കൊല്ലം - 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സച്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. ഉടന്‍ തന്നെ പോലീസ് നടപടിയെടുത്തു.
2020 മുതല്‍ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ പ്രണയം നടിച്ചാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പുകയില ഉത്പന്നങ്ങള്‍ നല്‍കിയും പിന്നീട് മദ്യം നല്‍കിയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിയെ അടുത്തിടെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ലഹരിമരുന്ന് വില്‍പനക്കാരനായ സച്ചു സമാനരീതിയില്‍ മറ്റു ചില പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം.






