നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു 

കൊല്ലം- വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് 'കോളിംഗ് ബെല്‍' എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 
തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം. പിന്നീട് പദ്മരാജന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. 1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി അഭിനയച്ചിട്ടുണ്ടെങ്കിലും പൊതുവെ വില്ലന്‍ വേഷങ്ങളായിരുന്നു. 
ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ 'കൈരളി വിലാസം ലോഡ്ജ്' അടക്കം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍, തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. പ്രമീളയാണ് ഭാര്യ. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.

Latest News