മൊബൈല്‍ ഫോണ്‍ അമിത ഉപയോഗം വിലക്കി;  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊല്ലം- മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് കൊല്ലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടയ്ക്കകം സ്വദേശി ശിവാനി (15) ആണ് മരിച്ചത്. രതീഷ് സിന്ധു ദമ്പതികളുടെ മകളാണ്.  കുട്ടി നന്നായി പാടുകയും കവിത ആലപിക്കുകയും ചെയ്തിരുന്നു. ഇത് ഫോണില്‍ റെക്കോഡ് ചെയ്യുമായിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാര്‍ വിലക്കി. ഇതേത്തുടര്‍ന്ന് കുട്ടി നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 
വിദേശത്തുള്ള അച്ഛന്‍ ഇന്നലെ വീട്ടിലേക്ക് വിളിച്ചപ്പോള്‍,  പാട്ടു പാടി ഫോണില്‍ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അച്ഛന്‍ നിര്‍ദേശിച്ചത് അനുസരിച്ച് അമ്മ ഫോണ്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷം അമ്മ ഫോണ്‍ തിരികെ വാങ്ങി. ഇതിലുള്ള മാനസിക വിഷമത്തെത്തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
 

Latest News