ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു

കയ്‌റോ-പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ രണ്ട് മുന്‍ വക്താക്കള്‍ നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശങ്ങളെ കയ്‌റോ ആസ്ഥാനമായുള്ള അറബ് പാര്‍ലമെന്റ് ശക്തമായി അപലപിച്ചു.
ഇത്തരം പ്രസ്താവനകള്‍ സഹിഷ്ണുതയുടെയും മതാന്തര സംവാദത്തിന്റെയും തത്വത്തിന് വിരുദ്ധമാണെന്നും മതങ്ങള്‍ തമ്മിലുള്ള വിദ്വേഷത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുമെന്നും അറബ് ലീഗിന്റെ നിയമനിര്‍മ്മാണ സമിതിയായ അറബ് പാര്‍ലമെന്റ് വ്യക്തമാക്കി.
സഹിഷ്ണുത, സംവാദം എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും രാജ്യദ്രോഹവും മത വിദ്വേഷവും വളര്‍ത്തുന്ന തീവ്രവാദ ആശയങ്ങളെ നേരിടാനും ബാധ്യസ്ഥരായ ഭരണകക്ഷിയുടെ  ഭാരവാഹികള്‍ ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ പാര്‍ലമെന്റ് ആശ്ചര്യം പ്രകടിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതങ്ങളെയും അവയുടെ പവിത്ര ചിഹ്നങ്ങളെയും അവഹേളിക്കന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അഭിപ്രായ സ്വാതന്ത്ര്യവും മറ്റുള്ളവരുടെ വിശ്വാസങ്ങളോടുള്ള ബഹുമാനവും തമ്മിലുള്ള വലിയ വ്യത്യാസം തിരിച്ചറിയണമെന്ന് അറബ് പാര്‍ലമെന്റ് ഉണര്‍ത്തി.
ബിജെപി ദേശീയ വക്താവായിരുന്ന നൂപൂര്‍ ശര്‍മ്മയെ പാര്‍ട്ടി നേതൃത്വം സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ട്ടിയുടെ ദല്‍ഹി യൂണിറ്റ് മീഡിയ തലവന്‍ നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.വിവാദ പ്രസ്താവനകള്‍ രാജ്യാന്തര തലത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്ന്
എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

രോഷം, പ്രതിഷേധം

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ ഇന്ത്യയിലും അറബ്, മുസ്‌ലിം രാജ്യങ്ങളിലും കടുത്ത രോഷവും പ്രതിഷേധവും ഉയര്‍ത്തിയതിനിടെ, പ്രതിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഓര്‍ഗനൈസഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന് (ഒ.ഐ.സി) പിന്നാലെ സൗദി അറേബ്യയും യു.എ.ഇയും ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) പ്രവാചക നിന്ദക്കെതിരെ രംഗത്തുവന്നു. ഒ.ഐ.സിയുടെ പ്രസ്താവന ഇന്ത്യ ശക്തമായ വാക്കുകളോടെ തള്ളി. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ പ്രസ്താവനയേയും ഇന്ത്യ നിരാകരിച്ചു. വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമായി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാപാര ബഹിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉയരുകയാണ്.
പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ഒ.ഐ.സിയുടെ പ്രസ്താവനയെ ഇന്ത്യ കടുത്ത വാക്കുകളോടെയാണ് തള്ളിയത്. അനാവശ്യവും സങ്കുചിതവുമായ പ്രതികരണങ്ങളെ തള്ളിക്കളയുന്നു എന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്‍ദം ബാഗ്ചി പറഞ്ഞു. മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന ആക്ഷേപകരമായ ട്വീറ്റുകളും കമന്റുകളും ചില വ്യക്തികള്‍ നടത്തിയതാണ്. അവ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.
വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ ഉത്തരവാദിത്തപ്പെട്ട കക്ഷികള്‍ കര്‍ശന നടപടി സ്വീകരിച്ചു. എന്നിട്ടും ഒ.ഐ.സി സെക്രട്ടറിയേറ്റ് തെറ്റിദ്ധാരണക്കു വിധേയരായി മറ്റുള്ളവരുടെ പ്രേരണയാല്‍ മോശം പ്രതികരണങ്ങള്‍ നടത്തുന്നത് ശരിയല്ല. വിവാദ പ്രസ്താവന ഒ.ഐ.സി വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ്. നിക്ഷിപ്ത താത്പര്യം മുന്‍നിര്‍ത്തി ഭിന്നിച്ചു നിര്‍ത്താനുള്ള തന്ത്രം മാത്രമേ ഇതിലൂടെ വെളിപ്പെടൂ. ഒ.ഐ.സി സെക്രട്ടറിയേറ്റ് വര്‍ഗീയ സമീപനം അവസാനിപ്പിച്ച് എല്ലാ മതവിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ മുസ്്‌ലിംകള്‍ക്കെതിരെ നടക്കുന്ന പ്രവൃത്തികളില്‍ യു.എന്‍ ഇടപെടണം എന്നായിരുന്നു ഒ.ഐ.സിയുടെ ആവശ്യം. എന്നാല്‍, പാക്കിസ്ഥാന്റെ പ്രേരണയാണ് ഒ.ഐ.സിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങള്‍ക്ക് പിന്നിലെന്നാണ് ഇന്ത്യയുടെ വിമര്‍ശം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ ഇന്ത്യക്കെതിരേ നടത്തിയ വിമര്‍ശനത്തിനും വിദേശകാര്യ വക്താവ് മറുപടി നല്‍കി. ഇന്ത്യ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ ബഹുമാനമാണ് നല്‍കുന്നത്. എന്നാല്‍, പാക്കിസ്ഥാന്‍ ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന രാജ്യമാണ്. ഹിന്ദുക്കളും ക്രൈസ്തവരും സിഖുകാരും അഹമ്മദീയരും ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് ലോകം തന്നെ സാക്ഷിയാണെന്നും ബാഗ്ചി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്‍ ഈ അവസരത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നത്. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് അവഹേളനപരമായ പ്രസ്താവന നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്യുകയും ദല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍, നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ അടക്കം ആവശ്യം ഉന്നയിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തരമായി ഭിന്നിച്ച് ഇന്ത്യ മറ്റുള്ളവരുടെ മുന്നില്‍ ദുര്‍ബലമായി. ബി.ജെ.പിയുടെ ലജ്ജാകരമായ മതവിദ്വേഷം രാജ്യത്തെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചു എന്നും രാഹുല്‍ ആരോപിച്ചു. അതിനിടെ, നൂപുര്‍ ശര്‍മക്ക് അജ്ഞാതരില്‍നിന്നു വധഭീഷണി നേരിട്ടു എന്ന പരാതിയില്‍ ദല്‍ഹി പോലീസ് കേസെടുത്തു.
വിവാദ പ്രസ്താവനയില്‍ ഇന്ത്യ മാപ്പു പറയണമെന്നാണ് ഖത്തര്‍, ഒമാന്‍, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ഇന്ത്യയില്‍നിന്നുള്ള വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇസ്‌ലാം മതവിശ്വാസത്തെ അപഹസിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കരുതെന്നായിരുന്നു താലിബാന്റെ പ്രതികരണം.
അതിനിടെ, പ്രവാചക നിന്ദാ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് കുവൈത്തിലെ ചില പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തി. റാക്കുകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നീക്കം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യൂറോന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തു.
ഇന്ത്യയില്‍ ഭരണകക്ഷി നേതാക്കള്‍ നടത്തുന്ന പ്രവാചക നിന്ദകളിലും മുസ്‌ലിം വിദ്വേഷ പ്രചാരണത്തിലും പ്രതിഷേധിച്ച് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് കുവൈത്തിലെ അല്‍ആരിദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അടക്കമുള്ള പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്തത്. നൂറുകണക്കിന് ഇന്ത്യന്‍ അരി ചാക്കുകളും മറ്റു ഉല്‍പന്നങ്ങളും പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് മറയ്ക്കുകയും മറ്റ് ഉല്‍പന്നങ്ങള്‍ റാക്കുകളില്‍നിന്ന് എടുത്തുനീക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തിയതായി വ്യക്തമാക്കുന്ന നോട്ടീസും സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് നിര്‍ബന്ധ കടമയാണെന്ന് കുവൈത്തി പൗരന്മാര്‍ അഭിപ്രായപ്പെട്ടു.

Latest News