Sorry, you need to enable JavaScript to visit this website.

റിസോട്ടുകളിൽ താമസിക്കാം കുറഞ്ഞ ചെലവിൽ

സങ്കൽപിക്കാൻ പറ്റാത്ത വിധം ആകർഷകമായ നിരക്കുകളിലാണ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപറേഷൻ ഹോട്ടലുകളിൽ താമസവും ഭക്ഷണവും ഓഫർ ചെയ്യുന്നത്. സംസ്ഥാനത്തെ  ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ കുടുംബസമേതം സന്ദർശിക്കാൻ സൗകര്യമൊരുക്കുകയാണ്.  മികച്ച ആനുകൂല്യങ്ങളുമായി ജൂൺ 1 മുതൽ സെപ്തംബർ 30 വരെയാണിത്. തേക്കടി, മൂന്നാർ, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെ.ടി.ഡി.സി റിസോർട്ടുകളിലാണിത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടർ സ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിൽ രണ്ട് രാത്രിയും മൂന്നുദിവസത്തെ താമസവും പ്രഭാതഭക്ഷണവും നികുതിയും ഉൾപ്പെടെ 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 7499 രൂപയാണ് നിരക്ക്.ബജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹൗസ്, തണ്ണീർമുക്കത്തെ സുവാസം, കുമരകം ഗേറ്റ്‌വേ റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻ ഹൗസ്, എന്നിവയിൽ രണ്ട് രാത്രി, മൂന്നുദിവസത്തെ താമസം, പ്രഭാതഭക്ഷണം, നികുതിയും ഉൾപ്പെടെ 4,999 രൂപ നിരക്കാണ്. നിലമ്പൂരിലെയും മണ്ണാർക്കാട്ടെയും ടാമറിന്റ് ഈസി ഹോട്ടലുകളിൽ രണ്ട് രാത്രിയും മൂന്നുദിവസവും താമസിക്കാൻ പ്രഭാതഭക്ഷണവും, നികുതികളും ഉൾപ്പെടെ 3499 രൂപയാണ്. ടൂറിസത്തിൽ സംസ്ഥാനത്തിന്റെ പരമാവധി സാദ്ധ്യതകൾ ഉപയോഗപ്പെടുത്താനും വിനോദസഞ്ചാര കേന്ദ്രങ്ങൾ വിപുലീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായാണ് മൺസൂൺ ടൂറിസം പരീക്ഷിക്കുന്നത്. ആഭ്യന്തര ടൂറിസ്റ്റുകളുൾപ്പെടെ ധാരാളം പേരെ പദ്ധതി ആകർഷിക്കുമെന്നാണ് പ്രതീക്ഷ- ടൂറിസം മാർക്കറ്റിംഗ് ജോയിന്റ് ഡയറക്ടർ പറഞ്ഞു. കേരളത്തിലെ റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുന്ന പദ്ധതിയും ഇതിനിടയ്ക്ക് ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതിയ്ക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനു തുടക്കം കുറിച്ചു. ഫല വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും വെച്ചു പിടിപ്പിക്കാനാണ്  പദ്ധതി.  
 

Latest News