Sorry, you need to enable JavaScript to visit this website.

മുസ്ലിം രാഷ്ട്രങ്ങളുടെ എതിര്‍പ്പ്: ഹിന്ദുത്വ വര്‍ഗീയത നാടിന്റെ സാമ്പത്തിക കെട്ടുറപ്പും തകര്‍ക്കുന്നു-മുഖ്യമന്ത്രി

തിരുവനന്തപുരം- മുസ്ലിം സമൂഹത്തെ അപരവല്‍ക്കരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ക്കു പുറമേയാണിത്. അനേക ലക്ഷം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന നിരവധി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്താന്‍ ഇടയായിരിക്കുന്നു. ഇന്ത്യയോട്  വളരെ സൗഹാര്‍ദ്ദപൂര്‍വമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം.
ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. അതില്‍ ഏറ്റവും പുതിയ അദ്ധ്യായമാണ് കഴിഞ്ഞ ദിവസം ബി..ജെപി വക്താക്കളില്‍ നിന്നും പ്രവാചകനെതിരെയുണ്ടായ വര്‍ഗീയവിഷം ചീറ്റുന്ന അധിക്ഷേപ പ്രസ്താവനകള്‍.
പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. മുസ്ലിംകളേയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോള്‍വാള്‍ക്കര്‍ ചിന്തയാണ് ബി.ജെ.പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഓരോ പൗരനും അയാള്‍ക്ക് ഇഷ്ടമുള്ള മതങ്ങളില്‍ വിശ്വസിക്കാനുള്ള അവകാശം നല്‍കുന്ന നമ്മുടെ ഭരണഘടനയെ അവര്‍ തീര്‍ത്തും അവഗണിക്കുകയാണ്.
മറ്റൊരു മതസ്ഥന്റെ വിശ്വാസത്തേയും സംസ്‌കാരത്തേയും അവഹേളിക്കാനോ നിഷേധിക്കാനോ ഉള്ള അവകാശം ഭരണഘടന ആര്‍ക്കും നല്‍കുന്നില്ല.  നമ്മുടെ നാടിന്റെ മഹത്തായ മത നിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങള്‍ക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. അതിലുപരിയായി വര്‍ഗീയ ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ഒറ്റക്കെട്ടായ എതിര്‍പ്പ് ഉയര്‍ന്നു വരണം. നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണിത്.

 

 

 

Latest News