽ, ബി.ജെ.പി വോട്ടു മറിച്ചു ചെയ്തതിലുള്ള ആഹഌദമോ നന്ദിയോ ഒക്കെ ആണെന്ന വ്യാഖ്യാനം ലെനിൻ സെന്ററിൽ നിന്നും പുറത്തുവരും; അതിനു സെക്കന്റുകൾ മതി. പച്ച ലഡു ആയാൽ ലീഗിനെ മാത്രം അഭിനന്ദിച്ചുവെന്നു വ്യാഖ്യാനം വരും. ഇടതുമുന്നണിയിലെ ലീഗുകാർ കാലുമാറി വോട്ടു ചെയ്തതെന്നും ആരോപണമുണ്ടാകും. നീല പലഹാരമാണെങ്കിലോ? നിലത്തിറങ്ങി നടക്കാത്ത ഒരു ഡോക്ടറെ പിടിച്ചുകൊണ്ടുവന്നു സ്ഥാനാർഥിയാക്കിയതിൽ മൗന പ്രതിഷേധമുള്ള സി.ഐ.ടി.യു വിഭാഗമുണ്ട്. സഖാക്കൾ കാലുമാറി വോട്ടു ചെയ്തതോടെയാണ് ഉമാ തോമസിന്റെ ഭൂരിപക്ഷം കുതിച്ചുകയറിയതെന്ന് 'അവൈലബിൾ ബുദ്ധിജീവികൾ' വിലയിരുത്തും. അതിനാൽ തൽക്കാലം മഞ്ഞ ലഡു തന്നെ കേരളം മുഴുവൻ വാരി വിതറിയാൽ മതിയെന്നു സുധാകര ഗുരുക്കളും സതീശനാശാനും തീരുമാനിച്ചു, സന്ദേശം പകർന്നു. 'കേരള ശ്രീ' പട്ടം നൽകുന്ന മാതൃകയിൽ സതീശനാശാന് 'ക്യാപ്ടൻ' പുരസ്‌കാരം നൽകുന്ന ചടങ്ങ് എറണാകുളം ഡി.സി.സിയിൽ നടന്നു. ഏറ്റവുമൊടുവിൽ കുമ്പളങ്ങിയിൽ നിന്നു ചാനലുകളിലെ പതിഞ്ഞ വാർത്തയിൽ മാഷിന് ഇപ്പോഴും കോൺഗ്രസും സോണിയാജിയുമായും നല്ല ബന്ധമാണുള്ളതെന്നു കാണുന്നു. മുംബൈയിൽ പവാർജിയുമായും അതു തന്നെ. ഇനി പ്രധാൻ മന്ത്രി ജി, മമതാ ദീദി, മുതലമൈച്ചർ സ്റ്റാലിൻ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും പുറത്തുവിടും. അവിടെയൊക്കെ ഉപതെരഞ്ഞെടുപ്പെങ്കിലും ഒന്നു വന്നോട്ടെ.
****                              ****                         ****
കേരളത്തിൽ ജയിക്കുമ്പോൾ മറ്റിടങ്ങളിൽ തോറ്റു തൊപ്പിയിടുന്ന ചരിത്രമാണ് നമ്മുടെ മുൻ ദേശീയ പാർട്ടിക്ക്.  1975 ലെ അടിയന്തരാവസ്ഥ കടന്ന് 1977-ൽ പൊതുതിരഞ്ഞെടുപ്പെത്തി. പോലീസ് അതിക്രമങ്ങൾ കടന്നത് പോരാഞ്ഞ് രാജൻ കൊലക്കേസു വരെ വീശിയടിക്കുന്ന കാലം. പക്ഷേ ജയിച്ചത് കെ. കരുണാകരൻ. വടക്ക്, ഒരു ഹോമിയോ ഡോക്ടറായ (?) രാജ്‌നാരായണന്റെ കൈക്കാണ് ഇന്ദിരാഗാന്ധി അടിപെട്ടു പോയത്. തുരുതുരാ ജയിലിനകത്തേത്തു പോയി, നേതാക്കൾ. അതു സഹിക്കാം. പിന്നീട് പുത്രനും നരസിംഹനുമൊക്കെ പ്രധാനമന്ത്രിമാരായല്ലോ. പക്ഷേ സാമ്പത്തിക ബുദ്ധിയായ മൻമോഹൻസിംഗിന്റെ ഭരണശേഷം, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കരകയറിയില്ല. ആന്റണി - തിരുത തോമസ്- പി.ജെ. കുര്യന്മാർ സോണിയാജിയെ ചുറ്റിപ്പറ്റി നിന്നും ഇരുന്നും കസേരകളിൽ കിടന്നും കാലം കഴിച്ചു. കോട്ടയത്തുനിന്ന് ഒരാൾ ഇതിനിടെ ഇന്ത്യൻ പ്രഥമ പൗരൻ വരെയായി. എന്നാൽ ഇന്നോ? ദിനംപ്രതി ഒരു മനുഷ്യജീവിയെ വീതം ഭക്ഷിക്കുന്ന രാക്ഷസനെക്കുറിച്ച് പുരാണകഥകളിലുണ്ട്. കോൺഗ്രസിലെ അങ്ങോരുടെ പേരാണ് അരാജകത്വം. നന്ദികേട്, കാലുമാറ്റം എന്നീ അപരനാമങ്ങളുമുണ്ട്. കക്ഷിയുടെ നിഴൽക്കുത്ത് ഏറ്റിട്ടാണ്, നേരം വെളുത്താൽ കിട്ടുന്ന വാർത്ത കോൺഗ്രസ് അത്യാഹിതത്തെക്കുറിച്ചു മാത്രമാണ്! ജമ്മു മുതൽ തുടങ്ങുന്നു. അത്യാഹിതം ഒഴിവാക്കാൻ അറിയാവുന്ന ഒരേയൊരു ചികിത്സ എമ്മെല്ലേമാരെയും എം.പിമാരെയും റിസോർട്ടുകളിൽ എത്തിച്ച് പത്തായത്തിലോ കുളിമുറിയിലോ അടച്ചു സൂക്ഷിക്കുക എന്നതുമാത്രം. അവിടെയും ശ്വാസംമുട്ടുന്നവർ പുറത്തുചാടി അന്യപാർട്ടികളുടെ ചാക്കിന്മേൽ അഭയം തേടുന്ന കാഴ്ചയാണ്. ദിനംപ്രതിയുള്ള 'രാജി'ക്കണക്ക് കോവിഡിന്റെ കള്ളക്കണക്ക് പോലെയല്ല, കപിൽ സിബലിന്റെ യാദവ പാർട്ടി പ്രവേശം മുതൽ 'പുറത്തുചാട്ട'ത്തിന് സ്പീഡുകൂടിയുണ്ട്. കേരളത്തിൽ  ധാരാളം റിസോർട്ടുകളുണ്ടെങ്കിലും ഭരണകക്ഷിക്ക് കോൺഗ്രസ് വർഗ ശത്രു ആയതിനാൽ , ആരും ഇങ്ങോട്ടുവരാൻ ധൈര്യപ്പെടുന്നില്ലെന്നു മാത്രം. അല്ലെങ്കിലോ സംസ്ഥാന ടൂറിസം വരുമാനം (കോൺഗ്രസിനെക്കൊണ്ടു മാത്രം) കുതിച്ചുയരുമായിരുന്നു, എന്തു ചെയ്യാം!


'ന്റെപ്പുപ്പാക്കൊരാനേണ്ടാർന്നു' എന്ന് പറഞ്ഞിട്ടെന്തു കാര്യം? ഇപ്പോൾ കുഴിയാന മാത്രമാണ് മിച്ചം. 2018ൽ മധ്യപ്രദേശിലെ ശരത്‌യാദവും ബിഹാറിലെ അലി അൻവറും ചേർന്നു കൂട്ടിക്കുഴച്ചുണ്ടാക്കിയതാണ് ലോക് താന്ത്രിക് ജനതാദൾ. ദേവ ഗൗഡയാകട്ടെ ജനതാദൾ- ബ്രാക്കറ്റിൽ ഒരു എസും- നേതാവ്. മാത്രമല്ല, ഇന്ത്യയുടെ 11-ാത് പ്രധാൻ മന്ത്രിജിയുമായിരുന്നു. ഇരു കൂട്ടരും ഇപ്പോൾ ലയിക്കാൻ പോകുന്നുവെന്ന് ഒരു അറിയിപ്പുണ്ട്. തങ്ങൾ ചെറിയ മനുഷ്യരും വലിയ ലോകവുമാണെന്ന് ഈയിടെ തിരിച്ചറിഞ്ഞുവെന്നു തോന്നുന്നു. ശ്രേയാംസ് കുമാറാണ് അവതാരകൻ. ഇങ്ങനെ രണ്ടു പാർട്ടികൾ കേരളത്തിലും ഉണ്ടെന്ന വിവരം ഇപ്പോഴെങ്കിലും അറിയിച്ചതിനു നന്ദി പറയണം. പതിനാലു ജില്ലകളിൽ ഏഴെണ്ണം വീതം ഇരു പാർട്ടികളും പങ്കിടുമത്രേ! ഫാസിലിന്റെ 'ഹരികൃഷ്ണൻസ്' എന്ന ചിത്രം കണ്ടവരാണ് നേതാക്കൾ എന്നു തെളിഞ്ഞു. മമ്മൂക്കയ്ക്കു കൂടുതൽ ഫാൻസുള്ള ദേശങ്ങളിൽ അങ്ങോർ നായികയായ ജൂഹി ചൗളയെ കെട്ടുന്നു. ലാലേട്ടനു ഭൂരിപക്ഷമുള്ള ജില്ലകളിൽ അങ്ങോർ താലികെട്ടുന്നു. ഇരട്ട ക്ലൈമാക്‌സ്! തിരുവല്ല ബാറിൽ സാമാന്യം നല്ല പേരുള്ള ഒരു വക്കീലാണ് മാത്യു ടി. തോമസ്. ഒരു തവണ മന്ത്രിയാകാനും യോഗമുണ്ടായി. അദ്ദേഹത്തിനു പാർലമെന്ററി വ്യാമോഹം വിട്ടുമാറിയ ലക്ഷണമില്ല. സംസ്ഥാന പ്രസിഡന്റുമാകുമത്രേ! എന്നാലും  ഇടതുമുന്നണിയിലെ വല്യേട്ട- കൊച്ചേട്ടന്മാരോടു മുട്ടിനോക്കാനുള്ള ത്രാണിയൊന്നും ഉണ്ടാകില്ല. 

Latest News