പോലീസ് കേസെടുത്തില്ല; പുറത്തെടുത്ത  ഭ്രൂണവുമായി ദളിത് പെണ്‍കുട്ടി 

സത്ന- പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗര്‍ഭഛിദ്രം നടത്തി പുറത്തെടുത്ത ഭ്രൂണവുമായി ദളിത് പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. നിരന്തരം ലൈംഗിക പീഡനത്തിനിരയായ  പെണ്‍കുട്ടിയുടെ പരാതി പോലീസ് അവഗണിക്കുകയായിരുന്നു.
ഏഴുമാസം മുമ്പ് കത്തിമുനയില്‍ നിര്‍ത്തിയാണ് പത്താം ക്ലാസുകാരിയെ നീരജ് പാണ്ഡെ എന്ന യുവാവ് പീഡിപ്പിച്ചത്. പിന്നീട് പലതവണ ഇതാവര്‍ത്തിച്ചു. പ്രാദേശിക പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. 
ഒടുവില്‍ കലശലായ വയറു വേദന വന്നപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. പീഡകരെ ഭയമായതിനാല്‍ എന്തു ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ബുധനാഴച അമ്മയോടൊപ്പം ഓട്ടോയില്‍ കയറി ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോള്‍ പീഡിപ്പിച്ചയാളും അയാളുടെ സഹായികളും ചേര്‍ന്ന് വഴി തടഞ്ഞു. പിന്നീട് ഇരുവരേയും ആക്രമികള്‍ ഒരു ഡോക്ടറുടെ വീട്ടിലെത്തിച്ച് നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രം നടത്തി. എല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ.

ഗര്‍ഭഛിദ്രം നടത്തിയ ശേഷം ഡോക്ടര്‍ ഭ്രൂണമെടുത്ത് ഒരു കവറിലാക്കി പെണ്‍കുട്ടിക്കു തന്നെ നല്‍കി പുഴയില്‍ എറിഞ്ഞു കളയാന്‍ പറയുകയായിരുന്നു. ശേഷം 20 രൂപ നല്‍കി അവിടെനിന്ന് ഇറക്കിവിട്ടുവെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സംഭവം പുറത്തു പറഞ്ഞാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. 
ഗത്യന്തരമില്ലാതെ ഒടുവില്‍ പുറത്തെടുത്ത ഭ്രൂണവുമായി പെണ്‍കുട്ടി പരാതി പറയാന്‍ നേരിട്ട് പോലീസ് സുപ്രണ്ടിന്റെ ഓഫീസിലെത്തുകയായിരുന്നു. പ്രതി നീരജ് പാണ്ഡെ എന്നയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി ജില്ലാ പോലീസ് സുപ്രണ്ട് രാജേഷ് ഹിങ്കര്‍ക്കര്‍ അറിയിച്ചു. 


 

Latest News