കാമുകനുമായുള്ള ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം, അച്ഛനും മകനുമെതിരെ കേസ്

കൊച്ചി- കാമുകനുമായുള്ള ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസികളായ അച്ഛനും മകനുമെതിരെ കേസ്. ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാണ് അച്ഛനെതിരെ കേസ്. മകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.
യുവതി 63 കാരന്റെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് മട്ടാഞ്ചേരി പോലീസ് പറഞ്ഞു.  
2019 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീയും സുഹൃത്തും തമ്മിലുള്ള സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത 63കാരന്‍ ഓഡിയോ ഫയല്‍ ഭര്‍ത്താവിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാവശ്യങ്ങള്‍ക്കായി യുവതിയെ ഭീഷണിപ്പെടുത്തുകയായിന്നു.  അച്ഛന്റെ ഫോണില്‍ നിന്ന് വോയ്‌സ് ക്ലിപ്പ് ഡിലിറ്റ് ചെയ്യാന്‍ സഹായം തേടിയാണ് യുവതി മകനെ സമീപിച്ചത്. എന്നാല്‍ വോയ്‌സ് ക്ലിപ്പ് അച്ഛന്റെ ഫോണില്‍ നിന്ന് തന്റെ ഫോണിലേക്ക് മാറ്റിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഓഡിയോ ക്ലിപ്പ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പല തവണ സ്ത്രീയെ ബലാത്സംഗം ചെയ്തതായി  പൊലീസ് പറയുന്നു. 2020ലാണ് അവസാനത്തെ സംഭവം. തുടര്‍ന്ന് ഇയാള്‍ ഓഡിയോ ക്ലിപ്പ് മൂന്നാമതൊരാള്‍ക്ക് കൈമാറി. അയാളും ഇതേരീതിയില്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സ്ത്രീ പോലീസിനെ സമീപിച്ചത്.
ഫോറന്‍സിക് പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. 63കാരന്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

 

Latest News